അമേരിക്കന്‍ ചെസ്റ്റ് നട്ട് എന്നൊരു മരമുണ്ട്. അതിവേഗം വളരുന്ന ഒരു ഇലപൊഴിയന്‍ മരം. വടക്കു കിഴക്കെ അമേരിക്കക്കാരുടെ അഭിമാനമാണിത്. ചെസ്റ്റ് നട്ട് എന്ന കായുടെ രുചി പ്രസിദ്ധം. ഭക്ഷണം, കാലിത്തീറ്റ, മരുന്ന് എന്നീ നിലയിലൊക്കെ അറിയുന്ന അമേരിക്കന്‍ ചെസ്റ്റ് നട്ട് ഗൃഹോപകരണങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയ ഒന്നാംതരം തടിയുമാണ്.
പക്ഷേ പറഞ്ഞിട്ടെന്തു കാര്യം. അമേരിക്കന്‍ ചെസ്റ്റ് നട്ടിനെ കണികാണാന്‍ പോലും കിട്ടുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ കാടുകളിലുണ്ടായിരുന്നത് ഏതാണ്ട് 400കോടിയില്‍പ്പരം ചെസ്റ്റു നട്ടുകള്‍. അവ കാടുകള്‍ക്ക് വസന്തമായിരുന്നു. കാലികള്‍ക്ക് തീറ്റയായിരുന്നു. നാവുകള്‍ക്ക് രുചിയുടെ പര്യായമായിരുന്നു. ഗ്രാമീണരുടെ വരുമാനമായിരുന്നു. പക്ഷേ അവയൊക്കെ ഒരു നൂറ്റാണ്ടിനുള്ളില്‍ കരിഞ്ഞുണങ്ങി. മരക്കുറ്റിയില്‍നിന്ന് പൊട്ടിക്കിളിര്‍ത്തതും ഉണങ്ങി. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) അപായ പട്ടികയില്‍ അമേരിക്കന്‍ ചെസ്റ്റ് നട്ട് അതീവ ഗുരുതരമായ വംശനാശം നേരിടുന്ന വൃക്ഷമാണ് ഇന്ന്.
കാരണം ഫംഗസ് അഥവാ കുമിളിന്റെ ആക്രമണം. വരവ് പതിവിന്‍പടി ചൈനയില്‍നിന്ന്. അമേരിക്കയിലേക്ക് കടല്‍ കടന്നെത്തിയ ‘ചൈനീസ് ചെസ്റ്റ് നട്ട്’ മരങ്ങളാണ്, അമേരിക്കന്‍ മരങ്ങളുടെ അന്തകനായ ‘ക്രൈഫോ നെക്ട്രിയ പാരസെറ്റിക്ക’ എന്ന ഫംഗസിനെ നാട്ടിലെങ്ങും പരത്തിയത്. കുമിള്‍ കാട്ടു തീ പോലെ അമേരിക്കന്‍ ചെസ്റ്റ് നട്ട് കാടുകളില്‍ പടര്‍ന്നുപിടിച്ചു. മരങ്ങളുടെ പട്ടകള് വരട്ടുചൊറി ബാധിച്ചപോലെ വിണ്ടുണങ്ങി. തുടര്‍ന്ന് മരങ്ങളും കരിഞ്ഞുണങ്ങി. കര്‍ഷകര്‍ കയ്യില്‍ കിട്ടിയ കുമിള്‍ നാശിനികളൊക്കെ പ്രയോഗിച്ചെങ്കിലും അമ്പേ പരാജയപ്പെട്ടു.
സര്‍ക്കാരും സന്നദ്ധ സംഘടനകളും ചെസ്റ്റ് നട്ട് കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇല വിരിയും മുന്‍പേ അവയും കരിഞ്ഞുണങ്ങി. അമേരിക്കന്‍ ചെസ്റ്റ് നട്ട് ഫൗണ്ടേഷന് പോലുള്ള സംഘടനകളുടെ തീവ്രശ്രമവും വിജയിച്ചില്ല. അപ്പോഴാണ് ‘സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്ക് കോളജ് ഓഫ് എന്‍വയണ്‍മെന്റ് സയന്‍സ് & ഫോറസ്ട്രി’യിലെ ജനിതക ശാസ്ത്രജ്ഞന്മാര് രംഗത്തെത്തിയത്. അമേരിക്കന്‍ ചെസ്റ്റ് നട്ടിനെ ജനിതക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തിരികെ കൊണ്ടുവരാനായിരുന്നു അവരുടെ പദ്ധതി.
അമേരിക്കന്‍ ചെസ്റ്റ് നട്ടിന്റെ പാരമ്പര്യത്തിന്റെ ആധാരമായ ജിനോമില്‍ ഗോതമ്പിലെ ഒരു ജീന്‍ ആയ ‘ഓക്സലേറ്റ് ഓക്സിഡേസ്’ കയറ്റിവിടാനായിരുന്നു അവരുടെ തീരുമാനം. ചെസ്റ്റ് നട്ട് ബ്ലൈറ്റ് കുമിളുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സാലിക് ആസിഡിന്റെ അപകടകരമായ സാന്നിധ്യം ഗോതമ്പിന്റെ ജീന്‍ ഇല്ലാതാക്കും. അതോടെ ഈ കുമിളിന്റെ ആക്രമണത്തില്‍നിന്ന് മരങ്ങള്‍ എന്നന്നേക്കുമായി രക്ഷപ്പെടും. പരീക്ഷണം പ്രായോഗിക തലത്തില്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം വേണം. അനുവാദം ലഭിച്ചാല്‍, അമേരിക്കന്‍ വനങ്ങളില്‍ തിരിച്ചെത്തി നിറയുന്ന ആദ്യ ജനിതക സാങ്കേതികവിദ്യാ വൃക്ഷമെന്ന ഖ്യാതി അമേരിക്കന്‍ ചെസ്റ്റ് നട്ടിന് സ്വന്തം. തങ്ങള്‍ ഏര്‍പ്പെടുത്തിയ ജനിതക മരത്തിന് ശാസ്ത്രജ്ഞര്‍ സ്നേഹപൂര്‍വം നല്കിയ പേരാണ് ‘ഡാര്‍ലിങ് -58.’
ഡാര്‍ലിങ്ങിന്റെ വരവോടെ വിവാദങ്ങളുമെത്തി. ചെസ്റ്റ് നട്ട് ഫൗണ്ടേഷനും കൂട്ടരും ഡാര്‍ലിങ്ങിനെ ആവേശപൂര്‍വം വരവേല്‍ക്കുന്നു. തവിട്ട് കലര്‍ന്ന ചുവന്ന ചെസ്റ്റ് നട്ട് കായകള്‍ ജനജീവിതത്തിന്റെ ഭാഗമാകുമെന്ന് അവര്‍ വാദിക്കുന്നു. കരിഞ്ഞുണങ്ങിയ കാടുകളില്‍ അത് ഹരിതകാന്തി വിടര്‍ത്തുമെന്ന് വാഴ്ത്തുന്നു. പക്ഷേ ഡാര്‍ലിങ് വന്നാല്‍ കാടുമുടിയുമെന്ന് വാദിക്കുന്ന പരിസ്ഥിതി ശാസ്ത്രജ്ഞരും രംഗത്തുണ്ട്. ജനിതക മരങ്ങള്‍ പ്രകൃതിയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് അവര്‍ വാദിക്കുന്നു. ശരാശരി 200 വര്‍ഷം വരെ ആയുസ്സുള്ള ചെസ്റ്റ് നട്ട് മരങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പഠനങ്ങള്‍ വേണമെന്നും.
ജനിതക മരങ്ങള്‍ വലുതായി പൂത്തുലയുമ്പോള്‍ ചിതറിത്തെറിക്കുന്ന പരാഗരേണുക്കള്‍ ഇതര സസ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. അവ ചിത്രശലഭങ്ങളെയും തേനീച്ചകളെയും എങ്ങനെ ബാധിക്കുമെന്ന കാര്യവും നിശ്ചയമില്ല. കാടിന്റെ ജൈവവൈവിധ്യം തകരാറിലാകുമോയെന്നും ചില വന ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. ഒരു നിര്‍ദ്ദിഷ്ട രോഗാണു അഥവാ കുമിളിനെതിരെ പ്രതിരോധം തീര്‍ത്ത് വരുന്ന സസ്യങ്ങള്‍ മറ്റൊരു രോഗാണു വന്നാല്‍ ദുര്‍ബലമായിപ്പോകുമെന്ന വാദവും നിലവിലുണ്ട്. ഇതിലൊക്കെ ഉപരിയായി ഒരു വ്യവസായ താല്‍പ്പര്യം നിലവിലുള്ളതും പരിസ്ഥിതി പ്രവര്‍ത്തകരെ കുഴക്കുന്നു.
ജനിതക എഞ്ചിനീയറിങ് വഴി വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്ന ഇത്തരം മരങ്ങളുടെ ഗവേഷണത്തിനായി പണം മുടക്കുന്നത് മൊണ്‍സാന്റോ (ബെയര്‍) പോലെയുള്ള ബഹുരാഷ്ട്ര ബയോടെക് കമ്പനികളാണെന്നത് അവരെ ഭയപ്പെടുത്തുന്നു. അത്തരം കമ്പനികള്‍ക്ക് പരിസ്ഥിതിയെക്കാളും കച്ചവടത്തോട് മാത്രമാണ് താല്‍പ്പര്യം എന്നത് പൊതുജനത്തിന് നന്നായറിയാം. അതുകൊണ്ടാണ് അവര്‍ ചോദിക്കുന്നത്, ‘ഡാര്‍ലിങ് വന്നാല്‍ കാടു മുടിയുമോ?’
പക്ഷേ ഇത്തരം ആശങ്കകളൊന്നും താന്തോന്നി രാജ്യങ്ങള്‍ക്ക് പ്രശ്നമേയല്ലന്നതാണ് സത്യം. കീട-രോഗാണു ആക്രമണത്തെ ചെറുക്കുന്ന പോപ്ലാര്‍ മരങ്ങള്‍ ജനിതക മാറ്റത്തിലൂടെ ഉണ്ടാക്കിയെടുത്ത് ചൈന കൃഷിയിടങ്ങളിലെത്തിച്ചത് രണ്ട് പതിറ്റാണ്ട് മുന്‍പാണ്. അത്തരം മരങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനും
അപ്പോള്‍ത്തന്നെ അവര്‍ അനുവാദം നല്കി. ജനിതക മാറ്റം വരുത്തിയ യൂക്കാലിപ്റ്റസും ഒരുതരം പൈന്‍ മരങ്ങളും കൃഷി ചെയ്യാന്‍ ഏതാനും വര്‍ഷം മുന്‍പ് അമേരിക്കയും ബ്രസീലുമൊക്കെ അനുവദിച്ചെങ്കിലും വിവിധ കാരണങ്ങളാല്‍ നടന്നില്ല എന്നത് ചരിത്രം. റബര്‍ ഗവേഷണ കേന്ദ്രം ജനിതക എഞ്ചിനീയറിങ്ങിലൂടെ രൂപപ്പെടുത്തിയ റബര്‍ ചെടികള്‍ക്ക് കേരള സംസ്ഥാനം അനുവാദം നിഷേധിച്ചതും നമുക്ക് മറക്കാറായിട്ടില്ല.
പക്ഷേ എല്ലാവര്ക്കും ഇതൊരു പ്രശ്നമല്ലായെന്നാണ് യൂറോപ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ നിന്നുള്ള വര്‍ത്തമാനങ്ങള്‍ സൂചിപ്പിക്കുന്നത്. തെക്കന്‍ ജോര്‍ജിയയിലെ പൈന്മര കാടുകളില്‍ ജനിതക മാറ്റം വരുത്തിയ പോപ്ലാര്‍ മരങ്ങള്‍ വ്യാപകമായി നടുന്നതായി 2023 ഫെബ്രുവരി 16 ന് ന്യൂ
യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗവേഷണത്തിന്റെ ഭാഗമായാണത്രേ ഈ ചെടി നടല്‍. സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ‘ലിവിങ് കാര്‍ബണ്‍’ എന്ന ബഹുരാഷ്ട്ര ബയോടെക് കമ്പനിയാണ് ഈ കൃത്രിമ പോപ്ലാര്‍ മരങ്ങളുടെ ജനയിതാവ്. തങ്ങളുടെ ജനിതകമാറ്റം വരുത്തിയ പോപ്ലാര്‍ മരങ്ങള്‍ അന്തരീക്ഷത്തില്‍നിന്ന് ഒരുപാട് കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുമെന്നും അങ്ങനെ കാലാവസ്ഥാ മാറ്റത്തെ തടയുമെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് മാഡിഹാള്‍ അവകാശപ്പെടുന്നു. വേണ്ടത്ര പഠനങ്ങള്‍ നടത്താതെയുള്ള ഈ എടുത്തുചാട്ടം കാടിന്റെ ജൈവ വൈവിധ്യത്തിനു തന്നെ ഭീഷണിയാവുമെന്ന് ഗ്ലോബല്‍ ജസ്റ്റിസ് ഇക്കോളജി പ്രോജക്ട് എന്ന പരിസ്ഥിതി സംഘടന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
മിഷന് ഹരിയാലി
നളന്ദയിലെ പച്ചപ്പിനെ തിരിച്ചുപിടിക്കാനിറങ്ങിയ നുര്‍സരായിയിലെ രാജീവ് രഞ്ജന്‍ ഭാരതിയുടെ വിജയകഥയുടെ പേരാണ് ‘മിഷന് ഹരിയാലി.’ ജന പ്രതിനിധികളും പഞ്ചായത്തുകളുമൊക്കെ കയ്യൊഴിഞ്ഞപ്പോള്‍ രാജീവ് രഞ്ജന്‍ സ്വയം മുന്നിട്ടിറങ്ങി. സൗജന്യ വൃക്ഷത്തൈ വിതരണം, പരിപാ
ലനം, ബോധവല്‍ക്കരണം എന്നിങ്ങനെ നിരവധി പരിപാടികള്‍. 2016 ല്‍ തുടങ്ങിയ മിഷന് 2023 ല്‍ എത്തുമ്പോഴേക്ക് രാജീവും കൂട്ടുകാരും മണ്ണിലെത്തിച്ചത് പത്തുലക്ഷത്തില്‍പ്പരം വൃക്ഷത്തൈകള്‍..!!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: