കൊച്ചി: മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇഡിയ്ക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. പാലാരിവട്ടം പാലം അഴിമതിയില്‍ ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചു എന്നതാണ് കേസ്. ഈ കേസില്‍ അന്വേഷണം നടത്തുന്നതില്‍ ഉണ്ടായിരുന്ന സ്റ്റേ ബുധനാഴ്ച ഹൈക്കോടതി നീക്കി.
നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ നിന്നും ഇബ്രാഹിം കുഞ്ഞ് സ്റ്റേ സമ്പാദിച്ചിരുന്നു. എന്നാല്‍ ഈ സ്റ്റേ ബുധനാഴ്ച ഹൈക്കോടതി നീക്കി. ഇഡിയ്ക്ക് ഈ കേസില്‍ അന്വേഷണം തുടരാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതോടെ ഇബ്രാഹിം കുഞ്ഞിന് ചുറ്റും കുരുക്ക് മുറുകുകയാണ്.
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് 2010ല്‍ ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചെന്നും ഇത് പാലാരിവട്ടം മേല്‍പാലം നിര്‍മ്മാണ ഇടപാടില്‍ ലഭിച്ച കോഴപ്പണമാണെന്നും ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. കോടതി ഇഡി അന്വേഷണത്തിന് ഉത്തരവിട്ടു. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചില്ലെന്നും തന്റെ വാദം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാണിച്ചാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഈ സ്റ്റേ ആണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: