കൊച്ചി: യുവാക്കളുടെ സ്വപ്നങ്ങള്‍ക്കു നിറംപകരാന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തുന്നതോടെ വികസന കാര്യത്തില്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ത്തന്നെ വലിയ മാറ്റം കുറിക്കുന്ന സമ്മേളനമാവും യുവം മെഗാ കോണ്‍ക്ലേവ്.
പരിപാടിയില്‍ ഒരു ലക്ഷത്തിലേറെ യുവാക്കള്‍ പങ്കെടുക്കും. ഒന്നര ലക്ഷത്തിലധികം പേര് ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. വിദേശ മലയാളികളും ഇതരസംസ്ഥാനത്തു നിന്നുള്ള മലയാളി യുവാക്കളും ഇതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന യുവജന കൂട്ടായ്മയാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇതില്‍ യുവ കര്‍ഷകര്‍, പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, യുവ സംരംഭകര്‍, ഐടി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 17നും 35നും ഇടയിലുള്ള യുവാക്കള്‍ എന്നിവരാണ് പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ വികസനമാണ് യുവം പരിപാടിയില്‍ ചര്‍ച്ചയാവുക. ജി20യുടെ അനുബന്ധമായ വൈ 20യുടെ ഭാഗമെന്ന നിലയ്ക്കാണ് യുവം പരിപാടി സംഘടിപ്പിക്കുന്നത്. യുവാക്കളുടെ ചോദ്യത്തിനും സംശയങ്ങള്‍ക്കും പ്രധാനമന്ത്രി മറുപടി പറയുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒരു മണിക്കൂറാണ് പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്നത്.
രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാളെ വൈകിട്ട് അഞ്ചിന് കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് 5.30ന് പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിക്കും. നാവിക സേനാ വിമാനത്താവളം മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളജ് ഗ്രൗണ്ട് വരെയാണ് റോഡ് ഷോ. ആറ് മണിക്ക് പ്രധാനമന്ത്രി യുവം പരിപാടിയുടെ വേദിയില്‍ എത്തും. അഞ്ചു മുതല്‍ യുവം പരിപാടി നടക്കുന്ന കോളജ് ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസി, നവ്യ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സാസ്കാരിക പരിപാടികള്‍ ആരംഭിക്കും. യുവം പരിപാടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലില്‍ താമസിക്കും. 25ന് രാവിലെ 9.25ന് കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: