മുംബൈ: 2047ല്‍ ഇന്ത്യയെ ലോകത്തിലെ രണ്ടാമത്തെ വികസിത രാജ്യമാക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ ശരിയായ പാതയില്‍ കുതിയ്ക്കുകയാണ്. ഏപ്രില്‍ 18 ചൊവ്വാഴ്ച മുംബൈയില്‍ ആപ്പിളിന്റെ പുതിയ സ്റ്റോര്‍ തുറന്നു. ആപ്പിള്‍ സിഇഒ ടിം കുക്ക് നേരിട്ട് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
മുംബൈയില്‍ ആദ്യ ആപ്പിള്‍ സ്റ്റോറിന്റെ ഉദ്ഘാടനത്തില്‍ സിഇഒ ടിം കുക്കും:
അടുത്ത ആപ്പിള്‍ സ്റ്റോറായ ആപ്പിള്‍ സാകേത് ദല്‍ഹിയില്‍ ഏപ്രില്‍ 20ന് തുറക്കുകയാണ്. ലോകത്തിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഫോണ്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉല്പാനദവുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക സഹായ പാക്കേജുകളാല് ആകൃഷ്ടമായാണ് ആപ്പിള്‍ ഇന്ത്യയില്‍ എത്തിയത്.
2022ല്‍ 80-85 ശതമാനം ഐഫോണുകള്‍ നിര്‍മ്മിച്ചത് ചൈനയായിരുന്നു. എന്നാല്‍ 2027ഓടെ ആപ്പിളിന്റെ 45-50 ശതമാനം വരെ ഐഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് പ്രതീക്ഷ.
2022ലെ അവസാനത്തിലെ കണക്ക് പ്രകാരം ഐഫോണുകളുടെ മൊത്തം ഉല്പാദനത്തില് 10-15 ശതമാനം വരെ ഇന്ത്യയിലാണ്. 2022 ഡിസംബറില്‍ ഇന്ത്യ 100 കോടി ഡോളറിന്റെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത്. ഇപ്പോള്‍ ഐ ഫോണ്‍ 12,13,14, 14 പ്ലസ് എന്നിവ രാജ്യത്ത് നിര്‍മ്മിക്കുന്നുണ്ട്.
സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരട്ടിയായി. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന് (ഐസിഇഎ) കണക്ക് പ്രകാരം യുഎഇ, യുഎസ്, നെതര്‍ലാന്റ്സ്, യുകെ. ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണുകള്‍ കയറ്റുമതി ചെയ്യുന്നു. ഫോണ്‍ വില്പന-കയറ്റുമതി രംഗത്തെ വരുമാനം 4000 കോടി ഡോളറിലെത്തും.
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 97 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നവയാണ്. ഇന്ത്യയാകട്ടെ, ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്മ്മാതാക്കലായിരിക്കുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ഫോണ്‍ കയറ്റുമതിയില്‍ രാജ്യം ഒരു ലക്ഷം കോടി രൂപ കടക്കുമെന്നതിനാല്‍ 2023 നാഴികക്കല്ലാകുമെന്ന് ഇലക്ട്രോണിക്സ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു. ചൈനയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ പ്ലാന്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യയും വിയറ്റ്നാമും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: