ബി. വിദ്യാസാഗര്‍
പ്രകൃതി സംരക്ഷണവും പരിസ്ഥിതി ചിന്തകളും രചനയുടെ പ്രധാന മേഖലയായി സ്വീകരിച്ച പ്രസിദ്ധ ഗ്രന്ഥകാരന്‍ സുരേഷ് മണ്ണാറശാലയുടെ ഏറ്റവും പുതിയ പുസ്തകമാണ് ‘ഉഗ്ര മൂര്‍ത്തി സങ്കല്‍പ്പങ്ങള്‍’. മനുഷ്യന്‍ മതങ്ങള്‍ക്കു രൂപം കൊടുക്കുന്നതിനു മുന്‍പുതന്നെ പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നു. അതുകൊണ്ടുതന്നെ മൂര്‍ത്തീസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ട ചരിത്രത്തിന് മതചരിത്രത്തേക്കാള്‍ പഴക്കമുണ്ട്. അത്രയേറെ ദൈര്‍ഘ്യവും ആഴവും പരപ്പുമുള്ള ചരിത്രത്തിന്റെ വേരുകളിലേക്കിറങ്ങിച്ചെന്നാണ് സുരേഷ് മണ്ണാറശാല ഉഗ്രമൂര്‍ത്തി സങ്കല്‍പ്പങ്ങളെ അവതരിപ്പിക്കുന്നത്.
മൂര്‍ത്തി സങ്കല്‍പ്പങ്ങളെക്കുറിച്ച് പൊതുവായി പറഞ്ഞുപോകുന്ന ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഏറെയുണ്ട്. എന്നാല്‍ ഉഗ്രമൂര്‍ത്തി സങ്കല്‍പ്പങ്ങള്‍ക്ക് സദൃശമായി മറ്റൊരു പുസ്തകം മലയാളത്തിലില്ല എന്ന് നിസ്സംശയം പറയാം. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്കു കൂടി പ്രയോജനം ചെയ്യുന്ന വിധത്തില്‍ ഏറെ സൂക്ഷ്മതയോടെയാണ് ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. അറിയാനുള്ള താല്‍പര്യം മനസ്സില്‍ സൂക്ഷിക്കുന്ന ആര്‍ക്കും, അത് ഭക്തനായിക്കോട്ടെ. അഭക്തനായിക്കോട്ടെ, ഈ ഗ്രന്ഥം ഒരു അപൂര്‍വ്വ നിധി തന്നെയാണ്.
ഗ്രന്ഥത്തിന്റെ സിംഹ ഭാഗവും ഉപയോഗിച്ചിരിക്കുന്നത് കേരളത്തിലെ ഹിന്ദു സമൂഹം ആരാധിച്ചു വരുന്ന ഉഗ്രമൂര്‍ത്തി സങ്കല്‍പ്പങ്ങളെ പരിചയപ്പെടുത്തുന്നതിനാണ്. കേരളത്തിന്റെ കുലദേവതയെന്നു വിശേഷിപ്പിക്കാവുന്ന ഭദ്രകാളീസങ്കല്‍പ്പത്തിലെ വൈവിധ്യങ്ങള്‍ തന്നെ വായനക്കാരനില്‍ അദ്ഭുതം ജനിപ്പിക്കും. മാടനും മറുതയും യക്ഷകിന്നര ഗന്ധര്‍വ്വാദികളുമെല്ലാം ഈ ഗ്രന്ഥത്തില്‍ പഠന വിഷയമായിട്ടുണ്ട്. കിം പുരുഷന്‍ എന്ന സങ്കല്‍പ്പം പലര്‍ക്കും കേട്ടറിവു മാത്രമായിരിക്കും. എന്നാല്‍ ഈ ഗ്രന്ഥത്തില്‍ അതെന്തെന്ന് വിശദീകരിക്കുന്നുണ്ട്. സമാനമായ ആകാംക്ഷയുണര്‍ത്തുന്ന അനവധി അറിവുകളുടെ ശേഖരമാണ് ഈ ഗ്രന്ഥം.
ആരാധനയ്‌ക്കായി സ്വീകരിച്ചിരിക്കുന്ന മൂര്‍ത്തികള്‍ക്കു പുറമേ മനുഷ്യനില്‍ ഭയം ജനിപ്പിക്കുന്ന ഭൂതപ്രേത പിശാചുക്കളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ പ്രാധാന്യത്തോടെ പറഞ്ഞുപോകുന്നുണ്ട്. കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിലെ മൂര്‍ത്തി സങ്കല്‍പ്പങ്ങള്‍ കാര്യമായി പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും ഗ്രന്ഥാരംഭത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള ഉഗ്രമൂര്‍ത്തി സങ്കല്‍പ്പങ്ങളുടെ ഒരു ലഘുചിത്രം ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുവാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിട്ടുണ്ട്.
ക്രൈസ്തവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഇന്‍ക ബസ് എന്ന പിശാചിനെക്കുറിച്ചുള്ള വിവരണം വായനക്കാരന് സമ്മാനിക്കുന്നത് പുതിയ അറിവു മാത്രമല്ല രസകരമായ അറിവു കൂടിയാണ്. ആഗോള ഉഗ്രമൂര്‍ത്തി സങ്കല്‍പ്പത്തില്‍ നിന്നും ഒരു ഉദാഹരണം മാത്രമാണിത്. ഗ്രന്ഥത്തോളം തന്നെ വിലമതിക്കുന്നതാണ് പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ളയുടെ ‘പ്രപഞ്ചമൂര്‍ത്തിഷ്ഠാനം’ എന്ന അവതാരികയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: