അനുരാഗ് സിങ് താക്കൂര്‍ (കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി)
ജനങ്ങളുമായി വളരെ വേഗം ബന്ധം സ്ഥാപിക്കാന്‍ കഴിയുന്ന, ആശയവിനിമയത്തിന് അസാധാരണ കഴിവുകളുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ അനന്യമായ പ്രസംഗ വൈദഗ്ധ്യം ഈ അതുല്യമായ കഴിവുകളിലൊന്നാണ്. അദ്ദേഹം സംസാരിക്കുന്നതിലെ ആത്മാര്‍ഥത, സമഗ്രത, കഴിഞ്ഞ എട്ടുവര്‍ഷമായി ജനങ്ങളുമായി അദ്ദേഹം പുലര്‍ത്തിയ വിശ്വാസാധിഷ്ഠിത ബന്ധം എന്നിവയെല്ലാം ബഹുജനങ്ങളുമായി ആശയവിനിമയം നടത്തുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയത്തിന് സംഭാവനയേകുന്നു.
എല്ലാവരെയും ഉള്‍പ്പെടുത്തുംവിധത്തിലുള്ള അദ്ദേഹത്തിന്റെ സമീപനം ജനങ്ങള്‍ക്കിടയില്‍ അഭൂതപൂര്‍വമായ സ്വീകാര്യതനേടി. പ്രധാനമന്ത്രി മോദിയുടെ ജനകേന്ദ്രീകൃത വികസന മാതൃകയാണ് അദ്ദേഹത്തെ ബഹുജനങ്ങള്‍ക്കു പ്രിയങ്കരനാക്കിയത്. ജനങ്ങളുമായുള്ള തുടര്‍ച്ചയായ ആശയവിനിമയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമത്വത്തിലൂന്നിയ ആശയമാണ് 2014 ഒക്ടോബറില്‍ ആരംഭിച്ച ‘മന്‍ കീ ബാത്ത്’ എന്ന പരിപാടിയിലേക്ക് നയിച്ചത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മാസത്തിലെ അവസാന ഞായറാഴ്ചയിലെ നമ്മുടെ അവിഭാജ്യ ഘടകമായി അത് മാറി. റേഡിയോ പ്രഭാഷണമായി ആരംഭിച്ച ആ പരിപാടി ഇപ്പോള്‍ വിവിധ സംവിധാനങ്ങളിലൂടെ ഒന്നിലധികം ഭാഷകളില്‍ ഒരേസമയം പ്രക്ഷേപണം ചെയ്യുന്ന തലത്തിലേക്കു മാറി.
‘മന്‍ കി ബാത്തി’ലൂടെ രണ്ടു തരത്തിലുള്ള മോദിയെയാണു കാണാന്‍ കഴിയുന്നത് – ശക്തനും ഊര്‍ജസ്വലനും ലക്ഷ്യബോധമുള്ളതുമായ പ്രധാനമന്ത്രി മോദി; ഒപ്പം മൃദുലചിത്തനും ദയാലുവും സൗമ്യനുമായ, കുടുംബത്തിലെ കാരണവരായ മറ്റൊരു മോദി. നിങ്ങള്‍ കണ്ണടച്ച് ‘മന്‍ കി ബാത്’ കേള്‍ക്കുകയാണെങ്കില്‍, മോദിജി ഗ്രാമത്തിലെ മരത്തണലില്‍ ഇരുന്ന്, ജനങ്ങളുമായി സംവദിക്കുകയും – അവരെ ശ്രദ്ധിക്കുകയും, അവരോട് സംസാരിക്കുകയും, ആവശ്യമുള്ളിടത്ത് ജ്ഞാനോപദേശം നല്‍കുകയും, അല്ലെങ്കില്‍ മാതൃകാപരമായ പ്രവൃത്തിക്ക് ആരെയെങ്കിലും അഭിനന്ദിക്കുകയും ചെയ്യുന്നത് പോലെ തോന്നും. അടുത്തിടെ, അപകടത്തില്‍പ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സധൈര്യം തീരുമാനമെടുത്ത കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. അവയവദാനമെന്ന മഹത്തായ ആശയം പ്രചരിപ്പിക്കാന്‍ അദ്ദേഹം ആ സംഭാഷണം ഉപയോഗിച്ചു.
കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നത് മുതല്‍ ആരോഗ്യവും ശുചിത്വവും വരെ, അസാധാരണമായ ഹൃദയവിശാലതയുള്ള സാധാരണക്കാരെ അവരുടെ നല്ല പ്രവൃത്തികള്‍ക്ക് അഭിനന്ദിക്കുന്നതുള്‍പ്പടെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ഇതുപോലെ ഉദ്ധരിക്കാനാകും. പ്രധാനമന്ത്രി മോദിയുടെ ‘മന്‍ കി ബാത്ത്’ അടിസ്ഥാനപരമായി യഥാര്‍ഥ ജീവിത ഗാഥകളെയും അനുഭവങ്ങളെയും, ലൂട്ട്യെന്‍സിന്റെ ഡല്‍ഹിയുടെ ഇടുങ്ങിയ പരിധിക്കപ്പുറത്ത് നിലനില്‍ക്കുന്ന യഥാര്‍ഥ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്നതുമായ കഥകളെയും സംബന്ധിച്ചാണ്. ‘മന്‍ കി ബാത്തിന്റെ’ ഓരോ എപ്പിസോഡും വന്‍ ജനപ്രീതി നേടിയതും പതിനായിരക്കണക്കിന് പ്രതികരണങ്ങള്‍ ലഭിക്കുന്നതും എന്തുകൊണ്ടാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. അത് ജനങ്ങളുടെ ആശങ്കകളെക്കുറിച്ചുള്ളതായതിനാല്‍ അവരില്‍ അത് പ്രതിധ്വനിക്കുന്നു.
മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് 2014 ഒക്ടോബര്‍ 3നായിരുന്നു. 2023 ഏപ്രില്‍ 30-ന് പരിപാടി 100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കും. മന്‍ കി ബാത്ത് അതിന്റെ വിഷയം, രൂപകല്‍പ്പന, ഇടപെടല്‍, ജനങ്ങളുമായും സമൂഹവുമായും മൊത്തത്തില്‍ ആശയവിനിമയം നടത്തുന്നതിനുള്ള നൂതനമായ മാര്‍ഗം എന്നിവയാല്‍ സവിശേഷമായ പരിപാടിയാണ്. 262 റേഡിയോ സ്റ്റേഷനുകളും 375-ലധികം സ്വകാര്യ, കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖലയായ ‘ഓള്‍ ഇന്ത്യ റേഡിയോ’യിലൂടെ, സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും വൈവിധ്യമാര്‍ന്ന ജനങ്ങളിലേക്ക് ഇന്ത്യയുടെ പ്രധാനമന്ത്രി എത്തിച്ചേരുകയും അവര്‍ക്ക് ഊര്‍ജവും പ്രചോദനവുമേകുകയും ചെയ്യുന്നു. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ വിഷയങ്ങളില്‍ മാത്രമല്ല, കാലാവസ്ഥാ വ്യതിയാനം, മാലിന്യ സംസ്‌കരണം, ഊര്‍ജപ്രതിസന്ധി തുടങ്ങി ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ എല്ലാ വിഷയങ്ങളും അവയില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യയുടെ പൊതു പ്രക്ഷേപണ സേവനദാതാവായ പ്രസാര്‍ ഭാരതി, 11 വിദേശ ഭാഷകള്‍ ഉള്‍പ്പെടെ 52 ഭാഷകളിലേക്ക് മന്‍ കി ബാത്തിന്റെ വിവര്‍ത്തനവും പ്രക്ഷേപണവും നിര്‍വഹിക്കുന്നതിലൂടെ, രാജ്യത്തെ വിദൂര പ്രദേശങ്ങളിലും ഇന്ത്യയുടെ പ്രവാസികളിലും വരെ അത് എത്തിക്കുകയും ചെയ്യുന്നു. ടിവി ചാനലുകള്‍ ഒരേസമയം സംപ്രേഷണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ റേഡിയോ പരിപാടിയാണ് മന്‍ കി ബാത്ത്. ദൂരദര്‍ശന്‍ ശൃംഖലയുടെ 34 ചാനലുകളും 100-ലധികം സ്വകാര്യ ഉപഗ്രഹ ടിവി ചാനലുകളും ഈ നൂതന പരിപാടി രാജ്യത്തുടനീളം സംപ്രേക്ഷണം ചെയ്തുകൊണ്ട്, പരമ്പരാഗതമായ ഈ ആശയവിനിമയ മാധ്യമത്തെക്കുറിച്ച് പുതിയ താല്‍പ്പര്യവും അവബോധവും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു. ജീവിതത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള വിദഗ്ധരുടെയും മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ, സമര്‍ഥമായ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ, ലഘുലേഖയും 2022 ഫെബ്രുവരി മുതല്‍ ഓരോ മാസവും പ്രസിദ്ധീകരിക്കുന്നു. ഇത് 60 ദശലക്ഷത്തിലധികം പേരിലേക്ക് ഡിജിറ്റല്‍ രൂപത്തില്‍ എത്തിച്ചേരുന്നു.
ഇത്രയധികം സ്വാധീനമുള്ള മന്‍ കി ബാത്ത് വ്യാപകമായി (ശരിയായ അര്‍ഥത്തിലും) സാമൂഹിക വിപ്ലവമായി വിശേഷിപ്പിക്കപ്പെടുകയും ജനപങ്കാളിത്തത്തില്‍ അതിന്റെ ഉറച്ച അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു. പരിപാടിയുടെ പേര് രൂപപ്പെടുത്തുന്നത് മുതല്‍ വിഷയങ്ങളുടെ തിരഞ്ഞെടുപ്പും, പരിപാടിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനത്തിനുള്ള ആഹ്വാനങ്ങളും വരെ, രാജ്യത്തെ പൗരന്മാരുടെ ഇടപഴകലും പങ്കാളിത്തവും എന്ന ആശയത്തെ ചുറ്റിപ്പറ്റിയാണ് വിഭാവനംചെയ്തു നടപ്പാക്കിയിരിക്കുന്നത്. വ്യക്തികളുടെ പരിവര്‍ത്തന ശക്തിയിലുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും, ഭരണത്തില്‍ ജനപങ്കാളിത്തത്തിന്റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രതിമാസ ഓര്‍മപ്പെടുത്തലാണ് ഓരോ ഭാഗവും. മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രിക്ക് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ജനങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു. രാജ്യത്തിനായുള്ള തന്റെ കാഴ്ചപ്പാട് പങ്കിടാന്‍ അദ്ദേഹം ആ വേദി ഉപയോഗിക്കുകയും രാഷ്‌ട്രനിര്‍മാണപ്രക്രിയയില്‍ പൗരന്മാരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയും രാജ്യത്തെ പൗരന്മാരും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുക എന്നതാണ് മന്‍ കി ബാത്തിന്റെ പ്രാഥമിക ലക്ഷ്യം. എല്ലാ മാസവും, പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ദശലക്ഷക്കണക്കിന് കത്തുകള്‍ ലഭിക്കുന്നു. പരിപാടിയില്‍ അവയെക്കുറിച്ച് അദ്ദേഹം പറയുന്നു. പരിപാടിക്കിടയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജനങ്ങളുമായി ടെലിഫോണില്‍ സംസാരിക്കുന്നതും അപൂര്‍വമല്ല. തിരഞ്ഞെടുക്കപ്പെട്ട നേതാവും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ ഇത്തരമൊരു മാതൃക ജനാധിപത്യത്തിലും ഭരണത്തിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ഗണ്യമായി ശക്തിപ്പെടുത്തുന്നു.
8 വര്‍ഷം നീണ്ടുനിന്ന 99 എപ്പിസോഡുകളുടെ വിജയകരമായ കാലയളവിലുടനീളം, പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ മാത്രമല്ല, സാമൂഹികവും ദേശീയവുമായ കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ അവരെ പ്രചോദിപ്പിക്കാനും മന്‍ കി ബാത്ത് ശ്രമിച്ചു. മാറ്റങ്ങള്‍ക്കായി മുന്നില്‍ നില്‍ക്കുന്ന, മണ്ണില്‍ അശ്രാന്തമായും നിസ്വാര്‍ഥമായും പ്രവര്‍ത്തിക്കുന്നവരുടെ പ്രചോദനാത്മക കഥകളാണ് ഈ പരിപാടിയുടെ പ്രധാന സവിശേഷതകളിലൊന്ന്. അത് അവര്‍ക്ക് കര്‍ത്തവ്യത്തില്‍ തുടരാനുള്ള പ്രചോദനത്തിന്റെ ഉറവിടമായി മാറുക മാത്രമല്ല, ദശലക്ഷക്കണക്കിനുപേര്‍ക്ക് പ്രചോദനമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള സമുദായങ്ങള്‍ ഉള്‍പ്പെടുന്ന സാമൂഹിക പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്ന ഫലപ്രദമായ ഉപാധിയായി മന്‍ കി ബാത്ത് തുടക്കം മുതല്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പരിപാടിയില്‍ പ്രധാനമന്ത്രി നല്‍കിയ സാമൂഹിക സന്ദേശങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറുകയും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബഹുജനമുന്നേറ്റമായി മാറുകയും ചെയ്യുന്നു. ശുചിത്വഭാരതയജ്ഞം, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, കോവിഡ് വാക്‌സിനേഷന്‍, ഹര്‍ ഘര്‍ തിരംഗ എന്നിവ ഇതിന്റെ മഹത്തായ ഉദാഹരണങ്ങളാണ്. അടുത്തിടെ, മന്‍ കി ബാത്തിന്റെ 88-ാം എപ്പിസോഡില്‍, പ്രധാനമന്ത്രി ജലസംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുകയും പൗരന്മാരോട് അവരുടെ പ്രദേശത്ത് അമൃതസരോവരങ്ങള്‍ നിര്‍മിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, ആ സന്ദേശം ജനകീയ പ്രസ്ഥാനമായി മാറുകയും അതതു പ്രദേശത്തെ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ സഹായത്തോടെ തദ്ദേശവാസികള്‍ സൃഷ്ടിച്ച നിരവധി അമൃതസരോവറുകള്‍ രാജ്യത്തുടനീളം ഉയര്‍ന്നുവരികയും ചെയ്തു. തുടര്‍ന്ന്, 92-ാം എപ്പിസോഡില്‍, ഉത്തര്‍പ്രദേശിലെ ലളിത്പുരിലെ ഭഗത് സിങ് അമൃതസരോവരം, കര്‍ണാടകത്തിലെ ബില്‍കേരൂരിലെ അമൃതസരോവരം എന്നിങ്ങനെ വിവിധ അമൃതസരോവരങ്ങളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, പൗരന്മാരുടെ ദ്രുതഗതിയിലുള്ള പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
‘സശക്ത ഭാരതം’ കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കുന്ന മന്‍ കി ബാത്ത്, രാജ്യത്തിന്റെ ദേശീയവും ആഗോളതലത്തിലുമുള്ള വിജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം പൗരന്മാരില്‍ അഭിമാനവും ദേശീയതയും വളര്‍ത്തി, രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഏവരെയും പ്രേരിപ്പിക്കുന്നു. 89-ാം ഭാഗത്തില്‍, ഇന്ത്യയിലെ യൂണികോണ്‍ കമ്പനികളുടെ എണ്ണം 100ല്‍ എത്തിയതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയങ്ങളെ അഭിമാനത്താല്‍ വീര്‍പ്പുമുട്ടിച്ച ഹര്‍ ഘര്‍ തിരംഗ യജ്ഞത്തിന്റെ ബഹുജന പങ്കാളിത്തവും രാജ്യവ്യാപകമായ വിജയവും 91-ാം ഭാഗത്തില്‍ ആഘോഷിച്ചു. മന്‍ കി ബാത്ത് റേഡിയോ പരിപാടി മാത്രമല്ല, ഇന്ത്യയുടെ സമഗ്ര വികസനത്തിന്റെ പ്രതിഫലനമാണെന്നും പൊതു പങ്കാളിത്തത്തിന്റെ പ്രകടനമാണെന്നും തെളിയിക്കുന്ന ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളുണ്ട്.
ക്ഷേമപദ്ധതികളും നയങ്ങളും എല്ലാ തലത്തിലും ജനങ്ങളിലേക്കെത്തിക്കു ന്നതിനും അതേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമുള്ള സംവിധാനം മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി വിജയകരമായി സ്ഥാപിച്ചു. മാത്രമല്ല, കൂടുതല്‍ പേരെ ഗുണഭോക്താക്കളാക്കാന്‍ പ്രചോദിപ്പിക്കുന്നതിനായി താഴെത്തട്ടിലുള്ളവര്‍ക്ക് ഈ പദ്ധതികള്‍ എങ്ങനെ പ്രയോജനം ചെയ്യുന്നു എന്നതിന്റെ വിജയഗാഥകളും പ്രധാനമന്ത്രി പങ്കിടുന്നു.
കോവിഡ് മഹാമാരിക്കാലത്തു പ്രതിരോധകുത്തിവയ്‌പ് എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചതു പോലെ, പ്രതിസന്ധിഘട്ടങ്ങളില്‍പ്പോലും ജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നതില്‍ ഈ പരിപാടി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിജയകരമായ വാക്‌സിന്‍ ഗാഥയ്‌ക്ക് വലിയൊരളവില്‍ മന്‍ കി ബാത്തിനോട് കടപ്പെട്ടിരിക്കുന്നു. മന്‍ കി ബാത്തിന്റെ പ്രസക്തിക്കും നമ്മുടെ ജീവിതത്തില്‍ ആ പരിപാടിയുടെ പ്രാധാന്യത്തിനും തെളിവായി ചൂണ്ടിക്കാണിക്കാന്‍ അതുമാത്രം മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: