കെ.സുരേന്ദ്രന്
ബിജെപി സംസ്ഥാന അധ്യക്ഷന്‍
ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണു ബിജെപിയെന്ന് രാജ്യാന്തര യുഎസ് മാധ്യമമായ വാള് സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ ദിവസമാണ് ലേഖനമെഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 2014ലും 2019ലും തുടര്‍ച്ചയായി ഭരണം നേടിയ ബിജെപി 2024ലും വിജയം ഉറപ്പിക്കുന്നുവെന്നാണ് വാള് സ്ട്രീറ്റ് ജേണല്‍ പറയുന്നത്. ദേശീയ നവീകരണത്തിലൂന്നിയ സാമൂഹിക മുന്നേറ്റത്തിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണ് ബിജെപിയുടെ മുന്നേറ്റം. പാശ്ചാത്യ ലിബറലിസത്തിന്റെ മിക്ക ആശയങ്ങളും ബിജെപി നിരാകരിക്കുന്നെന്നും വാള് സ്ട്രീറ്റ് ജേര്‍ണല്‍ പറയുന്നു. ഇന്ന് ലോകം മുഴുവന്‍ അത്ഭുതത്തോടെ വീക്ഷിക്കുകയാണ് ബിജെപിയുടെ വളര്‍ച്ച. അധികാരം നേടുക എന്നതിനപ്പുറം രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്ര നിര്‍മ്മാണം നടത്തുകയെന്ന ഉദാത്തമായ ലക്ഷ്യം മുന്‍ നിര്‍ത്തി സ്ഥാപിതമായ പാര്‍ട്ടിയാണ് ബിജെപി. ഇന്ന് 43-ാം സ്ഥാപനദിനം ആഘോഷിക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയതും അതിന്റെ ആദര്‍ശാധിഷ്ഠിതമായ പ്രവര്‍ത്തന പാരമ്പര്യം കൊണ്ടാണ്. രാഷ്ട്രീയരംഗത്തു നിന്നും ആദര്‍ശബോധം വിസ്മരിച്ചു പോകുന്ന കാലത്തായിരുന്നു ഭാരതീയ ജനതാപാര്‍ട്ടിയുടെ ജനനം. അധികാരത്തിന്റെ ഏഴകലത്തില്‍ ഇല്ലാതിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയും ദീനദയാല്‍ജിയും തുടങ്ങിവെച്ച ജനസംഘ കാലം മുതല്‍ രാജ്യവും 18 സംസ്ഥാനങ്ങളും ഭരിക്കുന്ന ഇന്നത്തെ സാഹചര്യം വരെ ഈ ആദര്‍ശ മഹത്വം ഉയര്‍ത്തിപിടിച്ചാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്.
ആത്മനിര്ഭരമാവുന്ന ഭാരതം
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം ഭാരതത്തെ ആത്മനിര്‍ഭരതയിലേക്ക് നയിക്കുകയാണ്. മോദി സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങളും അടിസ്ഥാന വികസനരംഗത്തെ കുതിപ്പും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഇന്ത്യയെ സൂപ്പര്‍ പവറാക്കി മാറ്റിക്കഴിഞ്ഞു. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത് മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന്റെ തെളിവാണ്. ഏകാത്മ മാനവദര്‍ശനത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാരിന് വലിയ വിപ്ലവം രാജ്യത്ത് കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കുന്നത്. ഗുരുജി ഒരിക്കല്‍ ദീന്ദയാല്ജിയോട് പറഞ്ഞത് ‘ചന്ദ്രഗുപ്തനും ചാണക്യനും ശ്രീശങ്കരാചാര്യരും യുഗങ്ങളില്‍ ഒരിക്കല്‍ മാത്രമേ അവതരിക്കാറുള്ളൂ. ഈ മൂവരുടേയും മഹത്വം ഉരുകിച്ചേര്‍ന്ന അങ്ങയെ പോലുള്ള ഒരാളെ ഇനി ഞങ്ങള്‍ക്ക് എന്ന് കിട്ടും?’ എന്നാണ്. അതെ, ദീന്ദയാലിനെ പോലെയുള്ള മറ്റൊരു യുഗപുരുഷനാണ് നരേന്ദ്രമോദിയും. അദ്ദേഹം ഭാരതത്തിന്റെ രാജനീതിയാകുന്ന നൗകയെ ലക്ഷ്യ സ്ഥാനത്തേക്ക് നയിക്കുകയാണ്.
അന്ത്യോദയ പദ്ധതികളിലൂടെ പാവപ്പെട്ട ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. കൊവിഡ് കാലം മുതല്‍ 80 കോടി ജനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുന്നത്. 200 കോടി ഡോസ് കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്കിയ മോദി സര്‍ക്കാര്‍ ജല്‍ജീവന്‍ മിഷനിലൂടെ രാജ്യത്തെ എല്ലാ വീടുകളിലും സൗജന്യ കുടിവെള്ളം എത്തിക്കുകയാണ്. എല്ലാ വീടുകളിലും ടോയ്ലറ്റ് നിര്‍മ്മിച്ചു നല്‍കുമെന്ന് 2014ല്‍ പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ഒരു പ്രധാനമന്ത്രിയുടെ ജോലി ടോയ്ലറ്റ് നിര്‍മ്മിച്ചു നല്കലാണോ എന്ന് ചോദിച്ചത് കേരളത്തിലെ പ്രമുഖനായ കമ്മ്യൂണിസ്റ്റ് എംപിയായിരുന്നു. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ടോയ്ലറ്റ് എത്രത്തോളം പ്രധാനമാണെന്ന് പിന്നീട് ആ എംപിക്ക് മനസിലായി. 60 വര്‍ഷം രാജ്യം ഭരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ അഴിമതി മാത്രം നടത്തിയ കോണ്‍ഗ്രസിനും അവരുടെ കൂട്ടാളികളായ കമ്മ്യൂണിസ്റ്റുകാര്‍ക്കും 2019ലും ജനം കനത്ത ശിക്ഷ നല്കി. റെയില്‍, റോഡ്, തുറമുഖം, വിമാനത്താവളം, ആശുപത്രികള്‍ എന്നിവയിലെല്ലാം മോദി സര്‍ക്കാര്‍ സമാനതകളില്ലാത്ത മുന്നേറ്റമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്.
കേരളവും മോദി ഭരണത്തില്‍ പങ്കാളിയാവും
ത്രിപുരയിലെയും മറ്റ് വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞത് കേരളവും വരും നാളുകളില്‍ ബിജെപിയുടെ സദ്ഭരണത്തിന് കീഴിലാവുമെന്നാണ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഒരിക്കലും വൃഥാവിലാവില്ല. ഇടതുപക്ഷത്തിന്റെയും യുഡിഎഫിന്റെയും ദുര്‍ഭരണത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ അരയും തലയും മുറുക്കി പോരാടുക തന്നെ ചെയ്യും. ഇരു മുന്നണികളും മാറി മാറി ഭരിച്ച കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ശ്രീലങ്കയേയും പാക്കിസ്ഥാനെയും പോലെയുമുള്ള വലിയ തകര്‍ച്ചയും പട്ടിണിയുമാണ് നമ്മെ കാത്തിരിക്കുന്നത്. പൊതുകടം നാല് ലക്ഷം കോടിയോളം അടുത്ത സംസ്ഥാനം സാമ്പത്തികമായി തകര്‍ന്നു കഴിഞ്ഞു. വിലക്കയറ്റം കാരണം രക്ഷയില്ലാത്ത സാഹചര്യത്തിലാണ് മലയാളികളുള്ളത്. തൊട്ടടുത്ത കേന്ദ്ര ഭരണപ്രദേശമായ മാഹിയെ അപേക്ഷിച്ച് 15 രൂപ അധികമാണ് സംസ്ഥാനത്ത് ഇന്ധനവില. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വില കുതിച്ചുയരുന്നു. അപ്പോഴാണ് അധിക നികുതി വര്‍ദ്ധനയിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നത്. ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം കേരളത്തില്‍ ശക്തമാവുകയാണെങ്കിലും വോട്ട് ബാങ്ക് താത്പര്യം വെച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അവരോട് മൃദുസമീപനം പുലര്‍ത്തുകയാണ്. കോഴിക്കോട് ട്രെയിന്‍ ആക്രമണം കേരളം സുരക്ഷിതമല്ലെന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ്. മറ്റു സംസ്ഥാനങ്ങളില്‍ രക്ഷയില്ലെന്ന് മനസിലായ ഭീകരവാദികള്‍ കേരളത്തില്‍ സുരക്ഷിത താവളം തേടി എത്തുകയും ഇവിടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയാണ്. നിരോധിത ഭീകര സംഘടന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം ഇപ്പോഴും രഹസ്യമായി കേരളത്തില്‍ നടക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് കേഡര്‍മാരെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎം അവരോട് സൗഹൃദ സമീപനമാണ് പുലര്‍ത്തുന്നത്. സര്‍ക്കാരിന്റെ ബി ടീമായ പ്രതിപക്ഷം എല്ലാ അര്‍ത്ഥത്തിലും കേരളത്തില്‍ പരാജയമാണ്. അഴിമതിയുടെ കാര്യത്തില്‍ ഭരണപക്ഷവുമായി സഹകരിക്കുകയും വോട്ട് ബാങ്കിന് വേണ്ടി അവരോട് മത്സരിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നത്.
മോദിയുടെ നേതൃത്വത്തിലുള്ള ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ കേരളത്തിലും വരണമെന്നാണ് മലയാളികള്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് ക്രൈസ്ത മതപുരോഹിതന്മാര് ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് രംഗത്തു വരുന്നത്. ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന പ്രചരണമൊന്നും ഇനി ഏശില്ലെന്ന് ഉറപ്പാണ്. കപട മതേതര പാര്‍ട്ടികളുടെ തനി സ്വരൂപം കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യമായി കഴിഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന്റെ തുടക്കമാവും. എന്തായാലും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ഹാട്രിക്ക് നേടുമെന്ന് ഉറപ്പാണ്. അതില്‍ കേരളത്തിനും പങ്കാളികളാവണം എന്നതാണ് ഈ തവണത്തെ തെരഞ്ഞെടുപ്പിന്റെ വികാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: