കേരളത്തില്‍നിന്നുള്ള പത്രങ്ങളില്‍ പത്രാധിപര്‍മാരുടെ വന്‍ നിര നോക്കിയാല്‍ മനസ്സിലാകും മലയാളത്തിന്റെ മഹാശക്തി. പ്രതിഭാധനന്മാരായിരുന്നു, ആണ് എല്ലാവരും. അവരില്‍ ജന്മഭൂമിയുടെ മണ്മറഞ്ഞ, ആദ്യകാല എഡിറ്റര്‍മാരെയും ചീഫ് എഡിറ്റര്‍മാരെയും കുറിച്ച് വിവരിക്കുന്ന ഈ കുറിപ്പില്‍ അഞ്ചുപേരാണ്. അവരില്‍ കാലക്രമം നോക്കുമ്പോള്‍ രണ്ടാമതാണ് പ്രൊഫസര്‍ എം.പി. മന്മഥന് സാറിന്റെ പേര്.
1977 നവംബര്‍ 14 ന് എറണാകുളത്തുനിന്ന് ജന്മഭൂമി പുനഃപ്രസിദ്ധീകരണമാരംഭിക്കുമ്പോള്‍ മുഖ്യ പത്രാധിപരായത് പ്രൊഫ.എം.പി. മന്മഥനായിരുന്നു. കേരളത്തിന്റെ ധാര്‍മ്മിക ശബ്ദമായിരുന്നു ആ ധീരന്. ഉജ്ജ്വല പ്രസംഗകന്, മികച്ച അദ്ധ്യാപകന്, ധാര്‍മ്മികതയുടെ മൂര്‍ത്തി, അഴിമതിയോട് സന്ധിചെയ്യാത്ത വ്യക്തി, സംശുദ്ധനായ പൊതുപ്രവര്ത്തകന്, ജനാധിപത്യവാദി, മദ്യനിരോധന പ്രസ്ഥാനത്തിന്റെ തലവന്‍, അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന് കേരളത്തില്‍ നേതൃത്വം നല്കിയ ലോക്സംഘര്‍ഷ സമിതിയുടെ സംസ്ഥാനാധ്യക്ഷന്‍, കേളപ്പജിയെന്ന, കേരളഗാന്ധി കെ. കേളപ്പന്റെ ഉത്തമ അനുയായി, സര്‍വോദയ നേതാവ് എന്നിങ്ങനെ ബഹുവിധ സാമൂഹ്യാംഗീകാരമുള്ള പ്രൊഫ. എം.പി. മന്മഥന് ജന്മഭൂമിയുടെ മുഖ്യപത്രാധിപരായി. ജന്മഭൂമിക്ക് അതൊരു ധര്‍മ്മയുദ്ധത്തിന്റെ രണ്ടാം തുടക്കമായിരുന്നു.
അടിയന്തരാവസ്ഥയില്‍ ജൂലൈ രണ്ടാം തീയതിയോടുകൂടി പത്രം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായി. അത്ര രൂക്ഷമായിരുന്നു ജന്മഭൂമിയുടെ അടിയന്തരാവസ്ഥാ വിമര്‍ശനം. പത്രാധിപരെ അറസ്റ്റ് ചെയ്തു. കോഴിക്കോട്ടെ ഓഫീസ് തല്ലിത്തകര്‍ത്ത പോലീസ് ഓഫീസ് പൂട്ടി സീല്‍വെച്ചു. പിന്നീട് 1977-ലാണ് പുനഃപ്രസിദ്ധീകരിച്ചത്. എറണാകുളത്തു നിന്ന്. ആരായിരിക്കണം പത്രത്തിന്റെ മുഖ്യപത്രാധിപര്‍ എന്നതിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേര് പ്രൊഫ. എം. പി. മന്മഥന് എന്നതായിരുന്നു. ആരായിരുന്നു പ്രൊഫ. എം.പി. മന്മഥന്?
അടിയന്തിരാവസ്ഥ അവസാനിച്ച്, 19 മാസത്തിനു ശേഷം ഭാരതജനത സ്വാതന്ത്ര്യ സാഫല്യം വീണ്ടും അറിഞ്ഞ കാലം. ഏകാധിപത്യത്തിന്റെ തടവറയില്‍ കഴിഞ്ഞ വിവിധ വീക്ഷണക്കാരായ രാഷ്ട്രീയകക്ഷികള്‍ ഒരുമിച്ചു ചേര്‍ന്ന് 1977 ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടി. അങ്ങനെ രൂപംകൊണ്ട ജനതാപാര്‍ട്ടിയില്‍, അടിയന്തരാവസ്ഥയെ എതിര്‍ത്ത എല്ലാ കമ്യൂണിസ്റ്റിതര ശക്തികളെയും ഒരുമിപ്പിക്കാന്‍ ‘സമ്പൂര്‍ണക്രാന്തി’ (സമ്പൂര്‍ണ വിപ്ലവം) യുടെ വക്താവും, ഇന്ദിരാഗാന്ധി നടത്തിയ അഴിമതിക്കെതിരെയുള്ള ജനകീയ സമരത്തിനു നേതൃത്വം നല്കിയ ജനനായകന് ജയപ്രകാശ് നാരായണനു കഴിഞ്ഞു. ഉത്തരഭാരതത്തിലെമ്പാടും സംസ്ഥാനങ്ങളില്‍ നിന്നുപോലും കോണ്‍ഗ്രസ് ഭരണം പോയി.
അടിയന്തിരാവസ്ഥക്കെതിരായ ജനകീയസമരത്തിന് രൂപംകൊണ്ട ലോക്സംഘര്‍ഷ സമിതിയുടെ അദ്ധ്യക്ഷന്‍ എന്ന നിലയ്ക്ക് ആബാലവൃദ്ധം ആളുകള്‍ക്കും കേരളത്തില്‍ ആവേശകരമായ മാതൃകയായിരുന്നു പ്രൊഫ. മന്മഥന്. കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നാലുപതിറ്റാണ്ട് നിറഞ്ഞു നിന്നയാള്‍. മൂവാറ്റുപുഴയിലെ എന്‍എസ്എസ് മലയാളം പള്ളിക്കൂടത്തിന്റെ നിര്മാണത്തോടെയായിരുന്നു പൊതുസേവനത്തിന്റെ തുടക്കം. മൂവാറ്റുപുഴയിലെ ഹൈസ്കൂളില്‍, പന്തളത്തെയും, തിരുവനന്തപുരത്തെയും ചങ്ങനാശ്ശേരിയിലെയും എന്‍എസ്എസ് കോളേജുകളിലും അദ്ദേഹം മാതൃകാദ്ധ്യാപകനായി, മാര്‍ഗദര്‍ശിയും ആചാര്യനുമായി.
ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ ക്ലാസിലിരുന്ന വിദ്യാര്‍ത്ഥി ആ ഗുരുവിനെ മറക്കില്ല. മുറുകെപ്പിടിച്ച തത്ത്വങ്ങളോടുള്ള പ്രതിബദ്ധത മന്മഥന്‍സാറിനെ അതുല്യനാക്കി. പ്രവര്‍ത്തനങ്ങളില്‍ വ്യക്തിപരമായ ലാഭനഷ്ടങ്ങള്‍ കണക്കാക്കിയില്ല. പില്ക്കാലത്ത് ജന്മഭൂമിയുടെ മുഖ്യപത്രാധിപരായ പി. നാരായണന് ഇങ്ങനെ എഴുതിയിട്ടുണ്ട്: ”എന്‍എസ്എസ്സിന്റെ ജനറല്‍ സെക്രട്ടറിയെന്ന ഔന്നത്യമേറിയ പദവിയെ തന്റെ ആദര്‍ശത്തിനുവേണ്ടി പരിത്യജിക്കാന്‍ അദ്ദേഹത്തിനു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. അതുപോലെതന്നെയായിരുന്നു ഭൂദാനയജ്ഞത്തിനായി ജീവന്‍ദാനം ചെയ്യാനുള്ള ആചാര്യവിനോബാജിയുടെയും ജയപ്രകാശ് നാരായണന്റെയും ആഹ്വാനമുണ്ടായപ്പോള്‍, സുരക്ഷിതമായ വരുമാനം ഉറപ്പായിരുന്ന കോളജദ്ധ്യാപക വൃത്തിയില്‍ നിന്ന് വിട്ടുപോന്നത്. വീണ്ടുമദ്ദേഹം തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജിന്റെ പ്രിന്‍സിപ്പലായി നിയമിതനായപ്പോഴും അതേ തത്ത്വദീക്ഷയില് മുറുകിപ്പിടിച്ചതുമൂലം സ്ഥാനമൊഴിഞ്ഞു. ഒരു പ്രിന്‍സിപ്പലിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട്, നീതിപൂര്‍വമായ തന്റെ തീരുമാനത്തെ സര്‍വകലാശാല മറികടന്നതില്‍ പ്രതിഷേധിച്ചാണദ്ദേഹം രാജിവച്ചത്. ആ തത്ത്വദീക്ഷയെ അഭിനന്ദിക്കാന്‍ അദ്ദേഹത്തിന്റെ സഹാദ്ധ്യാപകരോ, മാനേജ്മെന്റോ, തയാറായില്ലെന്നു മാത്രമല്ല, അങ്ങനെ ചെയ്തത് വങ്കത്തമായി എന്നാണവര്‍ പറഞ്ഞതും.”
ജയപ്രകാശ് നാരായണന്റെ (ജെപിയുടെ) അനുയായി എന്ന നിലയില്‍, കേളപ്പജിയുടെ മരണശേഷം, കേരളത്തിലെ സര്‍വോദയ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം മന്മഥന്സാറിലെത്തി. അങ്ങനെ ജെപി നടത്തിയ പ്രക്ഷോഭങ്ങളുടെയെല്ലാം കേരളത്തിലെ ചുമതല മന്മഥന്സാറിനായി. അടിയന്തരാവസ്ഥക്കെതിരെ നടത്തിയ ആദ്യത്തെ നിയമലംഘനത്തിന്റെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. സംസ്ഥാനവ്യാപകമായ സത്യഗ്രഹമാരംഭിച്ചപ്പോള് അദ്ദേഹം ഒളിവില്‍ പോയി. ഒളിവിലും പല സംഘര്‍ഷ സമിതി യോഗങ്ങളിലും അദ്ദേഹം അദ്ധ്യക്ഷനായി. സമരത്തിന്റെ അവസാന ഘട്ടത്തില്‍ മദിരാശിയില്‍ നിന്ന് കേരളത്തിലെത്തി, അറസ്റ്റ് വരിച്ചു.
ഇക്കാലത്താണ് അദ്ദേഹം ആര്‍എസ്എസ് പ്രവര്‍ത്തകരുമായി ഏറ്റവും അടുത്ത് ഇടപഴകിയത്. സംഘത്തോട് അദ്ദേഹത്തിന് 1945 മുതല്‍ക്കെങ്കിലും മതിപ്പുള്ളതായറിയാം. മുതിര്‍ന്ന സംഘപ്രചാരകനായ പി. പരമേശ്വരന് തന്നെ സംഘത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് ചങ്ങനാശ്ശേരിയില്‍ വിദ്യാര്ത്ഥിഹോസ്റ്റലില് താമസിക്കുമ്പോള്‍ മന്മഥന് സാറില്‍ നിന്നായിരുന്നുവെന്ന് അനുസ്മരിച്ചിട്ടുള്ളതായി പി. നാരായണന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഒന്നാംനിര പ്രഭാഷകനായിരുന്നു. അസാധാരണ വാഗ്വിലാസത്തിനാല് ശ്രോതാക്കളെ മണിക്കൂറുകള്‍ ഇരുത്തി. കഥാപ്രസംഗം, മദ്യനിരോധന പ്രചാരണം, മതപ്രസംഗം, സാഹിത്യ ഭാഷണം, എന്നിങ്ങനെ ഏത് അവസരങ്ങളിലും ഉചിതമായ, ഉദാത്തമായ നര്‍മം മേമ്പൊടിയാക്കി ഹൃദ്യമായി അവതരിപ്പിക്കുമായിരുന്നു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അചഞ്ചല ശ്രദ്ധ പുലര്‍ത്തിയിരുന്ന അദ്ദേഹം എന്‍എസ്എസ്സിന്റെ മുഖപത്രമായ ‘ഗ്രാമസ്വരാജ്’ വാരിക നടത്തി. എന്‍എസ്എസ് കരയോഗങ്ങളെ ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ സങ്കല്പത്തിലേക്കുള്ള മാധ്യമമാക്കാനുള്ള ശ്രമം ഫലിക്കില്ലെന്നുവന്നതില് അദ്ദേഹം നിരാശപ്പെട്ടു.
‘ജന്മഭൂമി’യുടെ പത്രാധിപത്യം ഏറ്റെടുക്കുന്ന കാര്യത്തെപ്പറ്റി അദ്ദേഹത്തോട് ആദ്യം സൂചിപ്പിച്ചത് കെ. രാമന്‍പിള്ള ആയിരുന്നു. പിന്നീട് അന്ന് ജനസംഘം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന, ജന്മഭൂമിയുടെ ചുമതലക്കാരനായിരുന്ന പി. നാരായണന് തന്നെ കടാതിയിലെ വീട്ടില്‍ചെന്ന് കൂടുതല്‍ വിവരങ്ങള്‍ സംസാരിച്ചു. ‘ജന്മഭൂമി’ ഒരു രാഷ്ട്രീയ കക്ഷിയുടെയും മുഖപത്രമാവാന് പാടില്ല, ജെപിയുടെ ‘സമഗ്രക്രാന്തി’ എന്ന ആശയത്തിനു പ്രചാരണം നല്‍കണം എന്നീ രണ്ടു വ്യവസ്ഥകള്‍ ആണദ്ദേഹം മുന്നില്‍വച്ചത്.
പി. നാരായണന് ഓര്‍മ്മിക്കുന്നു: ”അങ്ങനെ ഏതാണ്ട് ഒന്നരവര്‍ഷക്കാലം മന്മഥന്‍സാര്‍ ‘ജന്മഭൂമി’യുടെ മുഖ്യപ്രതാധിപരായിരുന്നു. ‘ജന്മഭൂമി’യുടെ പ്രതാധിപത്യം ഏറ്റെടുക്കുന്നുവെന്നറിഞ്ഞ് പല മതേതര പുരോഗമനവാദികളും അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചു. എറണാകുളത്തെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ഡോ. കെ.എന്‍. രാജ് ആയിരുന്നു. അതിനുശേഷം ചില നിക്ഷിപ്ത താല്പര്യക്കാരുടെ പ്രേരണമൂലം, ആര്‍എസ്എസുമായി സഹകരിച്ചതിന് മുഷിഞ്ഞ് മന്മഥന്സാറിന് ഡോ. രാജ് എഴുത്തെഴുതി. അതിന് സാര്‍ അയച്ച മറുപടി ശ്രദ്ധേയമായി. ”എന്റെ തത്ത്വത്തെ മുറുകെപ്പിടിച്ചു കൊണ്ടുതന്നെയാണ് സ്ഥാനമേറ്റെടുത്തത്, പത്രം നടത്തുന്നത് ആരാണെന്നതിന് പ്രസക്തിയില്ല, ഒരു ആര്‍എസ്എസ് നേതാവും എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല,” അദ്ദേഹം വ്യക്തമാക്കി.
1977 മധ്യത്തില്‍ എറണാകുളം സന്ദര്‍ശിച്ച അന്നത്തെ ആര്‍എസ്എസ് സര് സംഘചാലക് ബാലാ സാഹേബ് ദേവറസിന് നല്കിയ സ്വീകരണയോഗത്തില്‍ അദ്ധ്യക്ഷനായതിനെ വിമര്‍ശിച്ചവര്‍ക്കും മന്മഥന്‍സാര്‍ ചുട്ട മറുപടിയാണ് നല്‍കിയത്. പത്രലോകത്തേക്ക് പിച്ചവച്ചിറങ്ങിയ ‘ജന്മഭൂമി’യെ ഒന്നരവര്‍ഷക്കാലം കൈപിടിച്ചു നടത്തിയത് മന്മഥന്സാറായിരുന്നു. 1914 മെയ് ഒന്നിനാണ് അദ്ദേഹം ജനിച്ചത്. 1994 ആഗസ്ത് 15 ന് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: