തമിഴകത്ത്, കടുശര്‍ക്കര വിഗ്രഹപ്രതിഷ്ഠയുള്ള അനവധി ക്ഷേത്രങ്ങളുണ്ട്. അവയില്‍ പ ലതും വിഖ്യാതവുമാണ്. മലയാള നാട്ടിലാവട്ടെ പുകഴ്‌പെറ്റ നാലു ക്ഷേത്രങ്ങളിലാണ് കടുശര്‍ക്കര വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അവയില്‍ മൂന്നെണ്ണം വിഷ്ണുക്ഷേത്രങ്ങളും ഒന്ന് ദേവീക്ഷേത്രവുമാണ്. മാടായിദേശത്ത് വാഴുന്ന തിരുവര്‍കാട്ട് കാവിലമ്മയുടെ ആലയമാണ് ആ ദേവീക്ഷേത്രം.
ഉത്തരകേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ കേന്ദ്രബിന്ദുവാണ് മാടായിക്കാവ്. ചിറയ്‌ക്കല്‍ കോവിലകം വകയായിരുന്നു ക്ഷേത്രം. ഭദ്രകാളിഭാവത്തിലാണ് അമ്മ കുടികൊണ്ടിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്ത മാടായിപ്പാറയിലാണ് കാവുള്ളത്.
മീനമാസത്തിലെ പൂരം കുളി അമ്മയുടെ ഉത്‌സവങ്ങളില്‍ മുഖ്യമാണ്. മീനമാസത്തിലെ പൂരം നാളില്‍ അമ്മ എഴുന്നള്ളി വടുകുന്ദ ശിവക്ഷേത്രത്തിലെ കുളത്തില്‍ വന്ന് ആറാടും. നാടും നഗരവും അന്ന് മാടായിക്കാവിലേക്കൊഴുകിയെത്തും. സപരിവാരം, വാദ്യഘോഷങ്ങളോടെ അമ്മ ആറാടി തിരിച്ചെഴുന്നള്ളും. അമ്മയുടെ ആറാട്ടിന്റെ ചൈതന്യം നിറഞ്ഞ തീര്‍ത്ഥം സ്വയം തളിച്ച് ഭക്തരും മടങ്ങും.
ചിറയ്‌ക്കല്‍ കോവിലകം വക ക്ഷേത്രമെന്നു പറഞ്ഞുവല്ലോ. തിരുവിതാംകൂര്‍ രാജകുടുംബത്തിന് മാടായിക്കാവുമായി അസാധാരണമായ ബന്ധമുണ്ട്. ചിറയ്ക്കല്‍ കോവിലകത്തുനിന്ന് തിരുവിതാംകൂറിലേക്ക് ദത്തുവന്ന രണ്ടു രാജകുമാരിമാര്‍ മാടായിക്കാവിലമ്മയെ പിരിയണമല്ലോ എന്ന വ്യഥയിലായിയെന്നും അമ്മ അവര്‍ക്കൊപ്പം കുടപ്പുറത്തേറി ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് വന്നുവെന്നും ഐതിഹ്യം പറയുന്നു.
ആറ്റിങ്ങല്‍ തിരുവാറാട്ടുകാവില്‍ കുടികൊണ്ടിരിക്കുന്നത് ദേശങ്ങള്‍ താണ്ടി ഭക്തര്‍ക്കൊപ്പം വന്ന തിരുവര്‍കാട്ടു കാവിലമ്മ (മാടായിക്കാവിലമ്മ) ആണ്. വീരാമാര്‍ത്താണ്ഡവര്‍മ്മ മാടായിക്കാവിലമ്മയ്‌ക്ക് വീരാളിപ്പട്ടും വലിയവട്ടളം പായസവും സമര്‍പ്പിച്ചതിനു രേഖകള്‍ സാക്ഷ്യം പറയുന്നു.
ക്ഷേത്രതന്ത്രം മഹാമാന്ത്രിക കുടുംബമായ കാട്ടുമാടത്തിനാണ്. ക്ഷേത്രപൂജാരിമാര്‍ പിടാരര്‍ എന്നറിയപ്പെടും. ഇപ്പോഴത്തെ മുഖ്യ പിടാരര്‍ ശ്രീ ഉണ്ണികൃഷ്ണനാണ്. 600 ഏക്കര്‍ ഭൂമി ക്ഷേത്രം വകയായി ഉണ്ടായിരുന്നു. ഇന്നത് നാമമാത്രമായിരിക്കുന്നു. ഒരുപാട് പ്രത്യേകതകള്‍ ക്ഷേത്രത്തിനുണ്ട്. ഭൈരവനും ഭൈരവിക്കും വടക്കുപുറത്ത് ഗുരുതി പതിവുള്ളതിനാല്‍ ക്ഷേത്രത്തിനു വെളിയില്‍ പ്രദക്ഷിണം പാടില്ല.
ചെങ്കല്ലു (വെട്ടുകല്ല്) കൊണ്ട് നിര്‍മ്മിച്ച വലിയ ബലിക്കല്ല് നില്‍ക്കുന്ന ബലിക്കല്‍പ്പുര കടന്നാല്‍ കിഴക്കു ദര്‍ശനമായി ശാസ്താവ് ക്ഷേത്രപാലന്‍, ശിവന്‍ എന്നീ മൂര്‍ത്തികളെ കാണാം. സകാരമായി സപ്തമാതൃക്കളെ വടക്കുദര്‍ശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു.പടിഞ്ഞാറു ദര്‍ശനമായി സാക്ഷാല്‍ മാടായിക്കാവിലമ്മ.
കൗളമാര്‍ഗപൂജയാണ് വിധിക്കപ്പെട്ടിരിക്കുന്നത്. പഞ്ചമകാരപൂജ, നിത്യം ഗുരുതി, തേങ്ങാപ്പൂള്‍, കടല, ചെറുപയര്‍, അട നിവേദ്യം എന്നിവ പതിവാണ്. ശീവേലി പതിവില്ലാത്ത ക്ഷേത്രമാണ് മാടായിക്കാവ്. നാന്ദകം എഴുന്നള്ളത്ത് പതിവുണ്ട്. എന്നാല്‍ ആനയെഴുന്നള്ളത്ത്, വെടിക്കെട്ട് എന്നിവ നിഷിദ്ധം.
മകരപ്പാട്ട്, തെയ്യം തുടങ്ങിയ ആചാരവിധികള്‍ പാലിക്കപ്പെടുന്നു. മാഞ്ഞാളമ്മ, ചുഴലി ഭഗവതി, വേട്ടുവച്ചേകവര്‍, ക്ഷേത്രപാലന്‍ തുടങ്ങിയവയാണ് തെയ്യങ്ങള്‍. മാടായി പെരുവണ്ണാനാണ് തെയ്യം കെട്ടിയാടാന്‍ അവകാശം.
തളിപ്പറമ്പ് രാജരാജേശ്വരത്തുനിന്നുമാണ് അമ്മ മാടായിക്കാവിലേക്ക് വന്നതെന്ന് വിശ്വാസം. ഗണപതിഹോമം ഇല്ലാത്ത ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട് മാടായിക്കാവിന്. തട്ടകത്തമ്മ എന്ന നിലയില്‍ ചുറ്റുവട്ടത്തെ പത്തിലധികം ക്ഷേത്രങ്ങളിലേക്ക് ദീപം കൊണ്ടുപോകുന്ന പതിവുമുണ്ട്. മധ്യകേരളത്തില്‍ കൊടുങ്ങല്ലൂരിനും ദക്ഷിണ കേരളത്തില്‍ ആറ്റുകാലിനും സമമാണ് തിരുവര്‍കാട്ടുകാവ് എന്ന മാടായിക്കാവ്.
പുലര്‍ച്ചെ 4.30 മുതല്‍ 12 വരെയും വൈകുന്നേരം 5 മുതല്‍ 7 വരെയും ക്ഷേത്രനട തുറന്നിരിക്കും. പ്രഭാതത്തില്‍ 5 മണിക്ക് ഉഷപൂജ, 11 മണിക്ക് ഉച്ചപൂജ, വൈകിട്ട് 6.15 ന് ദീപാരാധന എന്നിങ്ങനെ പൂജകള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു.
മലയാളനാട്ടില്‍നിന്നും തുളുനാട്ടില്‍നിന്നും ഭക്തസഹസ്രങ്ങള്‍ അമ്മയുടെ കൃപ തേടിയെത്തും. സമീപത്തെ വടുകുന്ദ ശിവക്ഷേത്ര ദര്‍ശനം കൂടാതെ മാടായിപ്പാറയില്‍നിന്നും പടിഞ്ഞാറോട്ടു നോക്കിയാല്‍ കാണുന്ന ആയ്‌രാജവംശത്തിന്റെ ആസ്ഥാനവും ഇന്നത്തെ നാവികസേനാ പരിശീലനകേന്ദ്രമായ ഐഎന്‍എസ് സാമൂതിരിയും ഹൃദ്യമായ കാഴ്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക