ബംഗളുരു : കര്‍ണാടകത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. ഇതോടെ പ്രചാരണം ഉച്ചസ്ഥായിയിലെത്തും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗ്ഗാവ് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കന്നഡ സിനിമാതാരം കിച്ച സുദീപ് എന്നിവരോടൊപ്പമുള്ള റോഡ്ഷോ നടത്തിയ ശേഷമായിരുന്നു നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം.
മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയില്‍ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ജഗദീഷ് ഷെട്ടര്‍ ഹുബ്ലി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നാണ് പത്രിക സമര്‍പ്പിച്ചത്. മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.ജി.പരമേശ്വര്‍ കൊരട്ടഗെരെയില്‍ പത്രിക സമര്‍പ്പിച്ചു. ബിജെപി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ മകന് ബി വൈ വിജേന്ദ്ര ശിവമോഗ ജില്ലയിലെ ശികാരിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാജ്യത്തുടനീളമുള്ള 40 പ്രമുഖ നേതാക്കളുടെ പട്ടിക ബിജെപി ഇതിനകം പുറത്തിറക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ സംസ്ഥാനം സന്ദര്‍ശിക്കുകയും കോലാറിലും ബിദറിലും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കര്‍ണാടക ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല, ജനറല്‍ സെക്രട്ടറി ജയറാം രമേഷ് എന്നിവര്‍ പ്രചാരണത്തിനെത്തും. ജെഡി(എസ്)ല്‍ നിന്ന് എച്ച് ഡി കുമാരസ്വാമി വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്തിട്ടുണ്ട്. 208 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മി പാര്‍ട്ടിയും പ്രചാരണത്തിനായി ഒരുങ്ങുകയാണ്. ഇടത് പാര്‍ട്ടികളും മറ്റ് പ്രാദേശിക പാര്‍ട്ടികളും വിവിധ മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തും.
സംസ്ഥാനത്ത് മേയ് 10നാണ് വോട്ടെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: