ജനിച്ചതും വളര്‍ന്നതും കോണ്‍ഗ്രസ് കുടുംബത്തില്‍. മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ അച്ഛന്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന് ബിജെപിയിലേക്ക് എത്തുമ്പോള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയെന്നത് സ്വാഭാവികം. സ്ഥാനമാനങ്ങളോ പദവിയോ മോഹിച്ചല്ല ബിജെപിയിലേക്കെത്തിയതെന്ന് അനില്‍ ആന്റണി വ്യക്തമാക്കുന്നു. ബിജെപി മുന്നോട്ടുവെക്കുന്ന ആശയവും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന സര്‍ക്കാറിന്റെ ജനക്ഷേമവികസനപദ്ധതികളുമാണ് മറ്റുപലരെയും പോലെ അനില്‍ ആന്റണിയെയും ആകര്‍ഷിച്ചത്. നിലപാടുകളെക്കുറിച്ച്, ബിജെപി പ്രവേശനത്തെക്കുറിച്ച് അനില്‍ ആന്റണി വ്യക്തമാക്കുന്നു…
ബിജെപി പ്രവേശനത്തക്കുറിച്ച് ചിന്തിക്കുന്നത് എപ്പോള്‍?
ചെറുപ്പം മുതല്‍ കണ്ടുവളര്‍ന്ന കോണ്‍ഗ്രസ് നിലപാടും കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവുമില്ലാതെ, രാജ്യതാല്പര്യങ്ങള്ക്കുപരി വ്യക്തിതാല്പര്യങ്ങളിലേക്ക് വഴിമാറുമ്പോള്‍, രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുന്ന തനിക്ക് ബിജെപി മാത്രമെ മുന്നിലുള്ളൂ. രാഷ്ട്രത്തെക്കുറിച്ച്, ജനങ്ങളെക്കുറിച്ച്, ജനനന്മയെക്കുറിച്ചാണ് ബിജെപി ചിന്തിക്കുന്നത്. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും രാഷ്ട്രതാല്പര്യത്തിനായിരുന്നു ഞാന്‍ പ്രാധാന്യം നല്‍കിയത്. ഇന്നത്തെ കോണ്‍ഗ്രസ് രാഷ്ട്രതാല്പര്യങ്ങള് കൈവിട്ട് വ്യക്തിതാല്പര്യങ്ങളിലേക്ക് ഒതുങ്ങി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയെകുറിച്ച് കൂടുതല്‍ കൂടുതല്‍ പഠിച്ചപ്പോള്‍ രാജ്യതാല്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്ന് ബോധ്യമായി. അടല്‍ ബിഹാരി വാജ്പേയി, നരേന്ദ്രമോദി എന്നീ ബിജെപി പ്രധാനമന്ത്രിമാരെകുറിച്ച് പഠിച്ചു. ഇന്ത്യയെ വികസിതരാജ്യമാക്കി മാറ്റാന്‍ ദീര്‍ഘവീക്ഷണത്തോടെയാണ് ബിജെപിയും നരേന്ദ്രമോദിയും പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യമായി. കൂടുതല്‍ അറിഞ്ഞപ്പോള്‍ ബിജെപിയെകുറിച്ച് ഒരുവിഭാഗം പറഞ്ഞു പരത്തുന്നതെല്ലാം കുപ്രചാരണങ്ങളാണെന്ന് മനസ്സിലായി. കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ അതു നടക്കില്ലെന്ന് മനസ്സിലായപ്പോള്‍ പാര്‍ട്ടിവിട്ടു.
ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം?
രാഷ്ട്രത്തിനുവേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ബിജെപിയെ പോലെ പ്രവര്‍ത്തിക്കുന്ന മറ്റൊരു രാഷ്ട്രീയപ്രസ്ഥാനമില്ല. താനുള്‍പ്പെടെയുള്ള യുവാക്കള്‍ ആഗ്രഹിക്കുന്നത് രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ്. തന്റെ കടമ രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കുറിച്ച് ചിന്തിക്കുന്ന, അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന അഴിമതിരഹിതനും ജനകീയനുമായ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഒരുഭാഗത്ത്. ജനങ്ങളെക്കുറിച്ച് ചിന്തിക്കാതെ വ്യക്തി താല്പര്യങ്ങളിലേക്ക് ഒതുങ്ങുന്ന, കോണ്‍ഗ്രസ് മറുഭാഗത്തും. 2047ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രഖ്യാപിച്ച് അതിനായി പ്രവര്‍ത്തിക്കുകയാണ് പ്രധാനമന്ത്രി മോദി. എന്നാല്‍ 25 ദിവസത്തെ പോലും ദീര്‍ഘവീക്ഷണമില്ലാതെയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോഴാണ് കോണ്‍ഗ്രസ് ഇനിയെന്ത് എന്ന് ചിന്തിക്കുന്നത്.
കോണ്‍ഗ്രസ് രാജ്യവിരുദ്ധപാര്ട്ടിയായെന്നുള്ള പരാമര്‍ശത്തിന്റെ അടിസ്ഥാനം?
രാജ്യത്തെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ജനകീയനായ നേതാവായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവര്‍ നിരന്തരം അപമാനിക്കുന്നു. പലകാര്യങ്ങളിലും കോണ്‍ഗ്രസിന് രാജ്യ വിരുദ്ധരുമായി സന്ധിചെയ്യുന്ന നിലപാടാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ബിബിസി ഡോക്യുമെന്ററി മുതല്‍ വീരസവര്‍ക്കറെ അപമാനിച്ചതുവരെയുള്ള കാര്യങ്ങള്‍ ഇതിന് തെളിവാണ്. കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറിക്കഴിഞ്ഞു. വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയില്‍ ജനാധിപത്യമില്ലെന്ന് പറയുകയാണ് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. ഇങ്ങനെയൊക്കെ ചെയ്യുന്നവരാണ് കോണ്‍ഗ്രസിന്റെ പ്രശ്നം. സ്വന്തം രാജ്യത്തിനെതിരെ പറയുന്നതുകേള്‍ക്കുമ്പോള്‍, രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ ഏതൊരു ദേശസ്നേഹിയും പ്രതികരിക്കും. അതുതന്നെയാണ് പരാമര്‍ശത്തിന്റെ അടിസ്ഥാനം.
കോണ്‍ഗ്രസ് വിടുന്നവരുടെ എണ്ണം കൂടുന്നതെന്തുകൊണ്ട്?
കോണ്‍ഗ്രസ് രണ്ടോ മൂന്നോ പേരിലേക്ക് ചുരുങ്ങുന്നു. അതുകൊണ്ടുതന്നെ പരിണിതപ്രജ്ഞരും യുവാക്കളും ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നു. സ്ഥാനമാനങ്ങളല്ല അവരൊന്നും ആഗ്രഹിക്കുന്നത്. ജനങ്ങളെ മനസ്സിലാക്കി അവര്‍ക്കൊപ്പം നിന്ന് അവരെ സേവിക്കാന്‍ ഒരു അവസരമാണ് വേണ്ടത്. അതിന് ബിജെപിയല്ലാതെ മറ്റൊരു പ്ലാറ്റ്ഫോമില്ല. മുന്‍ കേന്ദ്രമന്ത്രിമാര്‍, മുന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ മുതല്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരെ ആ പട്ടിക നീളുന്നു. ആ പട്ടിക ഇനിയും നീളുമെന്നുറപ്പാണ്.
കോണ്‍ഗ്രസിനെ വഞ്ചിച്ചു എന്നുള്ള വിമര്‍ശനത്തെ എങ്ങനെ കാണുന്നു?
താന്‍ ആരെയും വഞ്ചിച്ചിട്ടില്ല. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളാണ് രാജ്യത്തെ വഞ്ചിക്കുന്നത്. വ്യക്തിതാല്പര്യങ്ങള് സംരക്ഷിക്കാന്‍ രാജ്യത്തെ തന്നെ വഞ്ചിക്കുന്നു. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുമായും രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്നവരുമായും കേന്ദ്ര സര്ക്കാ രിനെതിരെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് സന്ധിചെയ്യുകയാണ്.
വീരസവര്‍ക്കറെക്കുറിച്ചുള്ള അഭിപ്രായം?
ധീരനായ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു വീര സവര്‍ക്കര്‍. തീവ്രമായ അന്തരീക്ഷത്തില്‍ ഇരുപതുവര്‍ഷത്തോളം അദ്ദേഹം തടവുശിക്ഷ അനുഭവിച്ചു. അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ എന്തിന് തള്ളിപ്പറയുന്നു എന്നറിയില്ല. ഇന്നത്തെ പ്രതിപക്ഷ കൂട്ടായ്മയില്‍ തീവ്രഇടതുപക്ഷം കൂടിക്കൂടി വരുന്നതിന്റെ സൂചനകളാണിത്. ചരിത്രം പരിശോധിച്ചാല്‍ മുന്‍ പ്രധാനമന്ത്രി മാരായ ഇന്ദിരാഗാന്ധി, ലാല്‍ ബഹദൂര്‍ ശാസ്ത്രി, പി.വി. നരസിംഹ റാവു എന്നിവര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സവര്‍ക്കറെകുറിച്ച് പറഞ്ഞതും എഴുതിയതും എന്താണെന്ന് കാണാം. ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതു വായിക്കണം, മനസ്സിലാക്കണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച്?
പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിരഹിതനായ നേതാവാണ്. മോദിയെ പോലെ വ്യക്തിപ്രഭാവമുള്ള, ജനകീയനായ നേതാവ് ഇന്ത്യയില്‍ എന്നല്ല ലോകത്തില്‍ തന്നെയില്ല. മറ്റുരാഷ്ട്രത്തലവന്മാരേക്കാള് ലോകത്തെല്ലായിടത്തും ജനപ്രിയനാണ് മോദി. ഇന്ത്യയെക്കുറിച്ച് വലിയ കാഴ്ചപ്പാടുകളാണ് പ്രധാനമന്ത്രിക്കുള്ളത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്നത്തെ ഇന്ത്യയില്‍ നിന്നും വികസിത രാജ്യമാക്കാനുള്ള കാഴ്ചപ്പാടും വീക്ഷണവും പ്രയത്നവും നരേന്ദ്രമോദിക്കുണ്ട്.
ആര്‍എസ്എസിനെ എങ്ങിനെ നോക്കികാണുന്നു?
ഇന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണ് ആര്‍എസ്എസ്. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സംഘടനയാണ്. ഇന്ത്യയിലെ മറ്റേത് സംഘടനയെക്കാളും കൂടുതല്‍ സേവന സാംസ്കാരിക സാമൂഹ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന ആര്‍എസ്എസാണ്. 1963ല്‍ പ്രധാനമന്ത്രി ജവഹല്‍ലാല്‍ നെഹ്റു തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകരെ റിപ്പബ്ലിക്ദിനപരേഡിലേക്ക് ക്ഷണിച്ചിരുന്നു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുകയും നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രനിര്‍മ്മാണം, ദേശീയോദ്ഗ്രഥനം എന്നിവയ്ക്കായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നതും ഊര്‍ജ്ജം നല്‍കുന്നതും രാജ്യത്തെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ പ്രയത്നിക്കുകയും ചെയ്യുന്ന സംഘടനയാണ് ആര്‍എസ്എസ്. ആ സംഘടനയ്ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. അത് അങ്ങനെ തന്നെ മുന്നോട്ടുപോകട്ടെയെന്നാണ് ആഗ്രഹിക്കുന്നത്.
കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച?
കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും എന്നപോലെ ഇന്നല്ലെങ്കില്‍ നാളെ കേരളത്തിലും ബിജെപി ഒന്നാമത്തെ പാര്‍ട്ടിയാകും. അതു സംഭവിക്കുമെന്നുറപ്പാണ്, അതില്‍ സംശയമില്ല. ബിജെപിയുടെ നയങ്ങള്‍, പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വികസന പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കൂടുതല്‍ മനസ്സിലാക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെന്നപോലെ ബിജെപിയെ പിന്തുണയ്ക്കാനും ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കാനും കൂടുതല്‍ പേര്‍വരും.
ബിജെപിയും ന്യൂനപക്ഷങ്ങളും?
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയെകുറിച്ച് സൃഷ്ടിച്ചുവെച്ചിരിക്കുന്ന ഒരു തെറ്റായ ധാരണയുണ്ട്. വാസ്തവം അതല്ലെന്ന് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷങ്ങളായ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ലഭിക്കുന്ന പിന്തുണയില്‍ നിന്ന് മനസ്സിലാകും. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ഗോവയിലും വന്‍ഭൂരിപക്ഷത്തിലാണ് ബിജെപിയെയും സഖ്യകക്ഷികളെയും അധികാരത്തിലേറ്റുന്നത്. കുപ്രചാരണങ്ങളും തെറ്റായ ധാരണകളും ഇന്നല്ലെങ്കില്‍ നാളെ ജനം തള്ളിക്കളയും. മോദി കാണുന്നത് 140 കോടി ഇന്ത്യക്കാരെയാണ്. ഓരോ ഭാരതീയനും എങ്ങനെ മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. അതുതിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ കേരളത്തിലെ ന്യൂനപക്ഷങ്ങളും ബിജെപിക്കൊപ്പം നില്ക്കും.
സിപിഎമ്മിന്റെ ഭാവി?
സിപിഎമ്മിന് വലിയ ഭാവിയൊന്നും കാണുന്നില്ല. ഒരുകാലത്ത് ഏറ്റവും പ്രധാനപ്പെട്ട പ്രതിപക്ഷമായിരുന്നു. രാജ്യത്ത് വലിയ അടിത്തറയുണ്ടായിരുന്ന പാര്‍ട്ടിയാണ്. നിലവിലെ സാഹചര്യത്തില്‍ സിപിഎം ഭരണം കേരളത്തില്‍ മാത്രമായി ഒതുങ്ങി. സിപിഎമ്മിനെ ജനങ്ങള്‍ തിരസ്കരിക്കുന്നു. കേരളത്തില്‍കൂടി ഭരണം നഷ്ടമായിക്കഴിഞ്ഞാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ പരാജപ്പെട്ടുകഴിഞ്ഞാല് പിന്നെ കേരളത്തിലോ മറ്റേതെങ്കിലും സംസ്ഥാനത്തോ ആ പാര്‍ട്ടിക്ക് ഒരു പ്രാധാന്യം ഉണ്ടാകുമെന്ന് കരുതുന്നില്ല.
പ്രവര്‍ത്തനകേന്ദ്രം, പാര്‍ട്ടിയിലെ സ്ഥാനം?
സ്ഥാനമാനങ്ങള്‍ക്കായല്ല രാജ്യസേവനത്തിനായി ഒരു സാധാരണ പ്രവര്‍ത്തകനായാണ് ബിജെപിയില്‍ ചേര്‍ന്നത്. തന്റെ പ്രവര്‍ത്തനകേന്ദ്രം എവിടെയെന്ന് തീരുമാനിക്കേണ്ടതും എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടതും പാര്‍ട്ടി നേതൃത്വമാണ്. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാന്‍ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. അവരുടെ കാഴ്ചപ്പാടിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം നല്കി. പാര്‍ട്ടിയുടെ സ്ഥാപനദിനത്തില് തന്നെ പാര്‍ട്ടിയില്‍ ചേരാന്‍ അവസരം നല്‍കിയതിന് എല്ലാവരോടും നന്ദിയുണ്ട്.
രാഷ്ട്രീയവും കുടുംബവും?
അച്ഛനോടുള്ള സ്നേഹവും ബഹുമാനവും എന്നും നിലനില്ക്കും. അച്ഛന്റെ അനുഗ്രഹം തനിക്ക് എന്നുമുണ്ടാകും. വീട്ടില്‍ നാലുപേരുണ്ട്. അച്ഛനും അമ്മയും സഹോദരനും ഞാനും. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. താന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അച്ഛനെയാണ്. ബിജെപിയില്‍ ചേര്‍ന്നത് ശരിയായ ചുവടുവെപ്പാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു. അച്ഛനോടുള്ള സ്നേഹവും ബഹുമാനവും അതേപടി നിലനില്ക്കും. രാഷ്ട്രീയം കുടുംബത്തിനുള്ളില്‍ ഒരിക്കലും ഭിന്നതയുണ്ടാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: