തൃശൂര്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഹനുമാന് പ്രതിമ തൃശൂരിലെ പൂങ്കുന്നത്തെത്തി. 36 അടി ഉയരമുള്ള ഈ ഹനുമാന് പ്രതിമ 750 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ചൊവ്വാഴ്ചയോടെ തൃശൂരിലെ പൂങ്കുന്നത്തെത്തിയത്. തൃശൂരിലെ പൂങ്കുന്നത്തുള്ള സീതാരാമ അഗ്രഹാരക്ഷേത്രത്തിലെ ജീവനക്കാരും നാട്ടുകാരും നാളുകളായി ഈ പ്രതിമയെത്തുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രതിമയാണ് ആന്ധ്രയിലെ നന്ദ്യാല്‍ അല്ലഗഡയില്‍ കൊത്തിയെടുത്ത 100 ടണ്‍ ഭാരമുള്ള ഈ പ്രതിമ.
രണ്ടു കോടി രൂപയിലാണ് പ്രതിമയുടെ നിര്‍മ്മാണം. 36 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ 20 അടി ഉയരമുള്ള പീഠം ഒരുങ്ങിക്കഴിഞ്ഞു. ഇതോടെ പ്രതിമയും പീഠവും ഉള്‍പ്പെടെ ആകെ ഉയരം 56 അടി ആയി മാറും. തൃശൂരിലെ കല്ല്യാണ്‍ സ്വാമിമാര്ക്കൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തറവാട് ക്ഷേത്രമാണ് സീതാരാമക്ഷേത്രം. തൃശൂരിലെ വസ്ത്ര, സ്വര്‍ണ്ണ വ്യാപാരരംഗത്തെ പ്രമുഖരാണ് കല്യാണ്‍ സ്വാമിമാര്‍ എന്നറിയപ്പെടുന്ന ടി.എസ്. പട്ടാഭിരാമനും ടി.എസ്. കല്യാണരാമനും.
ഏപ്രില്‍ അവസാനത്തോടെ പ്രതിമാ സമര്‍പ്പണച്ചടങ്ങാണ് ലക്ഷ്യമിടുന്നത്. ചടങ്ങിന് ദേശീയ നേതാക്കളെ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് പ്രതിമ തൃശൂരിലെ മണ്ണൂത്തിയിലെത്തിയത്. രാവിലെ മുതല്‍ പ്രതിമയ്ക്ക് സ്വീകരണം നല്കാന് ഭക്തര്‍ പൂങ്കുന്നം ക്ഷത്രത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും നിലയുറപ്പിച്ചിരുന്നു. തൃശൂര്‍ ജില്ലാ കളക്ടര്‍ വി. കൃഷ്ണ തേജ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ടി.എസ്. കല്യാണരാമന്, ടി.എസ്. പട്ടാഭിരാമന് എന്നിവര്‍ പൂക്കള്‍ സമര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ ക്രെയിന്‍ ഉപയോഗിച്ച് പ്രതിമ പീഠത്തില്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചിരുന്നു. പ്രതിമയെ പൂങ്കുന്നത്തേക്ക് വരവേല്‍ക്കാന്‍ സ്വാമി നന്ദാത്മജാനന്ദ, ടി.എസ്. കല്ല്യാണരാമന്‍, ടി.എസ്. പട്ടാഭിരാമന്, ടി.എസ്. രാമകൃഷ്ണന്, ടി.എസ്. അനന്തരാമന്, ടി.എ. ബലരാമന്, ഡി. മൂര്‍ത്തി, കൗണ്‍സിലര്‍മാരായ വി. ആതിര, എ.കെ. സുരേഷ്, എന്‍.വി. രാധിക, പൂര്‍ണ്ണിമാ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
ശില്പി വി. സുബ്രഹ്മണ്യന് ആചാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിമ നിര്‍മ്മിക്കുന്നത്. പ്രശസ്ത ശിൽപി വി. സുബ്രഹ്മണ്യം ആചാര്യലുവിന്റെ ശ്രീഭാരതി ശിൽപകലാമന്ദിരമാണ് പ്രതിമ കൊത്തിയെടുത്തത്. 40-ലധികം ശിൽപികളുടെ നാല് മാസത്തെ അദ്ധ്വാനമാണ് ശിൽപം.വലതുകൈയാല്‍ ഭക്തരെ അനുഗ്രഹിക്കുന്ന രൂപമാണ് കൊത്തിയെടുക്കുന്നത്. രാമായണത്തിലെ പ്രസക്തഭാഗങ്ങള്‍ പ്രതിമയില്‍ പ്രതിഫലിക്കുന്ന രീതിയില്‍ ലേസര്‍ ഷോയും സംഘടിപ്പിക്കുന്നുണ്ട്. കവി തുളസീദാസ് ഹനുമാനെക്കുറിച്ച് രചിച്ച ഭക്തികാവ്യമാണ് ഈ ലേസര്‍ ഷോയ്ക്ക് പശ്ചാത്തലമായി അവതരിപ്പിക്കുക. ഈ ഗാനത്തിന്റെ റെക്കോഡിങ്ങ് കഴിഞ്ഞു.
വിജയവാഡയില്‍ നിന്നുള്ള മണിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലേസര്‍ ഷോ സജ്ജീകരിക്കുന്നത്. ഒരു കോടി രൂപയാണ് ലേസര്‍ ഷോയ്ക്ക്. ഏകദേശം 100 ടണ്‍ ഭാരമുണ്ട് പ്രതിമയ്ക്ക്. രണ്ടു ട്രക്കുകളിലായി നാല് ദിവസം യാത്ര ചെയ്താണ് പ്രതിമ പൂങ്കുന്നത് എത്തുക. പ്രതിമ കൊണ്ടുവരാനുള്ള യാത്രച്ചെലവ് തന്നെ പത്ത് ലക്ഷം രൂപയോളം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: