ആലപ്പുഴ: നെല്ല് സംഭരിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് വില വിതരണം ചെയ്യാന്‍ കഴിയാതെ സപ്ലൈകോ പ്രതിസന്ധിയിലായത് സംസ്ഥാന സര്‍ക്കാര്‍ വിഹിതം ലഭിക്കാത്തതിനാല്‍. കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. 350 കോടി രൂപ മുന്‍കൂര്‍ തുകയടക്കം കേന്ദ്രത്തില്‍ നിന്നു സപ്ലൈകോയ്ക്കു ലഭിക്കാനുള്ള പണം മുഴുവന്‍ കിട്ടി. മാര്‍ച്ച് 31 വരെ പിആര്‍എസ് പാസാക്കിയതിനുള്ള നെല്‍വില നല്കാന് ഈ തുക മതിയാകും.
കേന്ദ്രത്തില്‍ നിന്നുള്ള തുക കോര്‍പറേഷനു ലഭിച്ചെങ്കിലും വിവിധ ഇനത്തിലായി 750 കോടി രൂപ സംസ്ഥാനം സപ്ലൈകോയ്ക്കു നല്‍കാനുണ്ട്. തുടര്‍ന്നുള്ള നെല്ലിന്റെ വില വിതരണത്തിന് 1000 കോടി രൂപയെങ്കിലും വേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്റെ കുടിശിക പൂര്‍ണമായും ലഭിച്ചാല്‍ വില വിതരണം സുഗമമാകും. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം എപ്പോള്‍ ലഭിക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ല.
ഈ സാഹചര്യത്തില്‍ നെല്ലിന്റെ വില പാഡി റസിപ്റ്റ് ഷീറ്റ് (പിആര്‍എസ്) വായ്പ അടിസ്ഥാനത്തിലാകും വിതരണം ചെയ്യുക. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 700 മുതല്‍ 800 കോടി രൂപ വരെ സപ്ലൈകോയ്ക്കു ലഭിക്കും. കര്‍ഷകര്‍ക്കു നല്കുന്ന നെല്ലു സംഭരണ രസീതാണ് വായ്പയ്ക്കുള്ള ഈട്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം യഥാസമയം നല്‍കിയില്ലെങ്കില്‍ വായ്പയും പലിശയും സപ്ലൈകോ ബാങ്കില്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങും. ഇതു കൃഷിക്കാരുടെ സിബില്‍ സ്കോറിനെയും ബാധിക്കും.
ആലപ്പുഴ ജില്ലയില്‍ കൊയ്ത്ത് 75 ശതമാനം പിന്നിട്ടെങ്കിലും നെല്ലിന്റെ വില നാമമാത്രമായാണ് നല്‍കിയത്. ഇതിനോടകം 87,000 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. 1,942 കര്‍ഷകരില്‍ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്. 20 കോടിയോളം രൂപയാണ് നെല്ലു വിലയായി നല്‍കിയത്. ഇതുവരെ സംഭരിച്ച നെല്ലിന്റെ കണക്കനുസരിച്ച് 245 കോടി രൂപയാണു കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നു തുക അനുവദിച്ച സാഹചര്യത്തില്‍ വില ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. വില കേരള ബാങ്ക് വഴിയാണോ സപ്ലൈകോ നേരിട്ടാണോ വിതരണം ചെയ്യുന്നതെന്ന് ഇപ്പോഴും കര്‍ഷകര്‍ക്കറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: