എസ് ശ്രീനിവാസ് അയ്യര്‍
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
വലിയ നേട്ടങ്ങള്‍ അനുഭവത്തില്‍ എത്തിച്ചേരുന്ന വര്‍ഷമാണ്. ധനസ്ഥിതി ഉയരും. കുടുംബത്തില്‍ സമാധാനം വന്നുചേരും. മക്കളുടെ ശ്രേയസ്സ് സന്തോഷമേകും. മത്സരം, പരീക്ഷ എന്നിവയില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കും. സഹോദരര്‍, സഹപ്രവര്‍ത്തകര്‍, ശിഷ്യര്‍ എന്നിങ്ങനെ ഒരുപാട് പേര്
പിന്തുണയ്ക്കും പിന്‍ബലത്തിനും ഒപ്പമുണ്ടാവും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് മികച്ച സൗകര്യങ്ങള്‍ ലബ്ധമാകും. തൊഴില്‍തേടുന്നവര്‍ നിരാശപ്പെടില്ല. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കും വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും പുരോഗതിയുടെ കാലമാണ്. അവിവാഹിതര്‍ക്ക് ദാമ്പത്യജീവിതം സിദ്ധിക്കുന്നതാണ്.
മേടം, ഇടവം, കന്നി, തുലാം കുംഭം എന്നീ മാസങ്ങളില്‍ വളര്‍ച്ചയും നേട്ടങ്ങളും ഏറും. കര്‍ക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളില്‍ കഷ്ടനഷ്ടങ്ങളും മനക്ലേശങ്ങളും ഉണ്ടായേക്കാം.
പരിഹാരം: രാഹുപ്രീതിക്ക് നാഗാരാധന ഉത്തമം. ദേവീമാഹാത്മ്യം യഥാവിധി പാരായണം ചെയ്യുന്നതും നന്ന്. ചൊവ്വാപ്രീതിക്ക് ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കണം.
മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ പകുതി)
സമൂഹത്തില്‍ സ്വാധീനം വര്‍ദ്ധിക്കും. രാഷ്ട്രീയ മല്‍സരങ്ങളില്‍ വിജയിക്കും. നിക്ഷേപങ്ങളില്‍ ഉയര്‍ന്ന ആദായം ലഭിക്കും. നൂതനസാങ്കേതിക വിഷയങ്ങളില്‍ ഉപരിപഠനം സാധ്യമാകും. പാരമ്പര്യ തൊഴിലുകള്‍ നവീകരിക്കുന്നതാണ്. സര്‍ക്കാരില്‍ നിന്നുള്ളവായ്പാ സഹായം പ്രയോജനപ്പെടുത്തും. ഗാര്‍ഹികജീവിതം ആസ്വാദ്യമാകും. ചെറുതും വലുതുമായ യാത്രകള്‍ നേട്ടങ്ങള്‍ക്ക് വഴിതുറക്കും. ഗൃഹവാഹന ലബ്ധിയും സാധ്യതയാണ്.അവിവാഹിതര്‍ക്ക് കുടുംബജീവിതത്തില്‍ പ്രവേശിക്കാന്‍ സാഹചര്യമൊരുങ്ങും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും.
മിഥുനം, തുലാം, വൃശ്ചികം, കുംഭം എന്നീ മാസങ്ങളില്‍ നേട്ടങ്ങള്‍ കൂടും. ചിങ്ങം, ധനു, മകരം എന്നീ മാസങ്ങളില്‍ ചില പ്രതികൂലതകളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
പരിഹാരം: ശനിപ്രീതിക്കായി ശാസ്തൃഭജനവും രാഹുപ്രീതിക്കായി ദുര്‍ഗാ ഭജനവും അനിവാര്യമാണ്.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാല്‍)
നിലപാടുകളില്‍ ഉറച്ച് നില്ക്കും. സാമൂഹ്യ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേരം കണ്ടെത്തും. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍ മന്ദീഭവിക്കാം. ശമ്പളക്കുടിശ്ശിക ലഭിക്കാന്‍ വൈകിയേക്കും.
സഹായസ്ഥാനത്ത് രാഹുവും വ്യാഴവും ഉള്ളതിനാല്‍ പിന്തുണ ചിലപ്പോള്‍ ഗുണത്തിനും ചിലപ്പോള്‍ ദോഷത്തിനും ആവാനിടയുണ്ട്. പുതുസൗഹൃദങ്ങള്‍ ഉണ്ടാവാം. നൂതനസംരംഭങ്ങളില്‍ മുതല്‍ മുടക്കുന്നത് കരുതലോടെ വേണം. മക്കളുടെ ഉന്നമനം ലക്ഷ്യമാക്കി ചില പദ്ധതികള്‍ ആവിഷ്ക്കരിക്കും. സാമ്പത്തികനില ശരാശരിയായി തുടരും. ഗൃഹനിര്‍മ്മാണം ഇടക്ക് തടസ്സപ്പെടാം. വിവാഹാലോചനകള്‍ പതുക്കെയാവും. വിദേശ യാത്രകള്‍ക്ക് അവസരമുണ്ടാവും. ദാമ്പത്യജീവിതത്തില്‍ ക്ലേശങ്ങള്‍ കൂടിയുംകുറഞ്ഞുമിരിക്കും.
രോഗികള്‍ കൂടുതല്‍ ജാഗ്രത കാട്ടണം. സാഹസങ്ങള്‍ക്ക് മുതിരരുത്. മേടം, കര്‍ക്കടകം, തുലാം, വൃശ്ചികം മാസങ്ങള്‍ കൂടുതല്‍ ഗുണകരമാവും.
പരിഹാരം: ശനിദോഷ നിവൃത്തിക്ക് നീരാജനം, അരയാല്‍ പ്രദക്ഷിണം ഉത്തമം. വ്യാഴ പ്രീതിക്ക് വിഷ്ണുഭജനം മുടക്കരുത്.
മീനക്കൂറ്(പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)
വിദേശത്ത് പഠനം, വിദേശത്ത് ജോലി എന്നിവയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും. സാമ്പത്തികക്ലേശം നീങ്ങുന്നതാണ്.
കലാപ്രവര്‍ത്തനത്തില്‍ വിജയം വരിക്കും. ഗവേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സഭകള്‍ / സംഘടനകള്‍/ ക്ഷേത്രാദിസ്ഥാപനങ്ങള് എന്നിവയുടെ നേതൃനിരയിലേക്കെത്തും. കടബാധ്യത കുറയ്ക്കാന്‍ കഴിയുന്നതാണ്. വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും. കുടുംബ ജീവിതം സുഖകരമാകും. മക്കള്‍ പഠനത്തില്‍ മികവുകാട്ടും. ഗൃഹനവീകരണ ശ്രമങ്ങള്‍ക്ക് വായ്പകള്‍ പ്രയോജനപ്പെടുത്തും. ഇടവം, ചിങ്ങം, ധനു, മകരം മാസങ്ങള്‍ സദ്ഫലപ്രദങ്ങളാവും. മിഥുനം, കന്നി, തുലാം, കുംഭം എന്നിവയില്‍ ജാഗ്രത കൂട്ടണം.ഈ മാസങ്ങളില്‍ സാഹസങ്ങള്‍ക്കും വലിയ ക്രയവിക്രയങ്ങള്‍ക്കും മുതിരരുത്.
പരിഹാരം: ശനിപ്രീതിക്കായി ശാസ്താവിനെയും രാഹുദോഷ നിവൃത്തിക്കായി ദുര്‍ഗയേയും ഭജിക്കണം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: