യു.പി. സന്തോഷ്
8921447875
ഒരു വിഷുക്കാലം കൂടി കര്‍ണികാരം ചൂടി കടന്നുവരുമ്പോള്‍ ബാല്യകൗമാരങ്ങളിലെ വിഷുക്കാലത്തിന്റെ മധുരസ്മരണകള്‍ അയവിറക്കുന്നത് മേടച്ചൂടിന്റെ ഊഷരതയ്‌ക്ക് മേല്‍വീഴുന്ന മഴത്തുള്ളികള്‍ പോലെയാണ്. നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമ്യഭാഷാപദങ്ങളെയും നാട്ടുവഴക്കങ്ങളെയും ഓര്‍മ്മപ്പെടുത്തുകയും, സ്വച്ഛസുന്ദരമായ അവതരണശൈലിയിലൂടെ ഗൃഹാതുരസ്മരണകളെ ഉണര്‍ത്തുകയും ചെയ്യുന്നു എന്നതാണ് രജനി സുരേഷ് എഴുതിയ ‘വള്ളുവനാടന്‍ വിഷുക്കുടുക്ക’ എന്ന പുസ്തകത്തിന്റെ സവിശേഷത. വള്ളുവനാടന്‍ ഭാഷയില്‍ അതിമനോഹരമായി കഥകളെഴുതുന്നയാള്‍ എന്ന നിലയില്‍ ഇതിനകം പ്രശസ്തയായിക്കഴിഞ്ഞ രജനി സുരേഷിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണിത്. പതിനാല് ഖണ്ഡങ്ങളിലായി വിവരിക്കുന്ന വിഷുക്കാല ഓര്‍മ്മകളിലെല്ലാം വിഷുക്കുടുക്ക ഒരു പ്രധാനകഥാവസ്തുവാണ്.
എഴുത്തുകാരി ജനിച്ചുവളര്‍ന്ന വീടും പരിസരവും വീട്ടുകാരും അയല്‍ക്കാരുമൊക്കെയാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലുള്ളത്. ഒരു വിഷുവിന് മുത്തച്ഛന്‍ സമ്മാനിച്ച വിഷുക്കുടുക്ക തുടര്‍ന്നുള്ള വിഷുക്കാലങ്ങളില്‍ കൈനീട്ടം ഇട്ടുവയ്‌ക്കാനായി സൂക്ഷിച്ചു. ആ വിഷുക്കുടുക്കയെ കേന്ദ്രീകരിച്ചാണ് ഓര്‍മ്മകളോരോന്നും വിരിയുന്നത്. അതുകൊണ്ടാവാം പുസ്തകത്തിന്റെ പേര് വള്ളുവനാടന്‍ വിഷുക്കുടുക്ക എന്നായത്. പുതിയകാലത്ത് ഈ ഓര്‍മ്മകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അവതാരികയില്‍ കെ. ജയകുമാര്‍ പറയുന്നു. ”ജീവിതം സങ്കീര്‍ണമാവുകയും നാട്ടുവഴക്കങ്ങളും ആചാരസൗഭാഗ്യങ്ങളുമെല്ലാം പരുക്കന്‍ പ്രായോഗികതയുടെയും യുക്തിചിന്തയുടെയും കൊടുംവെയിലിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഹൈടെക് ലോകത്ത് വിഷുവിനും മറ്റുമുള്ള ഗതകാല ചാരുത ഇനിയുണ്ടാവുമോ” എന്ന് ആശങ്കപ്പെടുന്നുണ്ട് അദ്ദേഹം. ഗൃഹാതുരതയുടെ ചിത്രപാളിയായി മാത്രം പരിഗണിക്കാവതല്ല ഈ കൃതിയെന്നും അതിനതീതമായ പ്രസക്തിയുണ്ട് ഈ ഓര്‍മ്മച്ചിത്രങ്ങള്‍ക്കെന്നും അദ്ദേഹം പറയുന്നു.
നമ്മുടെ നാടോടിപാരമ്പര്യത്തിന്റെ ഭാഗമായുള്ള ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമെല്ലാം മനോഹരമായി അവതരിപ്പിക്കുന്നുണ്ട് ഈ കൃതിയില്‍. പ്രത്യേകിച്ച് വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍. തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് അത്രകണ്ട് പരിചിതമായിരിക്കില്ല മലബാര്‍ പ്രദേശത്തെ വിഷുവിന്റെ ആചാരങ്ങള്‍. വള്ളുവനാടന്‍ വിഷുവാചാരങ്ങള്‍ക്ക് ഒരു പ്രത്യേകസൗന്ദര്യമുണ്ടെന്നും തോന്നിപ്പോകുന്നു. അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചില വസ്തുക്കളുടെയും മറ്റും പേരുകളും ചില ചടങ്ങുകളും ഏറെ ആകര്‍ഷകവും അനന്യസാധാരണവുമാണ്. വല്ലോട്ടി പോലുള്ള വസ്തുക്കളും കൈക്കോട്ടുചാല്‍ പൂജ പോലുള്ള അനുഷ്ഠാനങ്ങളുമൊക്കെ ഇതിനുദാഹരണങ്ങളാണ്.
കേരളത്തിലെ ഏറ്റവും മനോഹരമായ സംസാരഭാഷ വള്ളുവനാടന്‍ ആണെന്ന് പലരും പറയാറുണ്ട്. അതുകൊണ്ടാവാം മുമ്പ് മലയാള സിനിമയിലെ സ്ഥിരം ഭാഷ വള്ളുവനാടന്‍ ശൈലിയിലായിരുന്നു. ഏത് നാട്ടില്‍ നടക്കുന്ന കഥയായാലും സംഭാഷണം വള്ളുവനാടന്‍ ശൈലിയില്‍ എന്നായിരുന്നു പതിവ്. അടുത്തകാലത്താണ് ഈ പതിവ് മാറിയത്. മലയാളത്തിലെ എല്ലാ ഭാഷാഭേദങ്ങള്‍ക്കും (ഉശഹലരെേ) അതിന്റേതായ സൗന്ദര്യമുണ്ടെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞുതുടങ്ങി. അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ തൃശ്ശൂര്‍ ഭാഷയും സുരാജ് വെഞ്ഞാറമൂടിന്റെ തിരുവനന്തപുരം സ്ലാങും മാമുക്കോയയുടെ കോഴിക്കോടന്‍ ശൈലിയുമെല്ലാം ആളുകള്‍ക്ക് ഇഷ്ടമാണ്. എന്നാലും വള്ളുവനാടന്‍ ശൈലിക്ക് അതിന്റേതായ ഒരു മാധുര്യമുണ്ട്. ‘മലയാളഭാഷതന്‍ മാദകഭംഗി…’ എന്നൊക്കെ പറയുന്നതുപോലെ. ആ ഭാഷയില്‍ ഇനിയുമിനിയും കഥകളും ഓര്‍മ്മക്കുറിപ്പുകളുമെഴുതാന്‍ രജനി സുരേഷിന് സാധിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: