ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടന്ന് ലോകത്ത് ഒന്നാമതെത്തി എന്ന ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട് സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ ജനസംഖ്യാ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണെങ്കില്‍ ചൈനയുടേത് 142.57 കോടിയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം 29 ലക്ഷം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഒന്നര ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ത്യയിലുണ്ടായിരിക്കുന്നതെന്നും, ജനസംഖ്യയിലെ മൂന്നില്‍ രണ്ടു ഭാഗവും 15-64 പ്രായപരിധിയിലുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ജനസംഖ്യാ വര്‍ധന എന്താണ് ഇന്ത്യയ്ക്കും ലോകത്തിനും നല്കുന്ന സന്ദേശമെന്ന കാര്യത്തില്‍ വരുംനാളുകളില്‍ വലിയ ചര്‍ച്ചകള്‍ നടക്കാനിടയുണ്ട്. ലോകരാജ്യങ്ങളിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായി മാറാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ മനുഷ്യവിഭവം സഹായകമാവുമോ, അതോ വര്‍ധിച്ചുവരുന്ന ജനസംഖ്യ വിഭവ ദാരിദ്ര്യം സൃഷ്ടിക്കുമോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാലം കുറെയായി. ജനസംഖ്യാ വര്‍ധന രാജ്യത്തിന് ഗുണകരമാവുമെന്ന് ഒരു വിഭാഗം ചിന്തിക്കുമ്പോള്‍ അത് ബാധ്യതയാവുമെന്ന് മറ്റൊരു വിഭാഗം കരുതുന്നു. രണ്ട് വാദഗതികളെയും സാധൂകരിക്കുന്ന നിഗമനങ്ങള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നതിനെക്കാള്‍ അര്‍ത്ഥതലങ്ങള്‍ ജനസംഖ്യാ വര്‍ധനയിലുണ്ട്. വ്യത്യസ്ത കാഴ്ചപ്പാടിന്റെ പ്രശ്നം മാത്രമല്ല ഇത്. സാമൂഹ്യവും മതപരവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികമായുമൊക്കെയായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒന്നാണ് ജനസംഖ്യാ വിസ്ഫോടനമെന്ന സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.
ജനസംഖ്യാ വര്‍ധനയെ ശാസ്ത്രീയമായാണ് പൊതുവെ സമീപിക്കുന്നതെങ്കിലും അതു സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ നടക്കാറില്ല. ഇംഗ്ലീഷ് പണ്ഡിതനായ മാല്‍ത്തൂസിനെപ്പോലുള്ളവര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ജനസംഖ്യ വളരുന്നതിനനുസരിച്ച് വിഭവങ്ങള്‍ വര്‍ധിക്കുന്നില്ല എന്നത് ഒരു പൊതുതത്വവും സാമാന്യ അനുഭവവുമാണ്. ജനസംഖ്യയുടെ അമിതമായ വര്‍ധന വിഭവദാരിദ്ര്യം സൃഷ്ടിക്കുകയും വികസനാസൂത്രണത്തെ താളം തെറ്റിക്കുകയും ചെയ്യും. ഇതിനാല്‍ ജനപ്പെരുപ്പം നിയന്ത്രിക്കാനും കുറച്ചുകൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്നുണ്ട്. കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യ കുറച്ചുകൊണ്ടുവരികയെന്നത് പതിറ്റാണ്ടുകളായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. പക്ഷേ പല കാരണങ്ങള്‍കൊണ്ടും ഇക്കാര്യത്തില്‍ ആശാവഹമായ പുരോഗതി നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. രാജ്യത്തിന്റെ പുരോഗതിയെയും സാമൂഹ്യക്ഷേമത്തെയും മുന്‍നിര്‍ത്തി ജനങ്ങളില്‍ ഒരു വിഭാഗം കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വമേധയാ സ്വീകരിക്കുമ്പോള്‍ മറ്റൊരു വിഭാഗം അതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ്. ജനസംഖ്യയിലുള്ള വര്‍ധന രാഷ്ട്രീയമായി വിലപേശുന്നതിനും അധികാരത്തെ നിയന്ത്രിക്കുന്നതിനുമൊക്കെയുള്ള ഉപാധിയായി മാറ്റുന്നവരാണ് രണ്ടാമത്തെ വിഭാഗം. വിഭവദാരിദ്ര്യവും വികസനവുമൊന്നും ഇവരുടെ പ്രശ്നങ്ങളേയല്ല. ജനസംഖ്യയെ മുന്‍നിര്‍ത്തിയുള്ള വെല്ലുവിളികളും വിഘടനവാദ ഭീഷണികളും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വീണ്ടും ഉയരുകയാണ്. ജനസംഖ്യയുടെ കണക്കുവെച്ചാണ് ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിച്ചതെന്ന കാര്യം കാണാതിരുന്നിട്ടു കാര്യമില്ല. ഇത്തരം അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ചില ശക്തികള്‍ ഇപ്പോഴും സജീവമാണ്.
ലോകജനസംഖ്യ ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കണക്കില്‍ വര്‍ധനയുടെ തോതനുസരിച്ച് 2030 ല്‍ ലോകത്തെ ജനസംഖ്യ 852 കോടിയും 2050 ല്‍ 950 കോടിയും 2100 ല്‍ 1000 കോടിയും കവിയുമെന്നുമാണ് ഒരു കണക്ക്. അന്നത്തെ ലോകം ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇപ്പോള്‍ നമുക്ക് പറയാനാവില്ല. പക്ഷേ ജനസംഖ്യാ വര്‍ധനയ്ക്കനുസരിച്ച് വിഭവങ്ങള്‍ ശരിയായി പങ്കുവയ്ക്കാന്‍ കഴിയാതിരുന്നാല്‍ വലിയ സംഘര്‍ഷമായിരിക്കും ഫലം. ഇന്ത്യ പോലുള്ള ചില രാജ്യങ്ങള്‍ സാക്ഷ്യംവഹിക്കുന്നത് ജനസംഖ്യാ വിസ്ഫോടനത്തിനാണ്. ചിലര്‍ ഇതിനെ ഒരു ടൈംബോംബിനോടാണ് ഉപമിക്കുന്നത്. ജനപ്പെരുപ്പം നിയന്ത്രിക്കേണ്ടത് ആവശ്യമായിരിക്കുമ്പോള്‍തന്നെ അത് ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുമെന്ന ആശങ്ക ചിലര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. രാജ്യത്തെ പൗരന്മാരുടെ പൊതുവായ ജനസംഖ്യ കുറയുകയും ഏതെങ്കിലുമൊരു വിഭാഗത്തിന്റേത് കൂടുകയും ചെയ്യുന്നത് രാജ്യത്തിന്റെ ഭൂപരമായ ഐക്യത്തെപ്പോലും ബാധിക്കും. ഇതിനെതിരെ വലിയ ബോധവല്‍ക്കരണവും ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളും ആവശ്യമാണ്. കേരളം, അസം പോലുള്ള കൊച്ചു സംസ്ഥാനങ്ങള്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ പല പ്രശ്നങ്ങളും ഇപ്പോള്‍തന്നെ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കുപോലും ഇവിടെ വിലക്കുവരുന്നു. കേവലമായ വസ്തുതകള്‍ പറയുന്നതുപോലും നിരുത്സാഹപ്പെടുത്തുന്നു. ഈ സ്ഥിതി മാറണം. ജനസംഖ്യാ വിസ്ഫോടനത്തിന്റെ പ്രശ്നങ്ങളും അസന്തുലിതാവസ്ഥയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: