കുരുടന്‍ ആനയെ കണ്ടതുപോലെയാണ് എഐ ക്യാമറയെ കുറിച്ച് അധികാരികളും അവരെ ഉദ്ധരിച്ച് മാധ്യമങ്ങളും വിശദീകരിക്കുന്നത്. ട്രാഫിക് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസ് അടക്കമുള്ളവര്‍, എഐ ക്യാമറ പദ്ധതിയെക്കുറിച്ച് യാതൊരു അടിസ്ഥാന ബോധവുമില്ലാതെ ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് തള്ളിവിടുന്നത്. പത്രങ്ങളിലും ടിവി ചാനലുകളിലും വരുന്ന വാര്‍ത്തകളില്‍ പകുതിയില്‍ അധികവും പമ്പര വിഡ്ഢിത്തവും വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്തതാണ്.
കേരളത്തിലെ 726 എഐ ക്യാമറകളില്‍ കൊല്ലം ബൈപ്പാസിലെ ഒരു യൂണിറ്റും തിരുവനന്തപുരം ബൈപ്പാസിലെ ഒരു യൂണിറ്റും ഒഴികെ ബാക്കി ഒരു ക്യാമറയും ഓവര്‍ സ്പീഡ് പിടിക്കാനുള്ള ക്യാമറകള്‍ അല്ല. എഐ ക്യാമറകളില്‍ കാറിന്റെ സെക്കന്‍ഡ് റോയില്‍ ഇരിക്കുന്നവരുടെ വരെ ചിത്രം ലഭ്യമാകും എന്നുള്ളത് നുണയാണ്. അത്തരം ഒരു ടെക്‌നോളജി ലോകത്തില്ല. പിന്‍സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ അതു കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഈ ക്യാമറയിലും ഇല്ല.
ലൈന്‍ ട്രാഫിക് തെറ്റിക്കുന്നവരെ ഈ ക്യാമറകള്‍ ഉപയോഗിച്ച് പിടിക്കാം. പക്ഷേ കേരളത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ക്യാമറകളില്‍ ലൈന്‍ ട്രാഫിക് പിടിക്കാനുള്ള സങ്കേതങ്ങള്‍ സര്‍ക്കാര്‍ നല്‍കിയ പര്‍ച്ചേസ് ഓര്‍ഡറില്‍ ഇല്ല. അതിനാല്‍ ഈ ക്യാമറകള്‍ ഉപയോഗിച്ച് ലൈന്‍ ട്രാഫിക് തെറ്റിച്ച് വണ്ടിയോടിക്കുന്നത് പിടിക്കാനാകില്ല.
അമിത വേഗത പിടിക്കുന്നത് കേരളത്തില്‍ സ്‌പോട്ട് എന്‍ഫോഴ്‌സ്‌മെന്റ് എന്ന രീതിയിലാണ്. അതായത് മുന്‍പ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍, വാഹനം കടന്നുപോകുന്ന നിശ്ചിത സ്ഥലത്തും സമയത്തും അമിതവേഗതയിലാണെങ്കില്‍ പിടിക്കപ്പെടും. കേരള പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും ഇത്തരം ക്യാമറകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളത്തിലാകമാനം സ്ഥാപിച്ചിട്ടുണ്ട്. അതില്‍ ഗ്യാരണ്ടി കഴിഞ്ഞതും, സര്‍ക്കാരിന് പണമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്താത്തതും ഒഴികെ ബാക്കി ക്യാമറകളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നതാണ്.
ക്യാമറ ഒന്നില്‍ നിന്നും ക്യാമറ രണ്ടിലേക്ക് ഒരു വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കി ശരാശരി സ്പീഡ് പിടിക്കാന്‍ ഇപ്പോള്‍ പിടിപ്പിച്ച ക്യാമറകള്‍ക്ക് സാധിക്കുമെങ്കിലും അതിനുവേണ്ട സങ്കേതങ്ങള്‍ ഗതാഗത വകുപ്പ് വാങ്ങിയിട്ടില്ല. അതിനാല്‍ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകള്‍ ഉപയോഗിച്ച് അമിതവേഗം കണ്ടെത്തി നടപടി സ്വീകരിക്കാനാകില്ല. അമിത വേഗത്തിന് നടപടി സ്വീകരിക്കുന്നുണ്ടെങ്കില്‍ റോഡുകളില്‍ അനുവദനീയമായ വേഗത സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം എന്നുണ്ട്. ഓവര്‍ സ്പീഡ് ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇത്തരം ബോര്‍ഡുകള്‍ ഒന്നും സ്ഥാപിക്കാത്തത്. അതുകൊണ്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍, ഒന്നുകില്‍ ഈ സംവിധാനം എന്താണെന്ന് മനസ്സിലാക്കുക. അതല്ലെങ്കില്‍ പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസിന്റെ ഓഫീസിലെ ഏതെങ്കിലും ഒരു വ്യക്തി, ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ചെങ്കിലും ഈ പ്രൊജക്ട് എന്താണെന്ന് പഠിക്കണം.
കോടികള്‍ ചെലവാക്കി ഒന്നര വര്‍ഷം മുമ്പേ പൂര്‍ത്തീകരിക്കുകയും ഇപ്പോള്‍ മാത്രം സ്ഥാപിക്കുകയും ചെയ്യുന്ന ഈ പദ്ധതി മനസ്സിലാക്കുവാന്‍ വേണ്ടി അരമണിക്കൂര്‍ പോലും സമയം ചെലവഴിക്കാത്ത ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ തള്ള് കേട്ടപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യമാണ് ഓര്‍മ്മ വന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല.
ഇതിവിടെ എഴുതാന്‍ കാരണം, നാളെ സംസ്ഥാനത്ത് എന്തെങ്കിലും ഒരു ക്രിമിനല്‍ സംഭവം ഉണ്ടായിക്കഴിഞ്ഞതിനുശേഷം തെളിവുകള്‍ തേടി ഈ ക്യാമറകള്‍ പരിശോധിക്കുമ്പോള്‍ യാതൊരു വിവരവും ലഭിക്കാതിരുന്നാല്‍ ഒരു നല്ല പദ്ധതിയെ പഴിപറയാനതു കാരണമാകും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ പോലെ ഉത്തരവാദിത്വമുള്ളവര്‍ തെളിവു വിവരങ്ങള്‍ ക്യാമറയില്‍ ലഭ്യമാണ് എന്ന് പറയുകയും പരിശോധിക്കുമ്പോള്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: