ശബരിമല: കശ്മീരില്‍ നിന്നും കാല് നടയായി ശബരിമലയില്‍ എത്തിയ അയ്യപ്പന്മാര്ക്ക് സായൂജ്യം. കാസര്‍കോട് സ്വദേശികളായ കെ. നളിനാക്ഷന് (50), പ്രഭാകരന് മണിയാണ്ടി (41) എന്നിവരാണ് കഴിഞ്ഞ ദിവസം പതിനെട്ടാം പടി ചവിട്ടിയത്.
അപൂര്‍വ്വമായ ഭക്തിയുടെ ലഹരിയാണ് 111 ദിവസം ചെലവിട്ട് 3979 കിലോമീറ്റര്‍ കാല്‍നടയായി താണ്ടാന്‍ ഇവരെ പ്രേരിപ്പിച്ചത്. കശ്മീരിലെ വൈഷ്ണോദേവി ക്ഷേത്രത്തില്‍ നിന്നും മൂന്നുമാസം മുന്‍പാണ് ഇരുവരും ഇരുമുടിക്കെട്ട് നിറച്ചത്. ഇരുവരും കശ്മീരില്‍ നിന്നും യാത്ര പുറപ്പെട്ടത് ഡിസംബര്‍ അഞ്ചിനാണ്.
ദിവസവും 30 മുതല്‍ 45 കിലോമീറ്റര്‍ വരെ നടക്കും. രാത്രി വിശ്രമം ഏതെങ്കിലും ക്ഷേത്രത്തില്‍ അതല്ലെങ്കില്‍ ലോറി ഡ്രൈവര്‍മാര്‍ക്കൊപ്പം. രാജസ്ഥാനില്‍ 32 കിലോമീറ്റര്‍ രാത്രി വനത്തിലൂടെ നടന്നത് ഇന്ന് നടക്കുന്ന ഓര്‍മ്മയാണ് ഇരുവര്‍ക്കും. എന്നാല്‍ ഭക്തിയുടെ പാരമ്യത്തില്‍ ഭയമെല്ലാം ഇരുവരും മറന്നുപോയിരുന്നു. കഠിനമായ തണുപ്പ് വകവെയ്ക്കാതെയുള്ള ഇവരുടെ യാത്ര കണ്ട് വഴിയില്‍ കണ്ടുമുട്ടിയ സദാശിവന് എന്ന വ്യക്തി ഇരുവര്‍ക്കും സ്വെറ്റര്‍ വാങ്ങിക്കൊടുത്തു. ഇത് അനുഗ്രഹമായി. വിവിധ സ്ഥലങ്ങളിലെ മലയാളി സമാജങ്ങളില്‍ നിന്നും അയ്യപ്പന്മാര്ക്ക് വേണ്ട സഹായം ഒരുക്കിക്കൊടുക്കാന്‍ സഹായിച്ചതും സദാശിവന് തന്നെ.
വിഷുവിന് നട തുറന്നപ്പോഴാണ് ഇരുവരും അയ്യപ്പദര്‍ശനം നടത്തിയത്. 3979 കിലോമീറ്റര്‍ യാത്രയ്ക്കിടയില്‍ ഇരുവരും താണ്ടിയത് എട്ട് സംസ്ഥാനങ്ങളാണ്. നളിനാക്ഷന് ഡ്രൈവറാണ്. പ്രഭാകരന് വീട് പണിയുന്ന മേസ്തിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: