തിരുവനന്തപുരം : സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ് ഐ ഇപ്പോള്‍ നടത്തുന്ന തീറ്റമത്സരവും കമ്പവേലി മത്സരവും മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
കേരളത്തില്‍ നടക്കുന്ന അഴിമതിയും യുവജന കമ്മിഷനടക്കം നടത്തുന്ന കൊള്ളകളും കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ധൈര്യം പോലും ഡിവൈഎഫ് ഐയ്ക്ക് ഇല്ല. അങ്ങോട്ട് പോയാല്‍ അവരുടെ മുട്ടിടിക്കുമെന്നും സുരേന്ദ്രന് പരിഹസിച്ചു.
യുവം പരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്.
യുവം പരിപാടിക്ക് എതിരായി ഡിവൈഎഫ് ഐ എന്തോ നടത്താന്‍ പോകുന്നതായി കേട്ടു. യുവം പരിപാടിക്ക് എതിരെ എന്തെങ്കിലും ചെയ്യുന്നതിന് പകരം പിണറായി വിജയനെ കണ്ട് ഇവിടെ നടക്കുന്ന അഴിമതി, യുവജന കമ്മീഷനടക്കം നടത്തുന്ന കൊള്ളകള്‍, കരാര്‍ നിയമനം, പിന്‍വാതില്‍ നിയമനം തുടങ്ങിയവയ്ക്കെതിരെ നിവേദനം നല്കുകയായല്ലേ വേണ്ടത്? പക്ഷെ അങ്ങോട്ട് ചെല്ലാന്‍ അവര്‍ക്ക് മുട്ടിടിക്കും. – സുരേന്ദ്രന് പറഞ്ഞു.
വിവിധ യുവജന സംഘടനകളില്‍പ്പെട്ട യുവാക്കളെ യുവം പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്. പന്ന്യന്‍ രവീന്ദ്രന്റെ മകന് മാത്രമല്ല, കടുത്ത ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ പോലും വന്ദേഭാരത് കടന്നുപോകുന്നത് പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഇവിടെ നേതാക്കന്മാര്ക്ക് മാത്രമാണ് വെപ്രാളവും വേവലാതിയും. സാധാരണ പ്രവര്‍ത്തകര്‍ക്ക് നരേന്ദ്രമോദിയാണ് നല്ലത്, നരേന്ദ്രമോദിയുടെ ഭരണമാണ് നല്ലത് എന്ന നിലപാടാണ്. – സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: