Categories: Varadyam

കാവ്യാനുഭൂതിയുടെ രസതന്ത്രം

Published by

ഡോ. വി. സുജാത

9495627908

പാശ്ചാത്യവും നവീനവുമായ കാവ്യവിചാരധാരകളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ പൗരാണിക ഭാരതീയ കാവ്യവിചാരത്തിന്റെ മുഖമുദ്രയെന്നത് കാവ്യരസാനുഭൂതിയുടെ അലൗകികതയാണെന്ന് കാണാനാവും. കാവ്യത്തിന്റെ പ്രധാന ഘടകങ്ങള്‍ ആരാഞ്ഞ ഭാരതീയ കാവ്യമീമാംസകര്‍ പൊതുവെ ഭരതമുനിയുടെ നാട്യശാസ്ത്രമാണ് പ്രാമാണിക ഗ്രന്ഥമായി കണക്കാക്കുന്നത്. കാവ്യശാസ്ത്രം നാട്യശാസ്ത്രത്തില്‍ നിന്നു വ്യത്യസ്തമാണെങ്കിലും നാട്യത്തിന്റെ അംഗങ്ങളാകുന്ന പാഠ്യം, ഗീതം, ഭാവം, രസം എന്നിവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ കാവ്യത്തിനും പ്രസക്തമാണ്. അതിനാല്‍ പില്‍ക്കാലത്തുണ്ടായ കാവ്യശാസ്ത്ര വിചാരത്തിലും ഭരതമുനിയുടെ സിദ്ധാന്തങ്ങള്‍ക്ക് പ്രഥമസ്ഥാനം ലഭിക്കുകയുണ്ടായി.  

ഭരതമുനി മനസ്സിന്റെ വിവിധ ഭാവങ്ങളെ സ്ഥിരതയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കുകയുണ്ടായി. ഇപ്രകാരം രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്‌സ, വിസ്മയം എന്നിങ്ങനെ എട്ട് സ്ഥായീഭാവങ്ങളെ അംഗീകരിച്ചു. പില്‍ക്കാലത്ത് കാവ്യമീമാംസകര്‍ ‘നിര്‍വേദം’ എന്നൊരു ഭാവംകൂടി ഈ പട്ടികയില്‍പ്പെടുത്തി. നാട്യശാസ്ത്രത്തില്‍ നിര്‍വേദത്തിന് പ്രസക്തിയില്ല. കാരണം മറ്റ് ഭാവങ്ങളുടെയെല്ലാം ശമനമാണ് നിര്‍വേദം അഥവാ വൈരാഗ്യം. അത് മറ്റ് ഭാവങ്ങളെ ദൂരീകരിക്കുന്നതാണ്. ഏതെങ്കിലും പ്രകാരത്തിലുള്ള മാനസിക വൃത്തികളോ ശാരീരിക ചേഷ്ടകളോ ഇല്ലാത്തതാണ് ഈ അവസ്ഥ. ഇവയൊന്നുമില്ലാതെ നാട്യം സംഭാവ്യമല്ല. അതിനാല്‍ നാട്യത്തില്‍ നിര്‍വേദം ഉള്‍പ്പെടുന്നില്ല. പക്ഷേ നിര്‍വേദം മനസ്സിന്റെ ഒരു സാമാന്യാവസ്ഥയാണ്. അതില്‍നിന്നുണ്ടാകുന്ന ശാന്തി ഒരനുഭൂതിയും രസവുമാണ്. അതിനാല്‍ കാവ്യത്തില്‍ ഒമ്പതു ഭാവങ്ങളും ഒമ്പതു രസങ്ങളും അംഗീകരിക്കുകയുണ്ടായി.  

രസാസ്വാദനം അറിയുക

കലയുടെ മുഖ്യധര്‍മം രസമാണെന്നത് ഭാരതത്തില്‍ പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നു. കാവ്യമീമാംസകരും ഈ സിദ്ധാന്തത്തെ പിന്‍പറ്റി. അങ്ങനെ നാട്യരസം കാവ്യമീമാംസയില്‍ കാവ്യരസമായി. എന്നല്ല, കാവ്യത്തിന്റെ ആത്മാവായിത്തന്നെ  നിലനിന്നു. സ്ഥായീഭാവത്തില്‍ നിന്നാണ് രസോല്‍പ്പത്തിയെന്നും, വിഭാവം, അനുഭാവം, സഞ്ചാരീഭാവം എന്നിവ ചേരുമ്പോഴാണ് സ്ഥായീഭാവത്തില്‍ നിന്ന് രസമുണ്ടാകുന്നതെന്നുമാണ് ഭരതമുനിയുടെ സിദ്ധാന്തം. ആരെ അല്ലെങ്കില്‍ എന്തിനെ ആശ്രയിച്ച് സ്ഥായീഭാവം ഉദ്ദീപ്തമാകുന്നുവോ അതാണ് വിഭാവം. വ്യക്തിയോ വസ്തുവോ വിശ്വപ്രകൃതിയോ വിഭാവമാകാം. ഈ വിഭാവത്തില്‍ നായകന്‍ നായികയ്‌ക്കും നായിക നായകനും പ്രകൃതി വര്‍ണനയില്‍ പ്രകൃതിയും വിഭവങ്ങളാകുന്നു. വിഭാവത്താല്‍ ഉണര്‍ത്തപ്പെടുന്ന സ്ഥായീഭാവത്തെ സഹൃദയര്‍ക്ക് അനുഭവവേദ്യമാക്കാന്‍ ഉപയോഗപ്പെടുത്തുന്ന വ്യാപാര വിശേഷങ്ങളുണ്ട്. കോപത്താല്‍ കണ്ണുരുട്ടുക, ഭയത്താല്‍ വിറയ്‌ക്കുക മുതലായവ അനുഭവങ്ങളാകുന്നു. സഞ്ചാരീഭാവം സ്വരൂപത്തില്‍ സ്ഥായീഭാവങ്ങള്‍ക്കു തുല്യമാണെങ്കിലും അസ്ഥിരമാണ്. ചില സന്ദര്‍ഭങ്ങളെ ആശ്രയിച്ചു മാത്രം നില്‍ക്കുന്നവയാണ് സഞ്ചാരി അഥവാ വ്യഭിചാരി ഭാവങ്ങള്‍. അസൂയ, ലജ്ജ, ശങ്ക മുതലായ സഞ്ചാരീഭാവങ്ങള്‍ പ്രത്യേക കാരണം കൂടാതെ ഉണ്ടാകുന്നില്ല. കാരണം നീങ്ങുമ്പോള്‍ അവയ്‌ക്ക് മാറ്റം സംഭവിക്കുന്നു.

സ്ഥായീഭാവമാണ് രസരൂപത്തില്‍ ഭുജിക്കപ്പെടുന്നതെങ്കിലും സ്ഥായീഭാവവും രസവും തമ്മില്‍ വ്യത്യാസമുണ്ട്. സ്ഥായീഭാവം ചിലപ്പോള്‍ വ്യക്തമായും മറ്റ് സമയങ്ങളില്‍ അവ്യക്തമായും വ്യക്തികളില്‍ സദാ സ്ഥിതിചെയ്യുന്നു. എന്നാല്‍ രസത്തിനാകട്ടെ പ്രേരക ഘടകങ്ങളുടെ കാലാവധി മാത്രമേ ഉണ്ടായിരിക്കൂ. ഇതു കാരണമാണല്ലോ സാധാരണക്കാരിലും സ്ഥായീഭാവമുണ്ടെങ്കിലും അത് രസാനുഭൂതിയാകാത്തത്. ഇങ്ങനെ സ്ഥായീഭാവവും രസവും വ്യത്യസ്തമായതുകൊണ്ടുതന്നെ സ്ഥായീഭാവത്തില്‍ നിന്നു രസമുണ്ടാകുന്നത് എപ്രകാരമാണെന്നത് കാവ്യമീമാംസയിലെ മുഖ്യ ചര്‍ച്ചാ വിഷയമായി.

ഭാവവും രസവും മനസ്സിന്റെ വികാരാംശങ്ങളാണെങ്കിലും സാധാരണ വികാരവും കാവ്യത്തിലെ വികാരവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അതുകൊണ്ടാണല്ലോ വൈയക്തിക ജീവിതത്തില്‍ ഭയത്തിന്റെയോ  ശോകത്തിന്റെയോ വികാരം നമ്മള്‍ ഇഷ്ടപ്പെടാത്തത്. എന്നാല്‍ കലാസാഹിത്യത്തിലൂടെ പ്രകടമാകുമ്പോള്‍ അത് ആസ്വദിക്കുന്നു. പല ദുരന്ത കഥകളും നമ്മള്‍ പല ആവര്‍ത്തി വായിച്ച് രസിക്കാറുണ്ട്. ഇതിന് കാരണമെന്താണ്? തോതഭട്ടന്റെ സിദ്ധാന്തമനുസരിച്ച് ലൗകിക വിഷയങ്ങള്‍ പോലും കാവ്യാദികളില്‍ വര്‍ണിക്കപ്പെടുമ്പോള്‍ ലോകവ്യവഹാരത്തില്‍നിന്നു വ്യത്യസ്തമാകുന്നു.  

ലോക വ്യവഹാരത്തിന്റെ സവിശേഷതയെന്നത് വിഷയം വ്യക്തിഗത ബന്ധം പുലര്‍ത്തുന്നതാണ്. എന്നാല്‍ കാവ്യനാടകങ്ങളില്‍ വിഷയത്തെ വൈയക്തികതയുടെ സീമകളില്‍ നിന്നു മുക്തമാക്കുന്ന മനോവ്യാപാരം നടക്കുന്നു. വസ്തുക്കളുടെ മാനസ സാക്ഷാത്കാരമാണ് ഈ വ്യാപാരം. ഇതിനെയാണ് തോതഭട്ടന്‍ അനുവ്യവസായം എന്നു വിളിച്ചത്. ലോക വ്യവഹാരത്തില്‍ അര്‍ത്ഥങ്ങളുടെ സ്വരൂപം ലൗകികമായിരിക്കും. അതായത് ഇന്ദ്രിയാധിഷ്ഠിതമായിരിക്കും. എന്നാല്‍ കാവ്യനാടകങ്ങളില്‍ അനുവ്യവസായം മൂലം ശബ്ദാര്‍ത്ഥങ്ങള്‍ അലൗകികാവസ്ഥയിലേക്ക് ഉയര്‍ത്തപ്പെടുന്നു. അതായത് ഇന്ദ്രിയാധിഷ്ഠിത വസ്തുവിനോടുള്ള വിശേഷബുദ്ധി ലോപിക്കുന്നതുമൂലം വിഷയത്തിന്റെ വിശേഷ സ്വഭാവം നഷ്ടപ്പെടുകയും, അത് സാര്‍വ്വലൗകികമായിത്തീരുകയും ചെയ്യുന്നു. നായികാനായകന്മാരെ വിശേഷരൂപത്തില്‍ ഗ്രഹിച്ചാല്‍ സഹൃദയര്‍ അവരില്‍ പരകീയ സ്വഭാവം പുലര്‍ത്തും. അതിനാല്‍ ഉദാസീനമായിരിക്കും. നേരെമറിച്ച് സമാനമായ അലൗകിക വ്യാപാരത്തിലൂടെ വിശേഷബുദ്ധി ലോപിക്കുന്നതിനാല്‍ സഹൃദയര്‍ക്ക് അവരുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്നു. തല്‍ഫലമായി രസാസ്വാദനം സംഭവിക്കുന്നു.

ആനന്ദമയമായ വിശ്രാന്തി

ഇനി കാവ്യ വ്യവഹാരത്തില്‍ ഭാവങ്ങളുടെ സ്ഥിതി എന്തെന്നു നോക്കാം. ഭാവങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ സ്വാഭാവികമായിട്ടുള്ള സാമാന്യഘടകങ്ങളാണ്. ഇവയാണ് വൈകാരികാനുഭവം സാധ്യമാക്കുന്നത്. ഒരു സാധാരണ ലൗകികാനുഭവത്തില്‍ ഭാവങ്ങള്‍ ഇന്ദ്രിയ വിഷയത്തിലേക്കും വൈയക്തിക തലത്തിലേക്കും ബന്ധിപ്പിക്കപ്പെടുന്നു. എന്നാല്‍ കലാസാഹിത്യ നിര്‍മിതിയിലും അവയുടെ രസാസ്വാദനത്തിലും കലാവസ്തു ഭാവിതമായിത്തീരുന്നു. അതായത് കലാവസ്തു സാധാരണയായിട്ടുള്ള അര്‍ത്ഥതലം വിട്ട് ഭാവനാതലത്തിലേക്ക് കടക്കുന്നു. ഈ ഭാവിതവസ്തുവിന്റെ മാധ്യമത്തിലൂടെ ഇന്ദ്രിയ തലത്തെയും വൈയക്തിക തലത്തെയും അതിശയിക്കുന്ന സാമാന്യഭാവങ്ങള്‍ അവയുടെ കേവലാവസ്ഥയില്‍ ഉദ്ദീപ്തമാക്കപ്പെടുന്നു. ഭട്ടനായകന്‍ ഈ വ്യാപാരത്തെ സാധാരണീകരണം എന്നു വിളിക്കുന്നു. ഇപ്രകാരം ഉദ്ദീപ്തമാക്കപ്പെടുന്ന കേവലഭാവമാണ് രസമായി അനുഭവപ്പെടുന്നത്.

രസാനുഭൂതിയുടെ വിശദീകരണത്തില്‍ ഭട്ടനായകന്‍ സാംഖ്യ സിദ്ധാന്തത്തെയാണ് പ്രയോജനപ്പെടുത്തുന്നത്. സാംഖ്യയോഗത്തിന്റെ ദൃഷ്ടിയില്‍ നമ്മുടെ അന്തഃകരണം സദാ സംഘര്‍ഷപൂരിതമാണ്. ഇതിനു കാരണം അന്തഃകരണത്തിന്റെ ഘടകങ്ങളാകുന്ന സത്വരജസ്തമോ ഗുണങ്ങളുടെ നിരന്തരമായ ഏറ്റുമുട്ടലാണ്. ജ്ഞാനം, ബുദ്ധി, ഹൃദയ നൈര്‍മല്യം മുതലായവ സത്വഗുണ പ്രധാനം. സങ്കല്‍പ്പം, ആഗ്രഹം, രാഗം, ഭാവന മുതലായവ രജോഗുണ പ്രധാനം. അജ്ഞാനം, ദ്വേഷം, പ്രമാദം, ആലസ്യം മുതലായവ തമോഗുണ പ്രധാനവുമാണ്. കാവ്യത്തിന്റെ രസാനുഭൂതിയാകുന്ന ഉത്കര്‍ഷാവസ്ഥയില്‍ ചിത്തത്തില്‍ സത്വഗുണത്തിന്റെ പ്രാമുഖ്യവും മറ്റ് ഗുണങ്ങളുടെ കുറവും സംഭവിക്കുന്നു എന്നാണ് ഭട്ടനായകന്റെ വാദം. രാഗദ്വേഷ വിമുക്തമായ ഭാവങ്ങളുടെ നിര്‍മലാവസ്ഥയെന്നത് സത്യത്തിന്റെ ഭാവാത്മകമായ തലമാണെന്നതിനാല്‍ ബ്രഹ്‌മാനന്ദത്തിനു സദൃശമായ ആനന്ദമാണ് ഭുജിക്കപ്പെടുന്നതെന്നാണ് ഭട്ടനായകന്‍ സിദ്ധാന്തിച്ചത്.

ഭട്ടനായകന്റെ സാധാരണീകരണം അഭിനവ ഗുപ്തനും അംഗീകരിക്കുന്നുണ്ട്. അന്തഃകരണത്തില്‍  വാസനാത്മകമായിരിക്കുന്ന സ്ഥായീഭാവങ്ങള്‍ തന്നെയാണ് സാധാരണീകൃതമായിട്ട് രസരൂപത്തില്‍ അഭിവ്യക്തമാകുന്നതെന്ന് സ്പഷ്ടമായി വിശദീകരിച്ചത് അഭിനവ ഗുപ്തനായിരുന്നു. സ്ഥായീഭാവം സാധാരണീകൃതവും നിര്‍വിഘ്‌നവും ആകുമ്പോള്‍ അതിന്റെ ആസ്വാദനം ആനന്ദമായിത്തീരുന്നു. ലൗകികമായ അനുഭവങ്ങളില്‍ നാം ദേശകാല സീമകളിലും വൈയക്തികമായ അതിരുകള്‍ക്കുള്ളിലും ഒതുങ്ങിപ്പോകുന്നതിനാല്‍ ഒരു ദൃശ്യത്തിന്റെയും വാസ്തവികമായ അനുഭൂതി നിര്‍വിഘ്‌നതയോടെ നേടാന്‍ നമുക്ക് കഴിയുന്നില്ല. അത് സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആഗ്രഹം പോലുള്ള ചിന്തകളാല്‍ വിഘ്‌നം നേരിടുന്നു. എന്നാല്‍ കാവ്യരസാനുഭൂതിയില്‍ ചിത്തം ഇത്തരം ലൗകിക ചിന്തകളില്‍ നിന്നൊക്കെ മുക്തമായി ആനന്ദമയമായ വിശ്രാന്തി അനുഭവിക്കുന്നു.

പ്രാചീന ഗ്രീക്ക് ചിന്തകനായിരുന്ന അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിലും കലയുടെ ഒരു പ്രധാന ധര്‍മം വികാരശുദ്ധീകരണം (രമവേമൃശെ)െ ആണ്. കലയിലൂടെ പ്രകടമാകുമ്പോള്‍ വികാരങ്ങള്‍ മാലിന്യമുക്തമാവുകയും ഉദാത്തവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ‘കഥാര്‍സിസ്’ എന്ന ഈ ആശയം പ്രാചീന ഗ്രീക്ക് വൈദ്യ ശാസ്ത്രത്തിലുമുണ്ടായിരുന്നു. അതായത് ശരീരത്തിന് രോഗബാധ വരുത്തുന്ന അധിക ധാതുക്കളുടെ ബഹിര്‍ഗമനം വഴി ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനാകും എന്നതായിരുന്നു ആശയം. ഇതുപോലെ മനസ്സിലെ വികാരം കലയിലൂടെ പ്രകടമാകുമ്പോള്‍ അവ നിഷ്‌കാസിതമാകുന്നു. വികാരങ്ങള്‍ സന്തുലിതാവസ്ഥ പ്രാപിക്കുന്നതോടെ അവയുടെ സ്വാഭാവികമായിട്ടുള്ള കേവലാവസ്ഥ പുനഃസ്ഥാപിക്കപ്പെടുന്നു.

ഇങ്ങനെ മനസ്സിന് സഹജമായിട്ടുള്ളവയും സാമാന്യങ്ങളുമായ ഭാവങ്ങളെ കലാ സാഹിത്യ വസ്തുവിലൂടെ അവയുടെ കേവലാവസ്ഥയില്‍ അനുഭവിക്കലാണ് രസാനുഭൂതി. ഈ സിദ്ധാന്തമനുസരിച്ച് കലാസാഹിത്യ സാഹിത്യരചയിതാക്കളും സഹൃദയരും ശുദ്ധാവസ്ഥയിലുള്ള തങ്ങളുടെ തന്നെ സ്ഥായീഭാവത്തെ ഭുജിച്ചാണ് ആനന്ദചിത്തരായിത്തീരുന്നത്. രസം വസ്തുനിഷ്ഠമല്ല, ആത്മനിഷ്ഠമാണ് എന്നതുതന്നെയാണ് ഇതിനര്‍ത്ഥം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by