തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് കേസില്‍ ഷഹീന്‍ ബാഗില്‍ നിന്നെത്തിയ ഷാരൂഖ് സെയ്ഫിയെ സഹായിച്ച ഒരു കൂട്ടാളിയുണ്ടായിരുന്നുവെന്ന ശക്തമായ നിഗമനത്തില്‍ കേരള പൊലീസ്. തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇയാളുടെ ഒളിയിടം കണ്ടെത്താനായിട്ടില്ല.
തിരിച്ചറിയല്‍ പരേഡ് നടത്തുമ്പോള്‍ ഒരാള്‍ പറഞ്ഞത് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിടുമ്പോള്‍ ഷാരൂഖ് സെയ്ഫി ചുവന്ന ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്നാണ്. പൊലീസ് കണ്ടെത്തലുകളോട് ഏറെക്കുറെ അടുത്തുനില്‍ക്കുന്ന മൊഴിയാണിത്. കുറ്റകൃത്യം കഴിഞ്ഞയുടന്‍ ഷാരൂഖ് സെയ്ഫിയെ വസ്ത്രം മാറാന്‍ കൂട്ടാളി സഹായിച്ചിരിക്കാമെന്ന് പറയുന്നു. ഇത് പൊലീസിന്റെയും യാത്രക്കാരുടെയും കണ്ണുവെട്ടിച്ച് കടന്നുകളയാന്‍ ഷാരൂഖ് സെയ്ഫിയ്‌ക്ക് സഹായകരമായി.
മാത്രമല്ല, കുറ്റകൃത്യം നടക്കുന്നതിനിടയില്‍ അപായച്ചങ്ങല വലിച്ചത് ഷാരൂഖ് സെയ്ഫിയുടെ കൂട്ടാളിയാണെന്നും കരുതപ്പെടുന്നു. ഈ ചങ്ങല വലിച്ചതുകൊണ്ടാണ് കുറ്റകൃത്യത്തിന് ശേഷം ഷാരൂഖ് സെയ്ഫിയ്‌ക്ക് രക്ഷപ്പെടാനായത്. അല്ലെങ്കില്‍ അപ്പോള്‍ തന്നെ അയാള്‍ പിടിക്കപ്പെടുമായിരുന്നു.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പ് ഒഴിവാക്കി, കുളപ്പുള്ളി-ഷൊര്‍ണൂര്‍ റോഡിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും കുപ്പികളില്‍ പെട്രോള്‍ വാങ്ങിയതിനും ഷാരൂഖ് സെയ്ഫിയെ ഈ കൂട്ടാളി സഹായിച്ചിട്ടുണ്ട്.
സെയ്ഫിയുടെ ബാഗില്‍ നിന്നും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണപ്പൊതികണ്ടെത്തിയിരുന്നു. ഇത് സ്വന്തം വീട്ടില്‍ നിന്നുള്ളതാണെന്നാണ് സെയ്ഫി പൊലീസിനോട് പറഞ്ഞതെങ്കിലും അതങ്ങിനെ അല്ലെന്ന് പൊലീസ് കരുതുന്നു. സെയ്ഫിയെ അറിയുന്ന, ഷാരൂഖ് സെയ്ഫി ചെയ്യാന്‍ പോകുന്ന കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായി അറിവുള്ള മലയാളിയായ കൂട്ടാളിയാണ് ഈ ഭക്ഷണപ്പൊതി നല്‍കിയിരിക്കുന്നതെന്ന് സാഹചര്യത്തെളിവുകള്‍ പറയുന്നു.
കോയമ്പത്തൂരിലും മാംഗളൂരുവിലും നടത്തിയ സ്ഫോടനങ്ങളൂും എലത്തൂരിലെ ട്രെയിനിലെ തീവെയ്പും തമ്മില്‍ സാമ്യമുണ്ടെന്നും പൊലീസ് കരുതുന്നു. തെലുങ്കാന, ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നീ ഭീകരവാദ വിരുദ്ധ സ്ക്വാഡുകളുമായി കേരളപൊലീസ് യോജിച്ചാണ് അന്വേഷണം നടത്തുന്നത്. ഈ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുമായി പ്രതിയ്‌ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: