തൃശൂര്‍: ചുമട്ടുതൊഴിലാളിയായ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ആ തൊഴില്‍ അഭിമാനത്തോടെ ഏറ്റെടുത്ത് ഭാര്യയായ ലക്ഷ്മി. ബിഎംഎസ് തൃശ്ശൂർ മേഖലയിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് ജിനേഷ് മരണപ്പെട്ടതോടെയാണ് ഭാര്യയായ ലക്ഷ്മി അതേ പാതയില്‍ ചുവടുവെയ്ക്കുന്നത്.
ബിഎംഎസ് തൊഴിലാളിയായി കാവി യൂണിഫോമില്‍ ലക്ഷ്മി ചുമടെടുക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി. ആദ്യമായി ചുമടെടുക്കുന്ന ലക്ഷ്മിക്ക് എങ്ങിനെയാണ് ചരക്ക് കൈകാര്യം ചെയ്യേണ്ടതെന്ന നിർദ്ദേശങ്ങൾ നൽകുന്നതും വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്. ലക്ഷ്മിയ്ക്ക് അഭിനന്ദനങ്ങളും അനുമോദനങ്ങളും ചൊരിഞ്ഞ് നിരവധിപേരാണ് രംഗത്തുള്ളത്.
എല്ലാ തൊഴിൽ മേഖലയിലും സ്ത്രീകൾക്ക് കടന്നു ചെല്ലാൻ സാധിക്കുമെന്നത് ലക്ഷ്മി തെളിയിച്ചെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആശമോൾ പറഞ്ഞു.സ്ത്രീകള്‍ കടന്നുവരാത്ത മേഖലയിലേക്ക് ധൈര്യപൂര്‍വ്വമാണ് ലക്ഷ്മി ചുവടുവെയ്ക്കുന്നത്. ബിഎംഎസ് തൃശ്ശൂർ മേഖല 23 ബി പൂളിലാണ് ലക്ഷ്മി പണിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: