ഇന്ത്യയില്‍ ഏറ്റവും പഴക്കം ചെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സിപിഐയുടെ ദേശീയ പദവി തെരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കിയതിലൂടെ ഒരു വൃത്തം പൂര്‍ത്തിയായിരിക്കുകയാണെന്നു പറയാം. ചോരയും നീരും നല്കി വളര്‍ത്തിയതാണ്, ജനഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുമെന്നൊക്കെ സിപിഐയുടെ സൈദ്ധാന്തികര്‍ ചമഞ്ഞു നടക്കുന്ന ചില നേതാക്കള്‍ വളരെ വൈകാരികമായി പ്രതികരിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനിയൊരു മടങ്ങിവരവ് ഈ പാര്‍ട്ടിക്ക് സാധ്യമല്ല. പാര്‍ട്ടി വച്ചുപുലര്‍ത്തുന്ന ആശയങ്ങള്‍ക്ക് അതിനുള്ള പ്രസക്തിയോ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് പ്രാഗത്ഭ്യമോ ഇല്ലാത്തതാണ് കാരണം. രണ്ടും കാലഹരണപ്പെട്ടിരിക്കുന്നു. നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുംവിധം വോട്ട് ഇല്ലാത്തതിനാലാണ് മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ്, ശരത് പവാറിന്റെ എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കൊപ്പം സിപിഐയുടെയും ദേശീയ പദവി നഷ്ടമായിരിക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍നിന്നായി ആറ് ശതമാനം വോട്ടും നാല് എംപിമാരും, മൂന്നു സംസ്ഥാനങ്ങളില്‍നിന്നായി ലോക്സഭയില്‍ രണ്ട് ശതമാനം സീറ്റ്, നാല് സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടി എന്നിങ്ങനെയുള്ള മൂന്നു മാനദണ്ഡങ്ങളും പാലിക്കാന്‍ സിപിഐക്ക് കഴിഞ്ഞില്ല. ഇതിനു പുറമെ ബംഗാളിലും ഒഡിഷയിലും സംസ്ഥാന പാര്‍ട്ടിയെന്ന പദവിയും സിപിഐക്ക് നഷ്ടമായിട്ടുണ്ട്. ദേശീയ പദവി പോയതിനാല്‍ സിപിഐക്ക് ഇനിമുതല്‍ തെരഞ്ഞെടുപ്പുകളില്‍ രാജ്യമാകെ പൊതുചിഹ്നത്തില്‍ മത്സരിക്കാനാവില്ല. സ്വതന്ത്രന്മാരെപ്പോലെ വ്യത്യസ്ത ചിഹ്നങ്ങള്‍ക്ക് അപേക്ഷിക്കേണ്ടിവരും. കേരളത്തില്‍ സംസ്ഥാന പദവിയുള്ളതിനാല്‍ ചിഹ്നം ഉപയോഗിക്കാമെന്ന ആശ്വാസമുണ്ട്. സിപിഎമ്മിന്റെ ആനുകൂല്യത്തില്‍ അരിവാളും നെല്‍ക്കതിരും എത്രകാലം ഉപയോഗിക്കാനാവുമെന്ന് കണ്ടറിയണം.
മറ്റ് ചില പാര്‍ട്ടികളുടെയും പ്രാദേശിക-ദേശീയ പദവികളില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും സിപിഐക്കുണ്ടായ തിരിച്ചടി പ്രത്യേകം ശ്രദ്ധേയമാണ്. 1920 ല്‍ അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായ താഷ്ക്കന്റില്‍ അനൗദ്യോഗികമായും, 1925 ല്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഔദ്യോഗികമായും രൂപംകൊണ്ട സിപിഐക്ക് 1952 മുതല്‍ ദേശീയ പാര്‍ട്ടിയുടെ പദവിയുള്ളതാണ്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ പാര്‍ട്ടി എന്തുകൊണ്ട് ഇങ്ങനെ പരിഹാസ്യമാംവിധം ഒറ്റപ്പെട്ടു പോയി എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യാ വിരോധമാണ് ഈ ഗതി വരുത്തിയതെന്ന് ഒട്ടും ആലോചിക്കാതെ പറയാം. പാര്‍ട്ടിയുടെ പേര് സ്വീകരിച്ചതില്‍നിന്നു തന്നെ ഇത് തുടങ്ങുന്നു. സിപിഐയുടെ ചുരുക്കെഴുത്തായ ‘കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ’ എന്നത് വൈദേശിക വിധേയത്വം പ്രകടിപ്പിക്കുന്നതാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാവ് സത്യഭക്ത ‘ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി’ എന്നു പേരിടാമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും അത് തള്ളിക്കളയുകയാണുണ്ടായത്. സ്വാതന്ത്ര്യം നേടിയതിനു മുന്‍പും പിന്‍പും സോവിയറ്റ് യൂണിയനോടായിരുന്നു സിപിഐ കൂറ് പുലര്‍ത്തിയത്. 1942 ലെ ക്വിറ്റിന്ത്യാ സമരകാലത്തുള്‍പ്പെടെ നിര്‍ണായക സന്ദര്‍ഭങ്ങളിലെല്ലാം സ്വാതന്ത്ര്യസമരത്തെ അധീശശക്തിയായ സോവിയറ്റ് യൂണിയനുവേണ്ടി ഒറ്റുകൊടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും പത്ത് വര്‍ഷക്കാലത്തോളം ഈ പാര്‍ട്ടി അത് അംഗീകരിച്ചില്ല. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് കരിദിനമായാണ് ആചരിച്ചത്. അവസാനം സോവിയറ്റ് യൂണിയന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നിലപാട് മാറ്റിയത്. ഇന്ത്യയുടെ സംസ്കാരത്തെ അടച്ചാക്ഷേപിക്കുകയും, മതത്തിന്റെ അടിസ്ഥാനത്തിലുള്ള രാഷ്ട്രവിഭജനത്തിന് കൂട്ടുനില്‍ക്കുകയും, ഇന്ത്യ പതിനാറ് രാഷ്ട്രങ്ങളാണെന്ന് വാദിച്ച് ശിഥിലീകരിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത ഒരു പാര്‍ട്ടിക്ക് ദേശീയ പദവിതന്നെ നഷ്ടമാകുന്നതില്‍ ചരിത്രത്തിന്റെ മധുരമായ പ്രതികാരമുണ്ട്.
സിപിഐയുടെ ഈ കഷ്ടസ്ഥിതിയില്‍ ഏറ്റവും സന്തോഷിക്കുന്നത് സഹോദര പാര്‍ട്ടിയും, പല സംസ്ഥാനങ്ങളിലെയും ഘടകകക്ഷിയുമായ സിപിഎം തന്നെയായിരിക്കും. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ പിന്മുറക്കാര് തങ്ങളാണെന്നും, 1964 ലെ പിളര്പ്പിലൂടെ രൂപംകൊണ്ട സിപിഎമ്മിന് ഈ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയില്ലെന്നുമാണ് സിപിഐ നേതൃത്വം കരുതുന്നത്. ഇരുപാര്‍ട്ടികളും തമ്മില്‍ നടക്കാറുള്ള കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയില്‍ സിപിഐ ഇക്കാര്യം വിളിച്ചുപറയാറുണ്ട്. അടിയന്തരാവസ്ഥയെ പിന്തുണച്ചതും കോണ്‍ഗ്രസ്സിനൊപ്പം പോയതുമൊക്കെ പറഞ്ഞാണ് സിപിഎം മറുപടി നല്‍കാറുള്ളത്. ഇരുപാര്‍ട്ടികളും തമ്മില്‍ ലയിച്ച് ഒന്നാവണമെന്ന സിപിഐയുടെ ആഗ്രഹം സിപിഎം നിരന്തരം പുച്ഛിച്ചു തള്ളുകയാണ് പതിവ്. ബംഗാളിലും കേരളത്തിലുമൊക്കെ കുടികിടപ്പുകാരെപ്പോലെ സിപിഐയെ കൊണ്ടുനടക്കുകയെന്നതാണ് സിപിഎമ്മിന്റെ രീതി. ഇതില്‍ കനത്ത അമര്‍ഷമുണ്ടെങ്കിലും അത് കടിച്ചിറക്കുകയാണ് സിപിഐ നേതാക്കള്‍. എന്നാല്‍ സിപിഐയുടെ ഇപ്പോഴത്തെ അധോഗതിയില്‍ സിപിഎമ്മിന് അധികമൊന്നും സന്തോഷിക്കാനില്ല. 1996ല്‍ സിപിഎമ്മിന്റെ ദേശീയ പദവി നഷ്ടമായതാണ്. അന്നത്തെ വാജ്പേയി സര്‍ക്കാരിന്റെ ഉദാര മനോഭാവംകൊണ്ട് മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയാണ് പദവി പുനഃസ്ഥാപിച്ചു കിട്ടിയത്. ഇപ്പോഴും സിപിഎമ്മിന്റെ നില ഒട്ടും ഭദ്രമല്ല. ലോക്സഭയില്‍ നാല് എംപിമാര്‍ എന്ന മാനദണ്ഡത്തിന് പുറത്താണ് സിപിഎം. കേരളത്തില്‍നിന്നുള്ള ഒരു കനലും, തമിഴ്നാട്ടില്‍ ഡിഎംകെയുടെ സൗജന്യത്തില്‍ ലഭിച്ച രണ്ട് അംഗങ്ങളും ചേര്‍ന്ന് മൂന്ന് എംപിമാരാണുള്ളത്. ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടിയായി നിലനില്‍ക്കുന്നത് മറ്റ് പാര്‍ട്ടികളുടെ ഔദാര്യംകൊണ്ടും. ഇന്ന് സിപിഐക്ക് സംഭവിച്ചത് തന്നെയാണ് സിപിഎമ്മിനെ കാത്തിരിക്കുന്നതും. ദേശീയപദവി പോയതിനെക്കുറിച്ച് സിപിഎം പ്രതികരിക്കാത്തത് ഇതുകൊണ്ടുകൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: