Categories: Kerala

ഇസ്ലാമിക മതമൗലികവാദ ഭീഷണി; വിശ്വാസം പ്രഖ്യാപിച്ച്‌ 1000 കുരിശുമായി നഗരപ്രദക്ഷിണം; അരുവിത്തുറ പള്ളിയുടെ ചരിത്രത്തിലാദ്യം

അരുവിത്തുറ എന്ന പേര് ഉപയോഗിക്കരുതെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ആഹ്വാനത്തിനും ബിഷപ്പ് ഹൗസിലേക്ക് അവര്‍ നടത്തിയ പ്രകടത്തിനുമുള്ള മറുപടിയാകും അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന പ്രദക്ഷിണം

Published by

കോട്ടയം: കേരളത്തിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയങ്ങളിലൊന്നായ അരുവിത്തുറ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച ചരിത്രത്തിലാദ്യമായി നഗരപ്രദക്ഷിണം നടക്കുമ്പോള്‍ അത് ഇസ്ലാമിക മതമൗലിക വാദ ഭീഷണിയുടെ മറുപടിയായി മാറും. ശനിയാഴ്ച വൈകിട്ട് പള്ളിയിലെ 101 പൊന്‍കുരിശിനൊപ്പം പേട്ട, പാലാ, അരിവിത്തുറ മേഖലകളിലെ മറ്റ് പള്ളികളിലെ ഉള്‍പ്പെടെ ആയിരം കുരിശുമായിട്ടാണ് വിശ്വാസികള്‍ നഗര പ്രദക്ഷിണം ചെയ്യുക. അരുവിത്തുറ എന്ന പേര് ഉപയോഗിക്കരുതെന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ആഹ്വാനത്തിനും ബിഷപ്പ് ഹൗസിലേക്ക് അവര്‍ നടത്തിയ പ്രകടത്തിനുമുള്ള മറുപടിയാകും അരലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന പ്രദക്ഷിണം.

രണ്ടായിരത്തോളം വര്‍ഷമായി കോട്ടയം ജില്ലയിലെ അരുവിത്തുറ പ്രദേശത്ത് ക്രൈസ്തവര്‍ ജീവിക്കുന്നതാണ്. വി.ഗീവര്‍ഗ്ഗീസിന്റെ നാമത്തിലുള്ള അരുവിത്തുറ പള്ളി പ്രമുഖ തീര്‍ത്ഥാടന കേന്ദ്രവുമാണ്. ഈരാറ്റുപേട്ട നഗരസഭയുടെ ഭാഗമാണെങ്കിലും ഈരാറ്റുപേട്ടയും അരുവിത്തുറയും രണ്ടു സ്ഥലങ്ങളായിതന്നെയാണ് നിന്നത്. അരുവിത്തുറയിലും ഈരാറ്റുപേട്ടയിലും പ്രത്യേകം പോസ്റ്റ് ഓഫീസുകളും പോസ്റ്റ് ഓഫീസുകള്‍ക്ക് വ്യത്യസ്ത പിന്‍കോഡുകളും ഉണ്ട്. ഈരാറ്റുപേട്ട മുസ്ലീം മതമൗലിക കേന്ദ്രമാകുകയും നഗരസഭ അധികാരം കൈക്കലാക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. അരുവിത്തുറ എന്ന സ്ഥലം ഇല്ലന്ന രീതിയില്‍ പ്രചരണം ഉണ്ടായി.

ആധാര്‍ കാര്‍ഡ് ഇറങ്ങിയ കാലത്ത് അരുവിത്തുറ പോസ്റ്റ് ഓഫിസിന് കീഴില്‍ ഉള്ളവരുടെ അഡ്രസ്സില്‍ അരുവിത്തുറ എന്ന് വന്നതിന്റെ പേരില്‍ പ്രദേശത്ത് വലിയ കലാപം ഉണ്ടായി. ക്രൈസ്തവരുടെ ഉടമസ്ഥതയില്‍ ഉള്ള അരുവിത്തുറയിലെ പല കടകളുടെയും ബോര്‍ഡുകള്‍ ആധാര്‍ കലാപത്തില്‍ തല്ലി തകര്‍ത്തു. സമീപ കാലത്ത് അരുവിത്തുറയിലും ഈരാറ്റു പേട്ടയിലും കുടിയേറിയ ചില തീവ്ര വാദികള്‍ പ്രദേശത്തെ ‘പാക്കിസ്ഥാന്‍ ‘ആക്കി മാറ്റാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നു. അരുവിത്തുറയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷത്തെ അടിച്ചമര്‍ത്തി തങ്ങളുെട ആധിപത്യം സ്ഥാപിക്കാന്‍ ഇസ്ലാമിസ്റ്റുകള്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.

അരുവിത്തുറ എന്ന സ്ഥലം ഇല്ല, അരുവിത്തുറ എന്ന പേര് പോസ്റ്ററില്‍ ഉണ്ടെങ്കില്‍ വാര്‍ഡ് ഗ്രൂപ്പില്‍ വിവരം ഷെയര്‍ ചെയ്യില്ല, ഈരാറ്റുപേട്ട ആണെങ്കില്‍ ഷെയര്‍ ചെയ്യാം എന്ന ഈരാറ്റുപേട്ട നഗരസഭ കൗണ്‍സിലറും സിപിഎം നേതാവുമായ അനസിന്റെ ഫോണ്‍ സംഭാഷണം ഏറെ ചര്‍ച്ചയായി. പാലാ കിഴതടിയൂര്‍ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയില്‍ ഉള്ള അരുവിത്തുറയിലെ കിസ്‌കോ ലാബില്‍ വന്ധ്യത ഉള്ളവര്‍ക്ക് വേണ്ടി നടത്തുന്ന സെമിനാറിനെ കുറിച്ച് സംസാരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തക വിളിച്ചപ്പോളാണ് അരുവിത്തുറ എന്ന പേര് പോസ്റ്ററില്‍ ഉണ്ടെങ്കില്‍ വാര്‍ഡ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യില്ല എന്ന് കൗണ്‍സിലര്‍ പറഞ്ഞത്.

അരുവിത്തുറയോട് ഈരാറ്റുപേട്ടയിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് വിരോധം ഉണ്ടാകാന്‍ കാരണമുണ്ട്. ഈരാറ്റുപേട്ട നഗരസഭയിലെ 28 കൗണ്‍സിലര്‍മാരില്‍ ഏക ക്രിസ്ത്യന്‍ അംഗം അരുവിത്തുറയില്‍ നിന്നും ജയിച്ച കേരള കോണ്‍ഗ്രസ് എം പ്രതിനിധി ലീലാ ജെയിംസ് ആണ്. സിപിഎമ്മിനും കോണ്‍ഗ്രസിനും പ്രതിനിധി ഉണ്ടെങ്കിലും മുഴുവന്‍ പേരും മുസ്ലീം രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നവര്‍. 26 കൗണ്‍സിലര്‍മാര്‍ മുസ്ലീങ്ങളും ഒരു പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളുമാണുള്ളത്. പട്ടികജാതി സംവരണ സീറ്റില്‍ ജയിച്ച സുനില്‍ കുമാര്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു. മുസ്‌ളിം ലീഗ് ഭരിക്കുന്ന നഗരസഭയില്‍ എസ്ഡിപിഐക്ക് 5 പ്രതിനിധികളുണ്ട്.

സമീപ പ്രദേശത്തെ ക്രൈസ്തവര്‍ ഈരാറ്റുപേട്ടക്കാരുടെ കടകള്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇടയലേഖനം എഴുതിയാണ് സ്ഥിതി ശാന്തമാക്കിയത്. ക്രൈസ്തവരുടെ ഇടയില്‍ മുസ്ലിം വിരുദ്ധത ഉണ്ടാകാതിരിക്കാനായി ഇടയലേഖനം എഴുതിയ ബിഷപ്പിനു തന്നെ ഇസ്ലാമിസ്റ്റുകളുടെ ശല്യം സകല പരിധിയും കടന്നപ്പോള്‍ പ്രതികരിക്കേണ്ടി വന്നു. ലൗ ജിഹാദിനു പുറമെ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞതിനെതിരെ ഇസ്ലാമിക മതമൗലിക വാദികള്‍ ഉറഞ്ഞു തുള്ളി.

ഉള്ളിലുള്ള ദൈവവിശ്വാസം പ്രഖ്യാപിക്കുന്നതിനും മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്‍കുന്നതിനു വേണ്ടിയാണ് ഈ നഗരപ്രദക്ഷിണം സംഘടിപ്പിക്കുന്നത് എന്നാണ് പറയുന്നതെങ്കിലും പോപ്പുലര്‍ ഫ്രണ്ടിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി എടുത്തതും മാറിയ സാഹചര്യങ്ങളുമാണ് കാരണം എന്നതാണ് യാഥാര്‍ത്ഥ്യം. അരുവിത്തുറ പള്ളിയില്‍ നിന്ന് ഈരാറ്റുപേട്ട ചുറ്റി വടക്കേക്കര കുരിശുപള്ളിയില്‍ എത്തി തിരിച്ച് പള്ളിയില്‍ എത്തുന്ന രീതിയിലാണ് പ്രദക്ഷിണം ക്രമികരിച്ചിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക