അഹമ്മദാബാദ്: അവസാന ഓവറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി പന്തെറിയാന്‍ എത്തിയത് യാഷ് ദയാല്‍. ക്രീസിലുണ്ടായിരുന്ന ഉമേഷ് യാദവ്. ആദ്യ പന്ത് സിംഗിളെടുത്ത് സ്ട്രൈക്ക് റിങ്കു സിങിന് കൈമാറി. തുടർന്നുള്ള അഞ്ച് പന്തുകൾ സിക്സറിലേക്ക് പായിച്ച് റിങ്കു സിങ്ങ് അവിശ്വസനീയമായ വിജയലക്ഷ്യം നേടി. എന്തും ട്വന്‍റി ട്വന്‍റിയില്‍ നടന്നേക്കുമെന്ന് റിങ്കു സിങ്ങ് തെളിയിച്ചു.
തോറ്റെന്ന് ഉറപ്പിച്ച മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ജയിച്ചുകയറി. കാരണം അസാധ്യമായ ലക്ഷ്യമാണ് റിങ്കു സിങ്ങ് നേടിക്കൊടുത്തത്. അങ്ങിനെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, എതിരാളികളായ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്ന് വിക്കറ്റിനാണ് വിജയിച്ചത്.
205 റൺസ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റുചെയ്ത കൊൽക്കത്തയ്‌ക്കുവേണ്ടി അവസാനത്തെ തുടര്‍ച്ചയായ അഞ്ച് സിക്സറുകളിലൂടെ റിങ്കു സിങ് വിജയം നേടിയത്. 21 പന്തിൽ ആറ് സിക്സറും ഒരു ഫോറും നേടി റിങ്കു സിങ് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 204 റൺസ് അടിച്ചുകൂട്ടുകയായിരുന്നു. പുറത്താകാതെ 63 റൺസെടുത്ത വിജയ് ശങ്കറാണ് ഗുജറാത്തിന് വമ്പൻ ടോട്ടൽ സമ്മാനിച്ചത്. അഞ്ച് സിക്സറും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു വിജയ് ശങ്കറിന്റെ ഇന്നിംഗ്സ്. സായ് സുദർശൻ 53 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്തയ്‌ക്ക് വേണ്ടി വെങ്കിടേഷ് അയ്യർ നേടിയ 83 റൺസും നായകൻ നിതീഷ് റാണ 45 റൺസും നേടി കൊൽക്കത്തയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. ഒടുവില്‍ അവിശ്വസനീയ പ്രകടനത്തിലൂടെ റിങ്കു സിങ്ങ് കൊല്‍ക്കത്തയ്‌ക്ക് എന്നും മധുരിക്കുന്ന വിജയവും നല്‍കി.
ഗുജറാത്ത് ലയൺസിനെ നയിച്ച റാഷിദ് ഖാൻ മത്സരത്തില്‍ ഹാട്രിക്ക് നേടിയതും അവിസ്മരണീയമായി. ഈ ഐപിഎല്ലിലെ ആദ്യ ഹാട്രിക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: