കോഴിക്കോട്: എലത്തൂർ ട്രെയിന് തീവെയ്പ് ഭീകരാക്രമണ കേസ് എന്ഐഎ ഏറ്റെടുത്തു. എൻഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എൻഐഎ ആസ്ഥാനത്ത് ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. നേരത്തെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. യുഎപിഎ സെക്ഷൻ 15 പ്രകാരമുള്ള ഭീകരപ്രവർത്തനം നടത്തിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, വധശിക്ഷ വരെ ലഭിക്കാവുന്ന പതിനാറാം വകുപ്പ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അക്രമത്തിൽ തീവ്രവാദ ബന്ധത്തിന്റെ സൂചനകൾ ചൂണ്ടിക്കാട്ടി എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ടും കൈമാറിയിരുന്നു. സംഭവത്തിൽ ഭീകരബന്ധമുണ്ടെന്ന് കൊച്ചി എൻഐഎ ബ്രാഞ്ച് എൻ ഐ എ ഹെഡ്ക്വോർട്ടേഴ്സിന് റിപ്പോർട്ട് നൽകിയിരുന്നു. പ്രതിയെ പത്ത് ദിവസം പോലീസ് കസ്റ്റഡിയിൽ കിട്ടിയിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഷഹീൻബാഗ് സ്വദേശിയായ പ്രതിക്ക് കോഴിക്കോട്ട് എലത്തൂരിലെത്തി ട്രെയിനിന് തീവയ്ക്കാൻ ലഭിച്ച ബാഹ്യസഹായങ്ങൾ എന്തൊക്കെയെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
അതേസമയം ദൽഹിയിൽ എത്തിയ കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം മടങ്ങി. എസ് പി സോജൻ ഒഴികെയുള്ള ഉദ്യോഗസ്ഥരാണ് മടങ്ങിയത്. ദൽഹിയിൽ നിന്ന് ഷാറൂഖുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാൻ കോഴിക്കോട്ടേക്ക് വിളിപ്പിച്ചെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ദൽഹി, മഹാരാഷ്ട്ര, കേരളം അടക്കം നാലിലധികം സംസ്ഥാനങ്ങളിലേക്ക് കേസ് വ്യാപിപ്പിക്കേണ്ട സാഹചര്യമുണ്ട്. കേസിൽ നേരത്തെ എൻഐഎ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും എൻഐഎ ഡിജിക്കും കൈമാറിയിരുന്നു.
ഒരു വ്യക്തി മാത്രം ചെയ്തതല്ല, മറ്റ് ആളുകളും ആക്രമണത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: