ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്ക് പ്രാധാന്യം നല്കി മികച്ച സ്ഥാനാര്‍ഥി പട്ടികയുമായി ബിജെപി. 224 അംഗ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ബിജെപി ഇതിനോടകം 222 പേരെ പ്രഖ്യാപിച്ചു. ശേഷിച്ച രണ്ട് സീറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.
അതേ സമയം കോണ്‍ഗ്രസ് ഇതുവരെ 209 സ്ഥാനാര്‍ഥികളെ മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പരക്കം പായുകയാണ് കോണ്‍ഗ്രസ്. ജയിക്കാന്‍ സാധ്യത കല്പിച്ച സീറ്റുകള്‍ തലമുതിര്‍ന്ന നേതാക്കള്‍ കൈയടക്കിയതോടെ തോല്‍ക്കാനായി മത്സരിക്കാനില്ലെന്ന നിലപാടിലാണ് യുവജന വിഭാഗം.
ജെഡിഎസ് നിലവില്‍ 142 മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള സീറ്റുകളില്‍ ചെറുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. നാളെ വൈകിട്ട് വരെയാണ് പത്രിക സമര്‍പ്പണസമയം. 21നാണ് സൂക്ഷ്മ പരിശോധന. ബിജെപി സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരും ഇതിനോടകം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ഥികളെല്ലാം തങ്ങളുടെ മണ്ഡലത്തില്‍ വീടുകയറിയും മറ്റുമുള്ള പ്രചരണവും ശക്തമാക്കിക്കഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്കെതിരെ മൈസൂരുവിലെ വരുണയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മന്ത്രി വി. സോമണ്ണ മത്സരിക്കുന്നതിനാല്‍ ഇവിടെ പോരാട്ടം കനക്കും. ഇത് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണെന്ന് പറയുന്ന സിദ്ധരാമയ്യ കഴിഞ്ഞ തവണയും ഇത് തന്നെയാണ് പറഞ്ഞത്. അന്ന് അദ്ദേഹം മൈസൂരുവിലെ ചാമുണ്ഡേരി മണ്ഡലത്തിന് പുറമേ, ബാഗല്‍കോട്ടിലെ ബദാമിയില്‍ നിന്നും മത്സരിച്ചിരുന്നു.
ചാമുണ്ഡേരിയില് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സിദ്ധരാമയ്യ ബദാമിയില്‍ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ഇത്തവണ വരുണ മാത്രമാണ് സിദ്ധരാമയ്യയ്ക്ക് നല്‍കിയത്. കോലാറില്‍ കൂടി മത്സരിക്കാന്‍ അവസരം നല്‍കണമെന്ന് സിദ്ധരാമയ്യ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ത്തൂര്‍ ജി. മഞ്ചുനാഥിനാണ് കോണ്‍ഗ്രസ് ഈ സീറ്റ് നല്‍കിയത്. ഇതിന്റെ നീരസം സിദ്ധരാമയ്യ പ്രകടിപ്പിക്കുകയും ചെയ്തു.
പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെ കനക്പുരയില്‍ മന്ത്രി ആര്. അശോക് കുമാറാണ് നേരിടുന്നത്. അതിനാല്‍ തന്നെ ഇവിടെയും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: