യമനും ശ്രീരാമനും സംസാരിച്ചുകൊണ്ടിരിക്കവേ, ദുര്‍വ്വാസാവു മഹര്‍ഷി രഘുനാഥനെ കാണാനുള്ള ത്വരയോടെ അവിടെയെത്തി. ‘എനിക്ക് ഉടന്‍ മഹാരാജനെ കാണണം. അദ്ദേഹത്തോട് അത്യന്തം പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.’ അഗ്നിയെപ്പോലെ ജ്വലിച്ചുകൊണ്ടു നില്ക്കുന്ന അദ്ദേഹത്തോട് ലക്ഷ്മണന് ചോദിച്ചു. ‘അങ്ങേയ്ക്ക് രാമനെക്കൊണ്ട് എന്തുകാര്യം?, ഈ ഘട്ടത്തില്‍ മഹാരാജാവ് ഒരു പ്രധാനകാര്യത്തില്‍ മുഴുകിയിരിക്കുകയാണ്. കാണാന്‍ പറ്റില്ല. അങ്ങയുടെ ആഗ്രഹം എന്തായാലും ഞാന്‍ സാധിച്ചുതരാം. അല്ലെങ്കില്‍ അല്പസമയം കാത്തിരിക്കണം.’
ഇതുകേട്ട് ദുര്വ്വാസാവിന് കണക്കില്ലാത്ത കോപമുണ്ടായി. ‘ലക്ഷ്മണാ എനിക്കിപ്പോള്‍ തന്നെ രാമനെ കാണാന്‍ നിങ്ങള്‍ സൗകര്യമുണ്ടാക്കിത്തരണം. ഇല്ലെങ്കില്‍ ഈ ദേശത്തെയും നിങ്ങളുടെ വംശത്തെയും ഞാനിപ്പോള്‍ ശപിച്ചു ഭസ്മമാക്കും.’
എന്തുചെയ്യണമെന്ന് ലക്ഷ്മണന് ചിന്താകുലനായി. ദുര്‍വ്വാസാവു മഹര്‍ഷിയെ ഇപ്പോള്‍ അങ്ങോട്ടു വിടാന്‍ പറ്റില്ല. താന്‍ രാമന്റെ സമീപത്ത് ഇപ്പോള്‍ ചെന്നാല്‍ എന്റെ മാത്രം നാശം സംഭവിക്കും. ഇല്ലെങ്കില്‍ ദേശവും കുലവും നശിക്കും. അതിനാല്‍ താന്‍ നശിക്കട്ടെ, എന്നാലും വംശവും രാജ്യവും നശിക്കരുത്. ലക്ഷ്മണന് ഉടനെ രാമന്റെ അടുത്തുചെന്ന് വിവരങ്ങള്‍ അറിയിച്ചു. രാമന്റെ അനുവാദത്തോടെ മഹര്‍ഷിയെ അകത്തേക്കുവിട്ടു. രാമന് പ്രസന്നതയോടെ മഹര്‍ഷിക്ക് എന്താണു വേണ്ടതെന്ന് ചോദിച്ചു. ‘ഹേ രാമാ, ആയിരം കൊല്ലമായി ഞാന്‍ അനുഷ്ഠിക്കുന്ന ഉപവാസം ഇന്നു പൂര്‍ത്തിയായി. അതിനാല്‍ ഇന്ന് അങ്ങയുടെ ഭോജനം കഴിക്കണം. അതിനുവേണ്ടിയാണ് വന്നത്.’ ദുര്‍വ്വാസാവു മഹര്‍ഷിയുടെ ആഗമനത്തില്‍ സന്തുഷ്ടനായ ശ്രീരാമന് അദ്ദേഹം ആഗ്രഹിച്ചതുപോലെ ഉപവാസസമാപനത്തിന് വിധിപ്രകാരമുള്ള ഭക്ഷണം തയ്യാറാക്കി കൊടുത്തു. അമൃതിനു തുല്യമായ ഭക്ഷണം കഴിച്ച് മഹര്‍ഷി തൃപ്തനായി മടങ്ങിപ്പോകുകയും ചെയ്തു.
ദുര്‍വ്വാസാവു മഹര്‍ഷി പോയിക്കഴിഞ്ഞ് യമനോടു പറഞ്ഞിട്ടുള്ള വ്യവസ്ഥ ഓര്‍ത്ത് രാമന് വ്യസനിക്കുകയും ചിന്താകുലനാകുകയും ചെയ്തു. ദീനനായി ഒരക്ഷരം മിണ്ടാതെ തലകുനിച്ചിരുന്നു. അപ്പോള്‍ ലക്ഷ്മണന് അടുത്തുചെന്ന് ഇങ്ങനെ പറഞ്ഞു. ‘ഹേ പ്രഭോ, എന്നെക്കുറിച്ച് വ്യസനിക്കരുത്. വ്യവസ്ഥപ്രകാരം അങ്ങ് എന്നെ ഉടനെ കൊന്നുകളയുക.’ രാമന് അത്യന്തം ദുഃഖിതനായി മന്ത്രിമാരെയും വസിഷ്ഠനേയും വിളിപ്പിച്ച് നടന്നതൊക്കെ വിവരിച്ചു. ഇതുകേട്ട് വസിഷ്ഠന് കൈകൂപ്പിക്കൊണ്ടു പറഞ്ഞു. ‘പ്രഭോ, ഭൂമിയുടെ ഭാരം ശമിപ്പിക്കാന്‍ വന്ന അങ്ങേക്ക് ലക്ഷ്മണനുമായി വിയോഗം ഉണ്ടാകുമെന്ന് ജ്ഞാനദൃഷ്ടികൊണ്ട് മുമ്പുതന്നെ ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു. അതുകൊണ്ട് വ്യസനിക്കരുത്. അങ്ങ് പ്രതിജ്ഞാലംഘനം നടത്തുകയുമരുത്. വധിക്കുന്നതും ഉപേക്ഷിക്കുന്നതും തുല്യമാണ്. അങ്ങ് സമ്പൂര്‍ണ്ണ ലോകരക്ഷകനാണ്. അതിനാല്‍ ഇപ്പോള്‍ തന്നെ ലക്ഷ്മണനെ ഉപേക്ഷിക്കുക.’
ധര്‍മ്മാനുസരണമുള്ള വസിഷ്ഠോക്തികള്‍ കേട്ട് ശ്രീരാമന് ലക്ഷ്മണനോടു പറഞ്ഞു. ‘ലക്ഷ്മണാ ധര്‍മ്മത്തിനു വീഴ്ചവരാതിരിക്കാന്‍ ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു. നിനക്ക് എവിടെയാണിഷ്ടം അങ്ങോട്ടുപൊയ്ക്കൊള്ളുക.’ ലക്ഷ്ണണന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. പ്രാണപ്രിയനായ ജ്യേഷ്ഠനെ നമസ്കരിച്ചു. തന്റെ വസതിയിലെത്തി ഊര്‍മ്മിളയോടു യാത്രചൊല്ലി. എന്നിട്ട് സരയൂതീരത്തേക്കു നടന്നു. ആചമനം ചെയ്തശേഷം അവിടെയിരുന്നു. ഒമ്പത് ഇന്ദ്രിയഗോളകളെയും നിരോധിച്ചു. പ്രാണങ്ങളെ ബ്രഹ്മരന്ധ്രത്തില്‍ സ്ഥിരമാക്കി നിറുത്തി. പരമധാമത്തെ ചിത്തത്തില്‍ ഉറപ്പിച്ചു. വാസുദേവനെന്ന ആ അവിനാശിയായ പരബ്രഹ്മത്തെ ചിത്തത്തില്‍ ധ്യാനിച്ചു. ഇപ്രകാരം പ്രാണനിരോധനം ചെയ്തപ്പോള്‍ സമസ്തദേവന്മാരും അവിടെയെത്തി. പുഷ്പവൃഷ്ടി നടത്തി. ഇന്ദ്രന് വന്ന് വിഷ്ണുഭഗവാന്റെ ചതുര്ത്ഥാംശമായ ലക്ഷ്മണനെ സ്വര്‍ലോകത്തിലേക്കു കൊണ്ടുവന്നു. സകലദേവന്മാരും അദ്ദേഹത്തെ പൂജിച്ചു. സിദ്ധന്മാരും ബ്രഹ്മദേവനും ഋഷീശ്വരന്മാരും പ്രസന്നരായി ആദിശേഷ രൂപധാരിയായ ശ്രീ ലക്ഷ്മണനെ ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: