ന്യൂഡല്‍ഹി : പിഴ, ജാമ്യത്തുക എന്നിവ താങ്ങാനാകാത്ത തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പ്രത്യേക പദ്ധതി ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. തടവുകാര്‍ക്കുള്ള പിന്തുണ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി, പാവപ്പെട്ട തടവുകാര്‍ക്ക് സഹായകമാകും.
തടവുകാരില്‍ ഭൂരിഭാഗവും സാമൂഹികമായി പിന്നാക്കം നില്ക്കുന്നതും താഴ്ന്ന വിദ്യാഭ്യാസവും വരുമാന നിലവാരവുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പെട്ടവരാണ്. ബന്ധപ്പെട്ട അധികൃതരുമായി കൂടിയാലോചിച്ച് പദ്ധതിയുടെ വിശാലമായ രൂപരേഖകള്‍ തയാറാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിഴയടയ്ക്കാത്തതിനാല്‍ ജാമ്യം നേടാനോ ജയിലില്‍ നിന്ന് മോചിതരാകാനോ കഴിയാത്ത പാവപ്പെട്ട തടവുകാര്‍ക്ക് ആശ്വാസം നല്‍കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് രൂപരേഖയില്‍ പറയുന്നു.
ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ജയിലുകള്‍. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട് ജയിലുകള്‍. ജയിലുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വിവിധതരം നടപടികള്‍ സ്വീകരിക്കുകയും കാലാകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പങ്കിടുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: