തിരുവനന്തപുരം: ഹിന്ദു ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ അനന്തപുരി ഹിന്ദു മഹാസമ്മേളനം 21 മുതല്‍ 25 വരെ സ്വാമി സത്യാനന്ദ സരസ്വതിനഗര്‍ (പുത്തരിക്കണ്ടം മൈതാനിയില്‍) നടക്കും. ‘നാരീശക്തി രാഷ്‌ട്ര പുനര്‍നിര്‍മാണത്തിന്’ എന്ന് മുദ്രാവാക്യം ഉയര്‍ത്തുന്ന സമ്മേളനത്തില്‍ സ്ത്രീശാക്തീകരണത്തിനുള്ള വിവിധ പരിപാടികളും ചര്‍ച്ച ചെയ്യും.
20ന് വൈകിട്ട് 5ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആയിരക്കണക്കിന് വനിതകള്‍ സഹസ്രദീപപ്രോജ്വലനം നടത്തും. ശ്രീപദ്മനാഭസ്വാമിക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂര്‍ രാജകുടുംബാംഗം ആദിത്യവര്‍മ, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ അധ്യാത്മിക, സാമുദായിക സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുക്കും. 21ന് രാവിലെ സമ്മേളനനഗരിയിലെ സംന്യാസസംഗമത്തില്‍ ശബരിമല മുന്‍മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗായത്രിഹോമം.
വൈകിട്ട് 4.30ന് ഉദ്ഘാടന സമ്മേളനത്തില്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൗരി പാര്‍വതീഭായി ഭദ്രദീപം തെളിക്കും. കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സുകുമാരാനന്ദ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.
മുന്‍ എംഎല്‍എ ഒ. രാജഗോപാല്‍, മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍, കാലടി ബോധാനന്ദാശ്രമം സ്വാമി ഹരിഹരാനന്ദ, മേനക സുരേഷ്, ലളിതാ കസ്തൂരി, സി.കെ. കുഞ്ഞ്, നാരീശക്തി ചെയര്‍പേഴ്‌സണ്‍ ജയശ്രീ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ‘പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ രാമസിംഹനെ(അലിഅക്ബര്‍) ആദരിക്കും.
എല്ലാദിവസവും വൈകിട്ട് അഞ്ചിന് പൊതുസമ്മേളനങ്ങള്‍ നടക്കും. 22ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുഖ്യാതിഥിയാകും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി തുടങ്ങിയവര്‍ പങ്കെടുക്കും. 23ന് പൊതുസമ്മേളനം കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതി ഉദ്ഘാടനം ചെയ്യും. മുന്‍ പോലീസ് മേധാവി ഡോ. ടി.പി. സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ഡോ. ബിജുരമേശ്, ചിന്മയമിഷന്‍ സ്വാമി പ്രമീത് ചൈതന്യ, കൈമനം അമൃതാനന്ദമയി മഠം സ്വാമി ശിവാമൃതപുരി, എം. എസ്. ഭുവനചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 24ലെ പൊതുസമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ഷ വിദ്യാസമാജം ആചാര്യന്‍ കെ.ആര്‍. മനോജ്, പത്തനംതിട്ട സനാതനമഠം സ്വാമിനി ദേവീ ജ്ഞാനനിഷ്ഠാനന്ദ, കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് എം. മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
25ലെ സമാപന ദിവസത്തെ പൊതുസമ്മേളനം കോലാപ്പൂര്‍ ശ്രീക്ഷേത്ര സിദ്ധഗിരിമഠം മഠാധിപതി സ്വാമി അദൃശ്യ കാട സിദ്ധേശ്വര ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍, ചിന്മയാമിഷന്‍ സ്വാമി അഭയാനന്ദ തുടങ്ങിയവര്‍ സംസാരിക്കും. ആര്‍ഷധര്‍മ പുരസ്‌കാരം പി. അശോക് കുമാറിനും പ്രൊഫ. ബാലകൃഷ്ണന്‍നായര്‍ പുരസ്‌കാരം ഡോ. എ.എം. ഉണ്ണികൃഷ്ണനും സമ്മാനിക്കും.
എല്ലാ ദിവസങ്ങളിലും സമ്മേളനവേദിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ച് മൂന്നുസെമിനാറുകള്‍ വീതം ഉണ്ടായിരിക്കും. കേരളത്തില്‍ നിന്നും പുറത്തുനിന്നുമുള്ള പ്രമുഖര്‍ സെമിനാറുകള്‍ നയിക്കും. എല്ലാ ദിവസവും രാത്രി വിവിധ കലാപരിപാടികളും സമ്മേളനനഗരിയില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: