മുരളി സി.എസ്.
അട്ടപ്പാടിയിലെ ഭവാനിപ്പുഴയുടെ ഓരത്തുള്ള മുരുഗള ഊരിലെ നാലാം തരംവരെ മാത്രമുള്ള സ്‌കൂളില്‍ പോകാന്‍ പതിവുപോലെ ഇറങ്ങി നിന്ന നാലാം ക്ലാസ്സുകാരന്‍ അനന്തുവിന്റെ മനസ്സ് പക്ഷേ ആകെ കലങ്ങിമറിഞ്ഞ് കിടക്കുകയാണ്. ഇതിന്റെയെല്ലാം തുടക്കം കഴിഞ്ഞയാഴ്ച സ്‌കൂളിലേക്ക് പോകുമ്പോള്‍ കൂട്ടുകാരുടെ ഇടയില്‍ വച്ച് എല്ലാവരും കേള്‍ക്കെ അയാള്‍ ചോദിച്ച ആ ചോദ്യമാണ്. എന്നിട്ട് ഒന്നുമറിയാത്തതു പോലെ അയാള്‍ കടന്നുപോകുകയും ചെയ്തു. അന്ന് ആകെ നാണംകെട്ട് ചൂളിപ്പോയി. അയാള്‍ അച്ഛന്റെ കൂട്ടുകാരനാണ് എന്ന് അറിയാം. എന്നിട്ടും അയാള്‍ പരസ്യമായി ഇത്രയും വൃത്തികെട്ട ചോദ്യം ചോദിച്ച് കളിയാക്കിയത് അലോചിക്കുമ്പോഴേ തളരുന്നു.
ഈയാഴ്ചയിലും അയാള്‍ അത് ആവര്‍ത്തിച്ചപ്പോഴാണ് താന്‍ ഈ വിവരം വീട്ടില്‍ പറഞ്ഞത്. പക്ഷേ അമ്മ അത് ഒട്ടുമേ കാര്യമായെടുത്തില്ല. അച്ഛനാകട്ടെ അത് ചിരിച്ച് തള്ളുകയാണ് ചെയ്തത്. നമ്മുടെ ഊരിലുള്ള ബാപ്പുജി വായനശാലയിലെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള എല്ലാ പുസ്തകവും വായിച്ചിട്ടുള്ള ഒരേ ഒരാള്‍ ഇയാളാണ് എന്നും, നമ്മുടെ ഈ ഓണം കേറാ മൂലയില്‍ ഇംഗ്ലീഷില്‍ സംസാരിക്കാനറിയുന്ന ഒരേ ഒരാള്‍ ഇയാളാണെന്നും എല്ലാം പറഞ്ഞ് അച്ചന്‍ ഒരു ന്യായീകരണവും നടത്തി. അവന്‍ ഒരു കുശലം ചോദിച്ചതായിരിക്കും. നീ പഠിച്ചോ, നീ കളിച്ചോ എന്ന് ചോദിക്കുന്ന പോലെ കരുതിയാല്‍ മതി എന്ന് ഒരു ഉപദേശവും തന്നു. തന്റെ അപമാനവും അവഹേളനവും കാണാന്‍ മാത്രം ഇവിടെ ആരുമില്ല. അനന്തുവിന്റെ കൊച്ച് മനസ്സ് നീറുകയായിരുന്നു.
സ്‌കൂള്‍ യാത്രയില്‍ എന്നും കൂടെയുള്ള രോഹിതിനോടും വിവേകിനോടും ഒരു പോംവഴി ആരാഞ്ഞു. നാലാം ക്ലാസുകാരുടെ ബുദ്ധിയില്‍ എന്തു തെളിയാന്‍. സ്‌കൂളില്‍ ടീച്ചറോട് പറഞ്ഞാലോ എന്നായി അവര്‍. പക്ഷേ ഈ സംഭവം മറ്റ് കുട്ടികളറിഞ്ഞ് അവരും ഇതേ ചോദ്യം പരസ്യമായി ആവര്‍ത്തിച്ചാല്‍ അതിലും വലിയ നാണക്കേട് വേറെയില്ല.
ഊരിലെ കണ്‍ കണ്ട ദൈവമായ മൂപ്പനോട് പറയണമെങ്കില്‍ അച്ഛനോ അമ്മയോ തന്നെ പറയണം. അതാണ് ഊരിലെ നിയമം. അല്ലെങ്കില്‍ വളരെ അടുത്ത രക്ഷകര്‍ത്താക്കളായിരിക്കണം പരാതിക്കാര്‍. അവരാകട്ടെ തന്റെ വിഷമം മനസ്സിലാക്കുന്നേയില്ല എന്ന് മാത്രവുമല്ല, അവര്‍ അയാളുടെ പക്ഷത്തുമാണ് എന്ന് തോന്നുന്നു. ഊരിലെ എല്ലാവരെക്കാളും പഠിപ്പുള്ളതിനാല്‍ അയാളെ നാട്ടിലെ എല്ലാവര്‍ക്കും ആദരവുമാണ്. ഈ കളിയാക്കിയുള്ള അവഹേളനത്തില്‍ നിന്ന് രക്ഷപ്പെടുവാന്‍ ഒരു വഴിയുമില്ലെങ്കില്‍ ആരോടും പറയാതെ അടിവാരത്തുള്ള മറ്റേതെങ്കിലും ഊരിലേക്ക് ഒളിച്ചോടുകയേ ഇനി നിവൃത്തിയുള്ളൂ.
അയാള്‍ കാരണം പുറത്തിറങ്ങാന്‍ ഭയമായിരിക്കുന്നു. പക്ഷേ ക്ലാസില്‍ പോയല്ലേ പറ്റൂ. ഉച്ചഭക്ഷണമായി കിട്ടുന്ന ഉപ്പുമാവ് വലിയൊരാശ്വാസം തന്നെയാണ്. ഇന്നും അയാള്‍ വഴിയില്‍ വച്ച് തന്നെ കളിയാക്കുമോ എന്ന ആശങ്കയോടെയാണ് അനന്തു കൂട്ടുകാരുമൊത്ത് സ്‌കൂളിലേക്ക് പുറപ്പെട്ടത്. മണ്‍പാതയുടെ ഓരത്തുള്ള പനയോല മേഞ്ഞ വായനശാലയുടെയുംചായക്കടയുടെയും മുന്നില്‍ അയാള്‍ നില്‍ക്കുന്നത് ദൂരെ നിന്ന് തന്നെ അനന്തുവും കൂട്ടരും കണ്ടു. നെഞ്ചിടിപ്പും വിയര്‍പ്പും കൂടി വരുന്നത് അവന്‍ അറിഞ്ഞു. കുഴഞ്ഞു വീഴുമോ എന്ന് വരെ അവന്‍ സംശയിച്ചു. അപ്പോഴേക്കും അവര്‍ നടന്ന് അയാളുടെ മുന്നിലെത്താറായി. അയാള്‍ തന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് അനന്തുവിന് മനസ്സിലായി. അവന്‍ സര്‍വ്വ ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ത്ഥിച്ചു. അയാളുടെ അരികില്‍ എത്തിയതും അയാള്‍ വായ് തുറക്കുന്നതിനു് മുന്‍പ് തന്നെ തന്റെ സമാധാനം കളഞ്ഞ’മുള്ളിയോ’ എന്ന അതേ ചോദ്യം, വിയര്‍ത്തു വിറയാര്‍ന്ന അനന്തുവിന്റെ കൊച്ചു തൊണ്ടയിലൂടെ ആകാശത്തേക്ക് ചിതറിത്തെറിച്ച് അവിടമാകെ മുഴങ്ങി. എല്ലാവരും ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്നു.
ഒരു നിമിഷം ഇടി വെട്ടേറ്റതുപോലെ അയാള്‍ സ്തംഭിച്ചു പോയി. തികച്ചും അപ്രതീക്ഷിതമായി തന്റെ നേരെ തെറിച്ചു വന്ന ആ ചോദ്യശരമേറ്റ് അയാള്‍ ഒന്ന് പിടഞ്ഞുപോയി. മണ്‍പാതയുടെ ഓരത്തുള്ള ആ കൊച്ചു ചായക്കടയിലും വായനശാലയിലും ഉണ്ടായിരുന്നവര്‍ ഇടിമുഴക്കം പോലുള്ള ഈ ചോദ്യം കേട്ട് പരുങ്ങി നില്‍ക്കുന്ന അയാളെ നോക്കി ഉച്ചത്തില്‍ കളിയാക്കി ചിരിക്കുവാന്‍ തുടങ്ങി. അയാള്‍ മൂവര്‍ സംഘത്തെ ദയനീയമായി നോക്കി തല താഴ്‌ത്തി പതിയെ നടന്നകന്നപ്പോഴും ആളുകളുടെ ചിരിയടങ്ങിയിരുന്നില്ല. അപ്പോഴാണ് അനന്തുവിന് ശ്വാസം നേരെ വീണത്.
തന്റെ കുട്ടിപ്പട്ടാളത്തോടൊപ്പം സ്‌കൂളിലേക്ക് കാലുകള്‍ നീട്ടിവലിച്ച് നടക്കവെ ‘വിഷമങ്ങളെ നേരിടുകയാണ് അവയെ മറികടക്കാനുള്ള പോംവഴി’ എന്ന ഒരു വലിയ ജീവിത പാഠം അനന്തു പതിയെ തിരിച്ചറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: