ബംഗളുരു: മദ്യ ലഹരിയിൽ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാർ പിടിയിൽ. യാത്രക്കാരനെ ബംഗളൂരുവിൽ വെച്ച് സിഐഎസ്എഫിന് കൈമാറി. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം ആരംഭിച്ചു.
രാവിലെ 7.56ന് ദൽഹിയിൽ നിന്നും ബംഗളുരുവിലേക്ക് വരുകയായിരുന്ന 6E 308 വിമാനത്തിലാണ് യാത്രക്കാരൻ മദ്യപിച്ചെത്തി എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട വിമാനത്തിലെ ജീവനക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയും തുടർന്ന് യാത്രക്കാരനെ അവിടെ നിന്ന് മാറ്റുകയുമായിരുന്നു. ഇതുമൂലം വിമാനത്തിന്റെ സുരക്ഷിതമായ പ്രവർത്തനത്തിന് ഒരു പ്രശ്നവും വന്നിട്ടില്ലെന്നും യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്നും എയർലൈൻ വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചില വിമാന യാത്രക്കാരുടെ മോശം പെരുമാറ്റം വാർത്തകളിൽ നിറഞ്ഞിരുന്നു. ജനുവരിയിൽ ഗോ ഫസ്റ്റ് വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ മോശമായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. ജനുവരി അഞ്ചിന് ദൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്.
എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് ഒരാൾ മൂത്രമൊഴിച്ച സംഭവവും വാർത്തകളിൽ നിറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: