ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ ചേര്‍ത്തല പള്ളിപ്പുറത്ത് യാഥാര്‍ഥ്യമാക്കിയ മെഗാ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജം. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഭക്ഷ്യ-സംസ്കരണ വ്യവസായ മന്ത്രി പശുപതി കുമാര്‍ പരശും ചേര്‍ന്ന് 11ന് രാവിലെ 10.30ന് മെഗാഫുഡ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യും.
മന്ത്രി പി. രാജീവ് ചടങ്ങിന് അധ്യക്ഷത വഹിക്കും. കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഗാഫുഡ് പാര്‍ക്കിന്റെ പദ്ധതി അടങ്കല്‍ തുക 128.49 കോടി രൂപയാണ്. പദ്ധതി തുകയില്‍ 50 കോടി രൂപ കേന്ദ്ര സഹായവും 72.49 കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള വിഹിതവും ആറ് കോടി രൂപ ലോണുമാണ്. ചേര്‍ത്തല പള്ളിപ്പുറത്തെ കെഎസ്ഐഡിസിയുടെ വ്യവസായ വളര്‍ച്ച കേന്ദ്രത്തില്‍ 84.05 ഏക്കറില്‍ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാര്‍ക്ക് സ്ഥാപിച്ചത്.
പാര്‍ക്കിന്റെ ഒന്നാം ഘട്ടമായ 68 ഏക്കര്‍ പൂര്‍ണമായും ഉദ്ഘാടനത്തിന് സജ്ജമാണ്. അടിസ്ഥാന വികസന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും യൂണിറ്റുകള്‍ക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. 68 ഏക്കറില്‍ റോഡ്, വൈദ്യുതി, മഴവെള്ള നിര്‍മാര്‍ജന ഓടകള്‍, ജലവിതരണ സംവിധാനം, ചുറ്റുമതില്‍, ഗേറ്റ്, സെക്യൂരിറ്റി ക്യാബിന് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി, കോമണ്‍ ഫെസിലിറ്റി സെന്റര്‍, വെയര്‍ ഹൗസ് ഉള്‍പ്പെടെയുള്ള പ്രോസസിങ് ഫെസിലിറ്റികളുമുണ്ട്. 31 ഭക്ഷ്യ സംസ്കരണ വ്യവസായ യൂണിറ്റുകള്‍ക്കും സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതില്‍ 12 യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമാണ്.
ഈ യൂണിറ്റുകളില്‍ ഇതുവരെ 600 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. മത്സ്യ-ഭക്ഷ്യ-സംസ്ക്കരണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിര്‍മിച്ചിരിക്കുന്ന ഈ പാര്‍ക്കിലെ യൂണിറ്റുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 1000 കോടി രൂപയുടെ നിക്ഷേപവും 3000 ത്തോളം തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. 2017 ജൂണ്‍ 11നാണ് പാര്ക്കിന് തറക്കല്ലിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: