ന്യൂദല്‍ഹി: ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് 2023ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായി വരുണ്‍. അവയവദാനത്തിന്റെ മഹത്വം ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില തെറ്റായ ധാരണകളെ തച്ചുടയ്ക്കുന്ന ഒന്നാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്. അവയങ്ങള്‍ ദാനം ചെയ്തവര്‍ക്കും സ്വീകരിച്ചവര്‍ക്കും വേണ്ടി നടത്തുന്ന അന്താരാഷ്ട്ര മത്സരമാണിത്.
അവയവങ്ങള്‍ സ്വീകരിച്ച് പുതുജീവിതത്തിലേക്ക് എത്തിയവര്‍ക്കും ദാനം ചെയ്തവര്‍ക്കും ആരോഗ്യത്തോടെയുള്ള ജീവിതം സാധ്യമാണെന്ന് ബോധവത്കരിക്കുന്നതിനും അവയവദാനത്തിന്റെ മഹത്വവും പ്രാധാന്യവും ലോകജനതയിലേക്ക് ആഴത്തില്‍ എത്തിക്കുന്നതിനും വേണ്ടി നടത്തുന്ന കായിക മാമാങ്കമാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ്. ഇതിനായി രൂപീകരിച്ചിരിക്കുന്ന ഫെഡറേഷനില്‍ നമ്മുടെ രാജ്യത്തെ സംഘടനയായ ഓര്‍ഗന്‍ ഇന്ത്യ (ഓര്‍ഗന്‍ റിസീവിംഗ് ആന്‍ഡ് ഗിവിങ് അവയര്‍നെസ്സ് നെറ്റ്വര്‍ക്ക്) മെമ്പര്‍ ഓര്ഗനൈസേഷന് കൂടിയാണ്. ഇത്തവണ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നടക്കാന്‍ പോകുന്ന ഗെയിംസിലാണ് വരുണടക്കമുള്ള പ്രതിഭകള്‍ മാറ്റുരയ്ക്കുക.
വരുണിന്റെ ജീവിതം സമൂഹത്തിനു മുന്നില്‍ വലിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഒരു ദിവസം തലകറങ്ങി വീണതോടെയാണ് വരുണിന്റെ ജീവിതത്തിലെ കയ്പേറിയ അദ്ധ്യായങ്ങളുടെ തുടക്കം. അന്ന് വരുണും മാതാപിതാക്കളും ചെന്നൈയിലായിരുന്നു. പിന്നീട് ബെംഗളൂരുവിലേക്ക് തിരിച്ചുവന്നതോടെ അവന് കടുത്ത വയറുവേദന അനുഭവപ്പെടാന്‍ തുടങ്ങി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തിയതില്‍ വരുണിന് സികെഡി (ക്രോണിക് കിഡ്നി ഡിസീസ്) ആണെന്ന് മനസ്സിലായി.
മകന് വൃക്ക ദാനം ചെയ്യാന്‍ അമ്മ ദീപ ആദ്യമേ ഒരുക്കമായിരുന്നു. അതുകൊണ്ട് വൈകാതെ തന്നെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയായി. വരുണ്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഏറെ നാളത്തെ ആശുപത്രി വാസത്തിനും ചികിത്സയ്ക്കും ഒടുവില്‍ അവയവ ദാതാവായ ദീപയും സാധാരണ ജീവിതം നയിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ലോകം ഉറ്റുനോക്കുന്ന അന്താരാഷ്ട്ര കായിക മത്സരത്തിന്റെ ഭാഗമായി കൊണ്ട് വരുണ്‍ ചരിത്രം സൃഷ്ടിക്കാന്‍ പോകുകയാണ്. ശാരീരികവും മാനസികവുമായി നേരിട്ട വെല്ലുവിളികളെ തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചുവന്ന വരുണ്‍ ‘ഒളിമ്പിക്സില്‍’ പങ്കെടുക്കാന്‍ പോവുകുന്നു.
അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്കും നല്കിയവര്ക്കും പ്രത്യേകം മത്സരങ്ങളാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസ് ഉള്ളത്. അവയവ ദാതാവായ വരുണിന്റെ അമ്മ ദീപയും മത്സരത്തില്‍ പങ്കാളിയാകും. ടെന്നീസ്, ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ എന്നീ കായിക ഇനങ്ങളില്‍ പ്രതിഭ തെളിയിച്ചിട്ടുള്ളയാളാണ് വരുണ്‍.
ഡോണര്‍മാര്‍ക്കുള്ള വിഭാഗത്തിലാണ് അമ്മ പങ്കെടുക്കുന്നത്. 2011 മുതലാണ് വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ഇന്ത്യ പങ്കെടുക്കാന്‍ ആരംഭിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ ഒന്നോ രണ്ടോ മത്സാരാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്നതില്‍ നിന്ന് 2019 ആയപ്പോഴേക്കും 14 പേര് പങ്കെടുത്തു. ഏഴ് മെഡലുകളും ഇവര്‍ ഇന്ത്യയ്ക്കായി സമ്മാനിച്ചു. 2023ലെ ഒളിമ്പിക്സില്‍ വരുണുള്‍പ്പെടെ അമ്പതോളം ട്രാന്‍സ്പ്ലാന്റ് അത്ലെറ്റുകളാണ് പങ്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: