ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
ഞാന്‍ ചോദിച്ചു. ‘ഇതിനുമപ്പുറം എന്താണുള്ളത്?’ ഗുരു പുഞ്ചിരിതൂകി പറഞ്ഞു: ‘അമൂര്ത്തതയ്ക്കുമതീതമായുള്ളത് വാക്കുകള്‍ക്കു വിവരിക്കാനാവാത്ത, വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങാത്ത, പരംപൊരുളായ പരമാത്മാവാണ്. അത് തികച്ചും ആത്മനിഷ്ഠവും ഭാവനാത്മകവുമാണ്. അതിനെ ആത്മാവെന്ന് വിളിക്കുന്നു. ആത്മാവ് തന്നെയാണ് പരമാത്മാവ്. അതിനതീതമായി മറ്റൊന്നുമില്ല. അതാണ് ആത്യന്തികമായ ഉണ്മ. അതാണ് നമ്മുടെയെല്ലാം പ്രഭവവസ്ഥാനം, പരംപൊരുള്‍. നീ അത് ആകുന്നു.’
എനിക്കത് ക്ഷണത്തില്‍ തിരിച്ചറിയാനായി. അമൂര്‍ത്തമായ ഉള്ളുണര്‍വിന്റെ നിതാന്തസാന്നിദ്ധ്യം ഗുരുദേവന് നേരത്തേ തന്നെ എനിക്കുപദേശിച്ചിട്ടുള്ളതാണല്ലോ.
അദ്ദേഹം തുടര്‍ന്നു: ‘എല്ലാറ്റിനും അടിസ്ഥാനമായിരിക്കുന്ന ‘അത്’ എത്ര ലളിതമാണെന്ന് നോക്കൂ. വന്നും പോയുമിരിക്കുന്ന മോഹവിഭ്രമവസ്തുകള്ക്ക് പ്രാധാന്യം നല്‍കേണ്ടതില്ല. അസ്തിത്വത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പലവിധങ്ങളായ പ്രകാശധോരണികളും ശബ്ദതരംഗങ്ങളും നമ്മെ കടന്നുപോയേക്കാം. സാധകരില്‍ പലരും അത്തരം അഭൗമാനുഭവങ്ങളെ ശ്രേഷ്ഠമെന്നു കരുതി അവയെ കൂടുതല്‍ ആഴത്തില്‍ വേദ്യമാക്കാനും അമാനുഷികങ്ങളായ കഴിവുകള്‍ നേടാനും ശ്രമിക്കുന്നു. പക്ഷേ ഈ പരിശ്രമം സംസാരികമായുള്ള ഉപയോഗത്തിനാണെങ്കില്‍ അത് സംസാരിയുടെത് പോലെ, വന്നും പോയുമിരിക്കുന്ന നേട്ടങ്ങള്ക്കായുള്ളതാണ്. സംസാരി ക്ഷണികങ്ങളായ നേട്ടങ്ങള്‍ക്കായി പരിശ്രമിച്ച്, അവ നേടി, അവയിലഭിരമിച്ച്, പലവിധ പ്രലോഭനങ്ങള്‍ക്കും അധര്‍മ്മത്തിനു പോലും വശംവദനാവുന്നത് പോലെ തന്നെയാണിത്. ആത്മസാക്ഷാത്ക്കാരം എന്നത് ക്ഷണികമായ ഒരനുഭവമല്ല. ആത്മാവ് നാം ഓരോരുത്തരുമാണ്. അതങ്ങിനെയായിരുന്നു; ഇനിയും അങ്ങിനെയായിരിക്കുകയും ചെയ്യും. ആത്മാവ് കാലാതീതമാണ്. ആത്മാവില്‍ ശാശ്വതമായി അഭിരമിക്കുമ്പോള്‍ സ്ഥൂലദേഹം നശിച്ചാലും, സൂക്ഷ്മദേഹത്തിന്, വീണ്ടും നശ്വരലോകത്ത് പുനര്‍ജനിക്കേണ്ടതില്ല. ഇതാണ് മോക്ഷം അല്ലെങ്കില്‍ നിര്‍വാണം.’
യമദേവന് വലതു കൈപ്പത്തി എന്റെ തലയില്‍ വച്ച് അനുഗ്രഹിച്ചു പറഞ്ഞു: ‘കുഞ്ഞേ, നചികേതസേ, ഇപ്പറഞ്ഞ, ഏകസത്തായ പരംപൊരുളില്‍ അഭിരമിക്കാന്‍ നിനക്ക് കഴിയും. എല്ലാ പ്രകടിത ഭാവങ്ങളും, ക്ഷണികങ്ങളെങ്കിലും അതേ പരംപൊരുളിനാല്‍ ഉരുവാക്കപ്പെട്ടതാണെന്ന് നിന്നിലറിവുറയ്ക്കും. അഹങ്കാര തലത്തിലുള്ള പരിമിത അവബോധത്തില്‍ നിന്നുള്ള മാറ്റം സംദൃഢീകരിക്കുമ്പോള് എല്ലാ അന്വേഷണങ്ങള്‍ക്കും അവസാനമായി. പിന്നീട് മൂര്‍ത്തമായി അവശേഷിക്കുന്നത് ദിവ്യതയെ സാക്ഷാത്ക്കരിക്കാനുള്ള കേവല ഉപകരണം മാത്രമായ ദേഹമാണ്. ആ ദേഹം ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള ഉപകരണമാണ്. ദേഹേന്ദ്രിയമനസ്സുകളെ സദാ സംശുദ്ധമാക്കി വയ്ക്കുന്നതിലൂടെ ദൈവീകതയുടെ ചൈതന്യം പ്രവഹിക്കുവാനുള്ള പ്രണാളിയായി അത് വര്‍ത്തിക്കുന്നു. നിസ്തന്ദ്രമായ ശ്രദ്ധയോടെ നിന്റെ വാക്കുകളെ നിയന്ത്രിച്ചുപയോഗിക്കുക. ഈശ്വരാഭിമുഖമാക്കിയ ബുദ്ധിയില്‍ മനസ്സ് സമര്‍പ്പിക്കുക.’
ഗുരുദേവന് ഇങ്ങിനെമൊഴിഞ്ഞ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചു. ‘മിക്കവാറും സാധകരെ സംബന്ധിച്ചിടത്തോളം ആന്തരികമായ ആത്മീയ സഞ്ചാരം വാള്‍ത്തലയുടെ തുഞ്ചത്തിലൂടെയുള്ള നടപ്പാണ്. നശ്വരനായ മനുഷ്യന്, എത്ര സാംസാരികനേട്ടങ്ങള് ഉള്ളവനാണെങ്കിലും ആത്മീയതയില്‍, വിവേകത്തിന്റെ പാതയില്‍ അയാളൊരു ശിശു മാത്രമാണ് എന്ന് തിരിച്ചറിയണം. ആത്മീയ സുഷുപ്തിയില്‍ നിന്നും ഉണര്‍ന്ന് യോഗ്യരായ, ആത്മീയാവബോധത്തില് നിഷ്ണാതരായ ഗുരുക്കന്മാരില് നിന്നും പ്രബുദ്ധതയുടെ പാഠങ്ങള്‍ അറിയണം. ഇത്ര ചെറുപ്പത്തില്‍ത്തന്നെ ഇത് നേടാന്‍ കഴിഞ്ഞ നീ അതീവധന്യനും അനുഗ്രഹീതനുമാണ്. നിന്നെപ്പോലെ ഉചിതനും യോഗ്യനുമായ ഒരു ശിഷ്യന് ഈ ജ്ഞാനവിശേഷം പകര്ന്നുനല്കാന് കഴിഞ്ഞ ഞാനും എത്ര അനുഗ്രഹീതന്‍!’
ഞങ്ങളുടെ സത്സംഗഭാഷണം അവസാനിക്കാറായി. ഗുരുദേവന് പകര്‍ന്നുതന്ന ജ്ഞാനവിശേഷം എന്നെ കൃതജ്ഞതാ നിര്ഭരനാക്കിയെങ്കിലും അദ്ദേഹവുമായുള്ള സത്സംഗം ഒരിക്കലും അവസാനിക്കരുതെന്നെനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും പുഞ്ചിരിയോലുന്ന വാത്സല്യഭാവവും എന്നില്‍ പ്രശാന്തി നിറച്ചു. എന്റെ സ്വത്വഭാവത്തെ പുല്കിയ പൂര്‍ണത, എന്നെ വലയം ചെയ്തു. എന്നില്‍ യാതൊരു വിധ സന്ദേഹങ്ങളും ചോദ്യങ്ങളും അവശേഷിച്ചില്ല. ഞാന്‍ നിശ്ശബ്ദനായി ഇരുന്നു. അദ്ദേഹവും മൗനം ഭജിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: