ജന്മഭൂമിക്ക് പത്രപ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലയിലും ഏറെ പ്രാഗത്ഭ്യം തെളിയിച്ച, മാധ്യമപ്രവര്‍ത്തന പരിചയം പരമാവധിയുള്ള മുഖ്യപത്രാധിപരെ ലഭിച്ചത് വി.എം.കൊറാത്ത് ആ സ്ഥാനത്തെത്തിയപ്പോഴാണ്. ക്രമം പറഞ്ഞാല്‍, പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ തലപ്പത്തെത്തിയ നാലാമത്തെ പത്രാധിപരാണ് വി.എം. കൊറാത്ത്; അതേസമയം മൂന്നാമത്തെ പത്രാധിപരും. പി.വി.കെ. നെടുങ്ങാടി 1975നു ശേഷം 78ല്‍ വീണ്ടും പത്രാധിപത്യത്തില്‍ എത്തിയിരുന്നല്ലോ.
പി.കെ.വേലായുധ മേനോനാണ് വി.എം. കൊറാത്തായി മാറിയത്. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരു പ്രധാന അധ്യായം തന്നെയാണ് വി.എം. കൊറാത്ത്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തേ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ അദ്ദേഹം മാതൃഭൂമി പത്രത്തില്‍ പ്രൂഫ് റീഡറായി ജോലി തുടങ്ങി പത്രാധിപരായി വിരമിച്ചയാളാണ്. അത് മറ്റൊരു ചരിത്രമാണ്; ഒരു ദിവസം മാത്രം ആ സ്ഥാനത്തിരുന്ന പത്രാധിപര്‍!
മാധ്യമപ്രവര്‍ത്തനത്തില്‍ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു വി.എം. കൊറാത്ത്. മാധ്യമ ജീവനക്കാരെ സംഘടിപ്പിച്ചു. അവരുടെ അവകാശങ്ങള്‍ക്കായി സമരം നയിച്ചു; പത്രപ്രവര്‍ത്തന ധര്‍മ്മങ്ങള്‍ പാലിച്ചുതന്നെ. കേരളത്തിലെ ഏറ്റവും മികച്ചരീതിയില്‍ മുഖപ്രസംഗം എഴുതുന്നയാള്‍ എന്ന ഖ്യാതി അദ്ദേഹത്തിനായിരുന്നു. സംസ്‌കാരം, കല, ആദ്ധ്യാത്മികത, ഗാന്ധിസം എന്നിങ്ങനെ സകല വിജ്ഞാനീയത്തിലും അറിവുറ്റയാളായിരുന്നു കൊറാത്ത്. കേളപ്പജിയുടെ വലംകൈയായിനിന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സര്‍വോദയ പ്രവര്‍ത്തനത്തിലും ക്ഷേത്ര സംരക്ഷണത്തിലും അദ്ദേഹത്തെ നയിച്ചു. കേരളത്തിലെ എക്കാലത്തേയും മികച്ച കലാ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തന സംഘടനയായ തപസ്യയുടെ തുടക്കത്തിന് നയിച്ച സാംസ്‌കാരിക പ്രവര്‍ത്തകരില്‍ കൊറാത്ത് ഉണ്ടായിരുന്നു.
പത്രപ്രവര്‍ത്തനത്തിന് പുതിയ മാനവും മാനദണ്ഡങ്ങളുമുണ്ടാക്കി. ആ മേഖലയില്‍ വിപ്ലവങ്ങള്‍ കൊണ്ടുവന്നു. കൃഷിയേയും കര്‍ഷകനേയും പത്രത്താളുകളില്‍ കയറ്റി. ഞായറാഴ്ചവായനയ്‌ക്ക് പത്രത്തിന് പുതിയ ഇടമുണ്ടാക്കി. പത്രത്തിന്റെ മുഖപ്രസംഗത്തിന് വായനക്കാരെ പ്രബോധിപ്പിക്കാനും പ്രചോദിപ്പിക്കാനും കരുത്തേകി. ജനാധിപത്യ ധ്വംസനമായിരുന്ന അടിയന്തരാവസ്ഥയ്‌ക്കെതിരേ പരസ്യമായി തെരുവിലറങ്ങി. സംസ്‌കാരത്തിന്റെ സംരക്ഷകനായി, ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് കേരള ഗാന്ധി കേളപ്പജി (കെ. കേളപ്പന്‍) യുടെ വലംകൈയായി. തപസ്യ എന്ന സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി, സാംസ്‌കാരിക ധാരയില്‍ ഋഷിപൈതൃകത്തിലും പ്രോക്തത്തിലുമെത്തി അവയുടെ പ്രഘോഷകനായി. ജന്മഭൂമിയുടെ മുഖ്യപത്രാധിപരായി. മുന്‍പരിചയങ്ങളും അനുഭവങ്ങളും അദ്ദേഹം ജന്മഭൂമിയിലൂടെ നടപ്പാക്കി.
ജന്മഭൂമിയില്‍ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിന്റെ രണ്ടാമൂഴമായിരുന്നുവെന്ന് കൊറാത്ത് തന്നെ ആത്മകഥയായ ‘ഓര്‍മ്മയിലെ നിലാവി’ല്‍ പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ജന്മഭൂമി, എന്തുചെയ്തു ജന്മഭൂമിയില്‍ എന്ന് അദ്ദേഹം സ്വയം വിവരിക്കുന്നു:
”അടിയന്തരാവസ്ഥയ്‌ക്കു ശേഷം കൊച്ചിയില്‍നിന്ന് എം.പി. മന്മഥന്റെ പത്രാധിപത്യത്തില്‍ ജന്മഭൂമി വീണ്ടും പ്രസിദ്ധീകരണം തുടങ്ങി. നല്ലൊരു പത്രം പ്രസിദ്ധീകരിക്കുന്നതിനുള്ള സാഹചര്യമുണ്ടെന്നറിഞ്ഞപ്പോള്‍ എനിക്ക് ഉത്സാഹം തോന്നി. എന്റെ കഴിവുകള്‍ ജന്മഭൂമിക്കുവേണ്ടി ഉപയോഗപ്പെടുത്തുമെന്ന് ഞാന്‍ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ കൊച്ചിയില്‍ പോയി ഒറ്റയ്‌ക്ക് താമസിക്കുന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ അല്‍പ്പം വൈമനസ്യം. ആയിടയ്‌ക്ക് ആര്‍എസ് എസ്സിന്റെ അന്നത്തെ പ്രാന്ത പ്രചാരക് (സംസ്ഥാന ജനറല്‍ സെക്രട്ടറി) ആര്‍. ഹരി കോഴിക്കോട്ട് വന്നപ്പോള്‍ അദ്ദേഹത്തെക്കണ്ട് ഞാന്‍ ഇക്കാര്യം സൂചിപ്പിക്കുകയുണ്ടായി. ‘താമസത്തെച്ചൊല്ലി വിഷമിക്കണ്ട, സംഘത്തിന്റെ സംസ്ഥാന കാര്യാലയമായ മാധവനിവാസില്‍ അതിന് സൗകര്യമേര്‍പ്പെടുത്താം’ എന്ന് ഹരിയേട്ടന്‍ പറഞ്ഞു. എനിക്ക് വലിയ ആശ്വാസമായി. പത്രത്തിന്റെ പുനഃപ്രസിദ്ധീകരണം ഉദ്ഘാടനം ചെയ്തത് ബിജെപി നേതാവ് എല്‍.കെ. അദ്വാനിയാണ്. പാര്‍ട്ടിയുടെ മുഖപത്രമാണെങ്കിലും, പത്രങ്ങളിലെ വാര്‍ത്തകള്‍ വസ്തുനിഷ്ഠമായിരിക്കണമെന്നും എങ്കില്‍ മാത്രമേ വായനക്കാരുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞത് എന്റെ നിലപാടിന് പിന്‍ബലമായി. മുഖപ്രസംഗമെഴുത്തിന്റെ മുഖ്യചുമതലയും എനിക്ക് വഹിക്കേണ്ടിവന്നു. പെരുന്ന കെ.എന്‍. നായരും സി.എം. കൃഷ്ണനുണ്ണിയും കുറച്ചുകാലം സ്റ്റാഫിലുണ്ടായിരുന്നു. പെരുന്ന, ദീന ബന്ധുവിലൂടെ പത്രപ്രവര്‍ത്തനത്തില്‍ തഴക്കം നേടിയ ആളാണ്. രാഷ്‌ട്രീയ ലേഖനങ്ങള്‍ എഴുതുന്നതില്‍ കൃഷ്ണനുണ്ണി നിപുണനാണ്.
കുമ്മനം രാജശേഖരന്‍ മാനേജിങ് എഡിറ്ററായി വന്നതോടെ എന്റെ ജോലിഭാരം വളരെ ലഘൂകരിക്കപ്പെട്ടു. ഡെസ്‌കിന്റെ മുഴുവന്‍ നിയന്ത്രണവും അദ്ദേഹം വഹിച്ചതിനാല്‍ എനിക്ക് ചീഫ് എഡിറ്ററുടെ ഉത്തരവാദിത്വം മാത്രം നിറവേറ്റിയാല്‍ മതിയെന്നായി. പത്രപ്രവര്‍ത്തനത്തില്‍ മുന്‍പരിചയവും അസാമാന്യമായ കര്‍മശേഷിയും തികഞ്ഞ ആത്മാര്‍ത്ഥയുമുള്ള കുമ്മനം ഏറ്റെടുത്ത ഏതു കാര്യവും വിജയിപ്പിക്കാന്‍ പോന്ന ആളാണ്. മുമ്പ് പലരംഗങ്ങളിലും ആ കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ സേവനം ‘ജന്മഭൂമി’ക്ക് അനുഗ്രഹമായി.
നാലുവര്‍ഷത്തോളമേ എനിക്ക് ജന്മഭൂമിയില്‍ സേവനമനുഷ്ഠിക്കുവാന്‍ കഴിഞ്ഞുള്ളു. ഒരു പാര്‍ട്ടിയുടെ ജിഹ്വയായിരിക്കുമ്പോള്‍ത്തന്നെ മറ്റുള്ളവര്‍ക്കുകൂടി സ്വീകാര്യമായ ഒരു പത്രമായി ‘ജന്മഭൂമി’യെ രൂപപ്പെടുത്തുവാനാണ് ഞാന്‍ ശ്രമിച്ചത്. അത് പൂര്‍ണ്ണമായി വിജയിച്ചില്ലായിരിക്കാം. എന്നാല്‍ തീരെ പരാജയപ്പെട്ടിട്ടുമില്ല എന്നാണെന്റെ വിശ്വാസം. ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുകയും സംഘത്തെയും ബിജെപിയെയും സംബന്ധിക്കുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുമ്പോള്‍ത്തന്നെ മറ്റു വാര്‍ത്തകളും വസ്തുനിഷ്ഠമായി പ്രസിദ്ധീകരിക്കുക എന്ന പാരമ്പര്യം കൈവെടിഞ്ഞില്ല. മതേതരത്വത്തിന്റെ പേരില്‍ മറ്റു പത്രങ്ങള്‍ തമസ്‌കരിക്കുന്ന വാര്‍ത്തകള്‍ ജനങ്ങള്‍ അറിയുന്നത് ജന്മഭൂമിയിലൂടെയാണ്. അയോദ്ധ്യ, നിലയ്‌ക്കല്‍, ഗുജറാത്ത്, മാറാട് സംഭവങ്ങളെസ്സംബന്ധിച്ച യഥാര്‍ത്ഥ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതും അതുതന്നെ. ഇക്കാരണത്താല്‍ പത്രങ്ങള്‍ക്കിടയില്‍ സവിശേഷമായ ഒരു സ്ഥാനം കരസ്ഥമാക്കാന്‍ ജന്മഭൂമിക്ക് കഴിഞ്ഞു.”- (ഓര്‍മയിലെ നിലാവ്).
പ്രൊഫ. എം.പി. മന്മഥന്‍, ആദ്യ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയുടെ തുടര്‍ച്ചയായിരുന്നു; സമര്‍പ്പണത്തിലും ആശയാദര്‍ശങ്ങളിലും. പിന്നീടുവന്ന വി.എം. കൊറാത്ത് ഇരുവരുടെയും തുടര്‍ച്ചയായി. അതുകൊണ്ടുതന്നെ സാംസ്‌കാരിക സമ്പുഷ്ടമായ മാധ്യമപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച ജന്മഭൂമിക്കുണ്ടായി. രാഷ്‌ട്രീയം പ്രധാനമാണ്, പക്ഷേ, അതിനുപരി സാംസ്‌കാരിമായ ദൗത്യം പത്രത്തിനുണ്ടെന്ന അവരുടെ നിലപാടുകളായിരുന്നു പിന്നാലെ വന്നവര്‍ക്കും. അത് ഇന്നും തുടരുന്നു. അതുകൊണ്ടുതന്നെ വെറും കക്ഷി രാഷ്‌ട്രീയത്തിന്റെ പക്ഷപാതമില്ലാത്ത, വായനക്കാരുടെ പത്രമായി ജന്മഭൂമി തുടരുന്നു.
കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിലെ പരമേശ്വരന്‍ മൂസ്സതിന്റെയും കുമ്മിണിക്കുട്ടി അമ്മയുടെയും മകനായി 1926 സെപ്തംബര്‍ 15ന് കൊറാത്ത് ജനിച്ചു. 2005 ജൂണ്‍ നാലിന് 79-ാം വയസ്സില്‍ അന്തരിച്ചു.
(നാളെ: പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: