ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ പെട്രോളൊഴിച്ച് തീവയ്ക്കുകയും, പ്രാണരക്ഷാര്‍ത്ഥം തീവണ്ടിയില്‍നിന്നു ചാടിയ മൂന്നുപേര്‍ ദാരുണമായി കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്ര പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡ് രത്നഗിരിയില്‍ പിടികൂടിയത് വലിയ നേട്ടമാണ്. പ്രതിയെ ഇത്രവേഗം പിടികൂടാനായതില്‍ മഹാരാഷ്ട്ര എടിഎസും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയും രഹസ്യാന്വേഷണ ഏജന്‍സികളും അഭിനന്ദനം അര്‍ഹിക്കുന്നു. കണ്ണൂര്‍ക്കുപോവുകയായിരുന്ന തീവണ്ടിയില്‍ കോഴിക്കോടുനിന്ന് കയറിയ പ്രതി എലത്തൂര്‍ സ്റ്റേഷനില്‍ വച്ചാണ് കൈവശം കരുതിയിരുന്ന പെട്രോള്‍, യാത്രക്കാരുടെ ദേഹത്തൊഴിച്ച് തീകൊളുത്തിയത്. നാടിനെ മുഴുവന്‍ നടുക്കിയ സംഭവത്തെ തുടര്‍ന്ന് ചില യാത്രക്കാരുടെ സഹായത്തോടെ അക്രമിയെക്കുറിച്ചുള്ള രേഖാചിത്രം തയ്യാറാക്കുകയും, അയാളുടെതെന്ന് കരുതുന്ന ഒരു ബാഗും ഡയറിയുള്‍പ്പെടുന്ന സാധനസാമഗ്രികളും കണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ രക്ഷപ്പെട്ട അക്രമി സംസ്ഥാനം വിട്ടിരിക്കാമെന്നും, സ്വദേശമായ ദല്‍ഹിയിലെത്തിയിരിക്കാമെന്നുമൊക്കെ കേരളാ പോലീസ് പറയുന്നതിനിടെയാണ് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ എടിഎസിന്റെ പിടിയിലാവുന്നത്. പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനുശേഷം ഇയാളെ കേരളാ പോലീസിന് കൈമാറിയിരിക്കുകയാണ്.
പ്രതി കുറ്റം സമ്മതിച്ചതായാണ് മഹാരാഷ്ട്ര പോലീസ് അറിയിച്ചിരിക്കുന്നത്. ഇയാള്‍ ഒറ്റയ്ക്കാണോ കൃത്യം ചെയ്തത്, മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ, ഏതെങ്കിലും സംഘടന ഇയാള്‍ക്കു പിന്നിലുണ്ടോ എന്നൊക്കെയുള്ള വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ചോദ്യം ചെയ്യലില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ മഹാരാഷ്ട്ര പോലീസിന് ലഭിച്ചിട്ടുണ്ടാവാം. അന്വേഷണം നടക്കുന്നതിനാല്‍ അതൊന്നും ഇപ്പോള്‍ പുറത്തുപറയണമെന്നില്ല. അതിനാല്‍ ഇതുസംബന്ധിച്ച എന്തെങ്കിലും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതും, നിഗമനങ്ങളില്‍ എത്തിച്ചേരുന്നതും ശരിയായിരിക്കില്ല. പക്ഷേ ജനങ്ങള്‍ക്ക് സാമാന്യബുദ്ധി ഉപയോഗിച്ച് മനസ്സിലാക്കാവുന്ന ചില കാര്യങ്ങളുണ്ട്. ദല്‍ഹിയില്‍ കഴിഞ്ഞിരുന്ന ഈ അക്രമി അങ്ങനെയിരിക്കുമ്പോള്‍ ഒരു തോന്നലുണ്ടായി ഒരു ദിവസം കേരളത്തിലേക്ക് തീവണ്ടി കയറിയതായിരിക്കില്ല എന്നുറപ്പാണ്. നിറയെ യാത്രക്കാരുള്ള ഒരു ബോഗിയില്‍ പെട്രോളൊഴിച്ച് തീയിടുന്നതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് അറിയാത്തയാളായിരിക്കില്ല ഇയാള്‍. തലതിരിഞ്ഞ ഒരാള്‍ കാട്ടിക്കൂട്ടിയ അതിക്രമമാണിതെന്ന് കരുതുന്നത് ഒരുതരത്തിലും യുക്തിക്ക് നിരക്കുന്നതായിരിക്കില്ല. സംഭവത്തില്‍ മൂന്നുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ചിലര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇക്കാരണത്താല്‍ ഈ സംഭവത്തിന്റെ ഗുരുതരസ്വഭാവത്തെ ലഘൂകരിച്ച് കാണാനാവില്ല. ഓടുന്ന ട്രെയിനില്‍ പെട്രോളൊഴിച്ച് തീവച്ചാല്‍ അത് സ്വാഭാവികമായും ആളിപ്പടരും. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഉണ്ടാകാമായിരുന്ന ദുരന്തത്തെക്കുറിച്ച് ഓര്‍ക്കാന്‍പോലും ഭയം തോന്നുന്നു. ഗുജറാത്തിലെ ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസ് തടഞ്ഞിട്ട് പെട്രോളൊഴിച്ച് തീവച്ചതിനെ തുടര്‍ന്ന് നിരപരാധികള്‍ വെന്തുമരിച്ചതിന്റെ ഭീകരത ആരുടെയും മനസ്സില്‍നിന്ന് മാഞ്ഞിട്ടുണ്ടാവില്ലല്ലോ.
എലന്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് എന്ന രീതിയില്‍ സംഭവത്തെ ചുരുക്കിക്കാണുന്ന രീതി ചില കേന്ദ്രങ്ങളില്‍നിന്ന് തുടക്കം മുതലുണ്ടായി. സംഭവത്തിനു പിന്നില്‍ പ്രതിലോമ ശക്തികളാണ്, മാവോയിസ്റ്റുകളാണ് എന്നൊക്കെയുള്ള പ്രചാരണം കൊഴുപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്തത്. സംഭവത്തിനു പിന്നില്‍ ഏതെങ്കിലും തീവ്രവാദ ശക്തികളായിരിക്കും എന്ന ന്യായമായ സംശയം ഈ മാധ്യമങ്ങള്‍ ഉയര്‍ത്തിയില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവന്ന് കേരളത്തില്‍ താവളമാക്കിയ നിരവധി തീവ്രവാദികള്‍ ഇതിനു മുന്‍പ് പിടിയിലായിട്ടുള്ള പശ്ചാത്തലത്തെക്കുറിച്ച് ബോധപൂര്‍വം അജ്ഞത നടിച്ചു. മതസൗഹാര്‍ദ്ദം തകരുമെന്നതിനാല്‍ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിലായിരുന്നു പോലീസ് ശുഷ്കാന്തി കാണിച്ചത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതിനു മുന്‍പ് കേരളാ പോലീസ് അന്വേഷിച്ച പല കേസുകളും എവിടെയും എത്താതെ പോയിട്ടുണ്ടല്ലോ. കോയമ്പത്തൂര്‍ ബോംബു സ്ഫോടനക്കേസില്‍ പ്രതിയായ മദനിക്കെതിരായ കേസില്‍ നിര്‍ണായക മൊഴി ലഭിക്കുമായിരുന്ന ‘മണി’ എന്ന യുവാവ് അപ്രത്യക്ഷമായതിനു പിന്നില്‍ കേരളാ പോലീസിന്റെ മിടുക്കായിരുന്നു. മദനിക്കൊപ്പം ജയിലില്‍ കിടക്കുമ്പോള്‍ മതംമാറിയ ഈ യുവാവ് കണ്ണൂരില്‍നിന്നാണ് അപ്രത്യക്ഷനായത്. ഇതേ മദനിയെ കരുനാഗപ്പള്ളിയില്‍ വച്ച് കര്‍ണാടക പോലീസിന് വിട്ടുകൊടുക്കാതിരുന്നത് കോടിയേരിയുടെ പോലീസായിരുന്നു എന്നതും ഓര്‍ക്കാം. എലത്തൂര്‍ സംഭവത്തിലെ പ്രതിയെ മഹാരാഷ്ട്ര പോലീസ് പിടികൂടിയതിന് കേരളാ പോലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് ആര്‍ക്കും വായിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: