ശിവഗിരി : ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശിവഗിരി മഠത്തിന്റെ പ്രഥമ ശ്രീനാരായണ സമഗ്ര സംഭാവന പുരസ്കാരത്തിന് പ്രമുഖ ചരിത്രകാരന് ജി. പ്രിയദര്ശനന് അര്‍ഹനായി. ഒരുലക്ഷത്തി പതിനോരായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്നതാണ് ഈ പുരസ്കാരം. ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തിന്റെ ഭാഗമായി ശാരദാ പ്രതിഷ്ഠാദിനമായ മേയ് 5 ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തില്‍ പുരസ്കാരം നല്‍കുന്നതാണ്.
അദ്ധ്യാപകനും, സാഹിത്യകാരനും ഗവേഷകനുമായ പ്രിയദര്ശനന് ഗുരുദേവചരിത്രത്തില്‍ മറയപ്പെട്ടുപോയ ഒട്ടേറെ സംഭവങ്ങള്‍ കണ്ടെത്തി വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവ സാഹിത്യ മേഖലയില്‍ ഒട്ടേറെ പഠനങ്ങളും ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇന്നും ഈ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം വര്‍ക്കലക്കടുത്ത് പേരേറ്റില്‍ സ്വദേശിയാണ്. 1960 – ല്‍ അദ്ധ്യാപനരംഗത്തും 1985 – ല്‍ മലയാളമനോരമയിലും പ്രവേശിച്ച പ്രിയദര്ശനന് 1980 – 81 കാലത്ത് കേരളസാഹിത്യ അക്കാദമി റിസര്‍ച്ച് സ്കോളറായിരുന്നു. 1992 മുതല്‍ 95 വരെ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റായും യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള മീഡിയ അക്കാദമി പുരസ്കാരം, പൂര്‍ണ്ണ എഡ്യൂക്കേഷന്‍ അവാര്‍ഡ്, എം.കെ രാഘവന് വക്കീല്‍ പുരസ്കാരം, പന്തളം കേരളവര്‍മ്മ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇതിനകം ഇദ്ദേഹം നേടിയിട്ടുണ്ട്. പ്രിയദര്ശനന് എഡിറ്റു ചെയ്തു എസ്.എന്‍.ഡി. പി. യോഗം പ്രസാധനം ചെയ്ത ഗുരുദേവ കൃതികള്‍ അഭിനന്ദനങ്ങള്‍ പിടിച്ചു പറ്റിയിരുന്നു.
ശ്രീനാരായണ ഗുരു ആന്തോളജി, മലയാള പത്രപ്രവര്‍ത്തന പ്രാരംഭ സൗഷ്ടവം, സഹോദരന് അയ്യപ്പന് – പ്രക്ഷോപകാരിയായ പത്രപ്രവര്ത്തകന്, മായാത്ത മുദ്ര – കെ.സി കമ്മന് മാപ്പിളയുടെ പത്രാധിപ ജീവിതം, ശ്രീനാരായണഗുരു സുവര്ണ്ണരേഖകള്, ആശാന്റെ അറിയപ്പെടാത്ത മുഖങ്ങള്‍, ആശാന് പഠനങ്ങള്‍, ഭഗവാന് ബുദ്ധന്, ശ്രീനാരായണഗുരു ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍, ശ്രീനാരായണഗുരു സര്‍വ്വലോകാനുരൂപന്‍, ശ്രീനാരായണഗുരു ദിവ്യസ്മരണകള്‍, ശ്രീനാരായണഗുരു പ്രസ്ഥാനവും മലയാളമനോരമയും, എസ്.എന്‍.ഡി.പി യോഗം പ്ലാറ്റിനം ജൂബിലി സ്മാരകഗ്രന്ഥം, എസ്.എന്‍.ഡി. പി. യോഗം നവതി സ്മാരക ഗ്രന്ഥം, യോഗനാദം വിശേഷാല്‍ പതിപ്പ് തുടങ്ങി നിരവധി കൃതികള്‍ രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഈ പുരസ്കാരം മൂന്ന് വര്‍ഷത്തിലൊരിക്കല്‍ വീതം നല്‍കുമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ശ്രീമദ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശ്രീമദ് ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: