കേരളത്തിന്റെ ഭരണാധികാരം തങ്ങളുടെ കുത്തകയാണെന്നും, കാലങ്ങളായി അനുഭവിച്ചുപോരുന്ന ഈ അധികാരത്തിന് മറ്റൊരു അവകാശി ഉണ്ടാവാന്‍ പാടില്ലെന്നും, അങ്ങനെ ആരെങ്കിലും വന്നാല്‍ തങ്ങള്‍ അത് അനുവദിച്ചുതരില്ലെന്നുമാണ് സംസ്ഥാനത്തെ ഇടതു-വലതു മുന്നണികളുടെ നിലപാട്. യഥാക്രമം എല്‍ഡിഎഫിനും യുഡിഎഫിനും നേതൃത്വം നല്കുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ എന്തൊക്കെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈയൊരു കാര്യത്തില്‍ അവര്‍ സമാനമനസ്കരാണ്. ഊഴം വച്ച് അധികാരം പങ്കിടുകയെന്ന പൊതുധാരണ ഇവര്‍ക്കിടയിലുണ്ട്. അപൂര്‍വം ചില തെരഞ്ഞെടുപ്പുകളില്‍ ഈ ധാരണ തെറ്റിയിട്ടുണ്ടെങ്കിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മനോഭാവത്തിന് മാറ്റം വന്നിട്ടില്ല. ജാതീയതയും വര്‍ഗീയതയും മതതീവ്രവാദവുമൊക്കെ ഏതാണ്ട് തുല്യ അളവില്‍ പങ്കിട്ടെടുക്കുന്ന വിധത്തില്‍ ഘടകകക്ഷികളെ സ്വന്തം മുന്നണിയിലുള്പ്പെടുന്നതില് രണ്ടു പാര്‍ട്ടികളും ബദ്ധശ്രദ്ധരാണ്. ജനാധിപത്യത്തെ പ്രഹസനമാക്കുന്നതും, ജനങ്ങളുടെ പൊതുതാല്‍പ്പര്യത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്തതുമായ ഈ അവസരവാദ രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഇടതു-വലതു മുന്നണികളുടെ നേതൃത്വം. മുന്നണികള്‍ മാറി മാറി അധികാരത്തില്‍ വരുമെങ്കിലും ഈ ബലാബലത്തിന് വലിയ മാറ്റമൊന്നും സംഭവിക്കാറില്ല. ഇത് തെറ്റിക്കാന്‍ ബിജെപിക്കും ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയ്ക്കും കഴിയുമെന്ന ഭീതി എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഇപ്പോള്‍ വിടാതെ പിടികൂടിയിരിക്കുകയാണ്.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ച് വിവിധ ക്രൈസ്തവ സഭകളുടെ കേരളത്തിനകത്തും പുറത്തുമുള്ള നേതാക്കള്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കേരളത്തില്‍നിന്ന് തങ്ങള്‍ക്ക് ഒരു എംപിയില്ലെന്ന ബിജെപിയുടെ ദുഃഖം തീര്‍ത്തുതരാമെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനി പ്രസ്താവിച്ചതു മുതലാണ് ഇത് തുടങ്ങിയത്. ഇതിനെ പിന്തുണച്ചുകൊണ്ട് താമരശ്ശേരി അതിരൂപതാ ബിഷപ്പ് പോള്‍ ഇഞ്ചനാനിയേല്‍ രംഗത്തുവരുകയും ചെയ്തു. ഇത് സിപിഎം-കോണ്‍ഗ്രസ്സ് നേതൃത്വത്തെ കൂടുതല്‍ പരിഭ്രാന്തിയിലാഴ്ത്തി. അന്നു മുതല്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ പരിഹസിച്ചും വിമര്‍ശിച്ചും ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളില്‍നിന്ന് അവരെ പിന്മാറ്റാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ചു നടത്തിവരികയായിരുന്നു. ഇത് വിജയിച്ചില്ലെന്നു മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു. ബിജെപിയെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും അനുകൂലിക്കുന്ന നിലപാടുകള്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര് ആവര്‍ത്തിക്കുകയും, കൂടുതല്‍ പേര് പിന്തുണയുമായി രംഗത്തുവരികയും ചെയ്തു. സിറോ മലബാര്‍ സഭ മേധാവി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യാതൊരു വളച്ചുകെട്ടുമില്ലാതെ സ്വതന്ത്രമായി അഭിപ്രായം പറഞ്ഞത് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നേതാക്കളുടെ സമനില തെറ്റിക്കുകയും ചെയ്തു. അവര്‍ ഒരേ സ്വരത്തില്‍ ശാപവാക്കുകളുമായി പ്രത്യക്ഷപ്പെടുകയും, എന്തോ അത്യാഹിതം സംഭവിക്കാന്‍ പോവുകയാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ പ്രശസ്ത ക്രൈസ്തവ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചത് പരസ്പരവിശ്വാസത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈ ദേവാലയം സന്ദര്‍ശിച്ചതെന്ന പ്രത്യേകതയുമുണ്ട്. ബിജെപി രാജ്യത്ത് അധികാരത്തിലേറിയാല്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ആപത്തുവരുമെന്ന് ചില രാഷ്ട്രീയ പാര്‍ട്ടികളും, രാജ്യത്തിനകത്തും പുറത്തും ഇവരെ പിന്തുണയ്ക്കുന്ന ശക്തികളും നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഒന്‍പത് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഈ കള്ളക്കഥ പൊളിഞ്ഞതില്‍ പ്രതിപക്ഷം ഏറെ നിരാശരാണ്. എന്നിട്ടും ബിജെപി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന കുപ്രചാരണം ഇവര്‍ തുടരുകയാണ്. ഒറ്റപ്പെട്ട ചില കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനും, ന്യൂനപക്ഷങ്ങളെ വഴിതെറ്റിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനും ശ്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടിയാണ് പ്രധാനമന്ത്രിയെ ദല്‍ഹിയിലെ ക്രൈസ്തവ ദേവാലയത്തില്‍ സ്വീകരിച്ച ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നല്‍കിയത്. ഈ മഹാരാജ്യത്തെ ഏതെങ്കിലുമൊരു പ്രശ്നത്തിന്റെ പേരില്‍ പൊതുനിലപാട് സ്വീകരിക്കാനാവില്ലെന്നാണ് അഭിവന്ദ്യ ബിഷപ്പ് പറഞ്ഞത്. ബിജെപി ഭരണത്തിന് കീഴില്‍ ക്രൈസ്തവര്‍ യാതൊരു തരത്തിലുള്ള അരക്ഷിതാവസ്ഥയും നേരിടുന്നില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും വ്യക്തമാക്കിയിരിക്കുന്നു. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയോട് ക്രൈസ്തവ ജനതയ്ക്ക് ഒരുതരത്തിലുമുള്ള അകല്‍ച്ചയും ആവശ്യമില്ലെന്ന ഈ നിലപാട് കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ പുതിയൊരു കാറ്റ് വീശാന്‍ ഇടയാക്കുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: