തൊടുപുഴ: മടക്കത്താനം കൂവേലിപ്പടിയില്‍ നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി ഇടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, ഇയാളുടെ പത്ത് വയസുകാരിയായ മകള്‍ എന്നിവരാണ് മരിച്ചത്. രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ വാഹനം കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിൽ ഡ്രൈവറായ തൊമ്മൻകുത്ത് സ്വദേശി എൽദോസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഴക്കുളം പോലീസാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് നിസാര പരിക്കുകളാണുള്ളത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.
പ്രജേഷ് വാഴക്കുളം മടക്കത്താനത്ത് ഒരു തട്ടുകട നടത്തുന്നുണ്ട്. രാവിലെ അവിടേക്ക് പോകുന്ന വഴിയാണ് എറണാകുളത്ത് നിന്ന് പാഴ്സൽ കൊണ്ടുവരുകയായിരുന്ന വാഹനം ഇവരെ ഇടിച്ച് തെറിപ്പിച്ചത്. പ്രജേഷിന്റെ അയൽക്കാരിയാണ് അപകടത്തിൽ മരിച്ച മേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: