ടി. പ്രവീണ്‍
മഞ്ചേരി: നെറോക്ക എഫ്സിയെ തകര്‍ത്ത് ശ്രീനിധി ഡെക്കാന്‍ സൂപ്പര്‍ കപ്പ് യോഗ്യത സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ശ്രീനിധി വിജയം നേടിയത്. 37-ാം മിനിറ്റില്‍ ഫയ്സല്‍ ഷെയ്സ്തേ, 54-ാം മിനിറ്റില്‍ ഡേവിഡ് കാസ്റ്റഡ, 90-ാം മിനിറ്റിലും പരിക്ക് സമയത്തും റില്‍വാന്‍ ഹസ്സന് എന്നിവര്‍ ശ്രീനിധിക്കുവേണ്ടി ലക്ഷ്യം കണ്ടു. നെറോക്കയ്ക്കായി ഗോള്‍ നേടിയത് 66-ാം മിനിറ്റില്‍ താങ്വ റാഗ്വി, 79-ാം മിനിറ്റില്‍ ബെഞ്ചമിന്‍ ലുപ്ഹെങ് എന്നിവരാണ്.
ഒറ്റ വിദേശ താരത്തെയും കളത്തിലിറക്കാതെയാണ് നെറോക്ക മൈതാനത്തിറങ്ങിയത്. അതേസമയം ശ്രീനിധി ഘാന താരം അവാല്‍ മുഹമ്മദ്, കോഗോ താരം അങ്കിറാ, കൊളംബിയന്‍ താരം ഡേവിഡ് കാസ്റ്റെനേഡ അഫ്ഗാന് താരം ഫയ്സല്‍ ഷെയ്സ്തേ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു തുടക്കത്തില്‍. പതുക്കെ ശ്രീനിധി കളിയില്‍ മുന്‍തൂക്കം നേടി. 37 -ാം മിനിറ്റില്‍ അഫ്ഗാന് താരം ഫയ്സല്‍ ഷെയ്സ്തേയിലൂടെ അവര്‍ ലീഡ് നേടി. ബോക്സിലേക്ക് നീട്ടിക്കിട്ടിയ പന്ത് നല്ലൊരു ഗ്രൗണ്ട് ഷോട്ടിലൂടെ നെറോക്ക വല കുലുക്കി. തുടര്‍ന്ന് സമനില ഗോളിനായി നെറോക്ക താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യ പകുതിയില്‍ എതിര് വല കുലുക്കാന്‍ അവര്‍ക്കായില്ല. ഇതോടെ ശ്രീനിധി 1-0ന്റെ ലീഡുമായാണ് ഇടവേളയ്ക്ക് കയറിയത്.
പിന്നീട് 54-ാം മിനിറ്റില്‍ ശ്രീനിധി ലീഡ് ഉയര്‍ത്തി. അവര്‍ക്ക് ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡേവിഡ് കാസ്റ്റഡയാണ് ലീഡ് ഉയര്‍ത്തിയത്. 66-ാം മിനിറ്റില്‍ നല്ലൊരു ഒരു ലോങ്ങ് റേഞ്ചിലൂടെ താങ്ങ്വവാ നെറോക്കയ്ക്കായി ഒരു ഗോള്‍ മടക്കി. പിന്നീട് പകരക്കാരനായി ഇറങ്ങിയ ബെഞ്ചമിന്‍ 79-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ നെറോക്ക സമനില പിടിച്ചു. ഇതോടെ കളി സമനിലയിലേക്കെന്ന് തോന്നിച്ചു.
എന്നാല്‍ 90-ാം മിനിറ്റില്‍ റില്‍വാന്‍ ശ്രീനിധിയെ വീണ്ടും മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ വീണ്ടും റില്‍വാന്‍ നെറോക്ക വല കുലുക്കിയതോടെ ശ്രീനിധി 4-2ന്റെ തകര്‍പ്പന്‍ വിജയവുമായി സൂപ്പര്‍ കപ്പിലേക്ക് യോഗ്യതയും ഉറപ്പിച്ചു. പരാജയത്തോടെ നെറൊക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ശ്രീനിധി അടുത്ത റൗണ്ട് മത്സരത്തില്‍ ഐഎസ്എല്‍ ടീമായ ബെംഗളൂരുവുമായി ഏറ്റുമുട്ടും. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: