കാസർകോട്: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടവും വിജയത്തിൽ. 7 മണിക്കൂർ 50 മിനിറ്റ് സമയത്തിൽ തിരുവനന്തപുരത്ത് നിന്നും കാസർകോടെത്തി. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുലർച്ചെ രാവിലെ 5.20-ന് യാത്ര ആരംഭിച്ച ട്രെയിൻ 1.10-നാണ് കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. മുസ്ലീംലീഗ് നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിന് ജനങ്ങളാണ് ആദ്യമായി കാസർകോട് സ്റ്റേഷനിലെത്തിയ വന്ദേഭാരത് ട്രെയിനിനെ കാണാനെത്തിയത്.
രണ്ടാം പരീക്ഷണ ഓട്ടത്തിലും തിരുവനന്തപുരം-കൊല്ലം പാതയിൽ ട്രെയിൻ എടുത്തത് 50 മിനിട്ട് ആണ്. 6.16 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ ചെങ്ങന്നൂർ കടന്ന് പോയത് 7.06 നാണ്. 7.33 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി. 7.37 ന് എറണാകുളത്തേക്ക് പുറപ്പെട്ടു. 8.32 ന് എറണാകുളം നോർത്തിൽ എത്തി. കോട്ടയത്ത് നിന്ന് നോർത്തിൽ എത്താൻ എടുത്തത് 55 മിനിറ്റ് മാത്രമാണ്. 3 മിനിറ്റ് നിർത്തിയിട്ടതിന് ശേഷം 8.35 ന് എറണാകുളം നോർത്തിൽ നിന്ന് എടുത്തു.
4 മണിക്കൂർ 17 മിനുട്ട് പിന്നിട്ട് 9:37 ന് ട്രെയിൻ തൃശൂർ എത്തി. ആദ്യ പരീക്ഷണയോട്ടത്തിൽ 4 മണിക്കൂർ 27 മിനിട്ടെടുത്തിരുന്നു. തൃശൂരിൽ നിന്നും 9.40 ന് പുറപ്പെട്ട ട്രെയിൻ തിരൂരിലൂടെ കടന്നുപോയത് 10.44നാണ്. ആദ്യ പരീക്ഷണയോട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് ഉണ്ടായെങ്കിലും കാസർകോട് വരെ നീട്ടിയ രണ്ടാം ഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പുണ്ടായില്ല. ആദ്യ റണ്ണിൽ 10.47 നാണ് തിരൂരിൽ എത്തിയത്. 11.10 ന് കോഴിക്കോടും 12.12നു കണ്ണൂരിലും ട്രെയിനെത്തി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 6 മണിക്കൂർ 52 മിനിറ്റാണ് ട്രെയിൻ ഓടിയെത്താൻ എടുത്തത്. കഴിഞ്ഞ തവണ 7മണിക്കൂർ 10മിനിറ്റ് വേണ്ടി വന്നിരുന്നു.
ഈമാസം 25ന് ആരംഭിക്കുന്ന തിരുവനന്തപുരം– കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിരവധിപേരുടെ ആവശ്യത്തെ തുടർന്നാണ് കാസർകോട് വരെ നീട്ടിയത്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസമാണ് കേന്ദ്രം നൽകിയത്. തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട് നിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: