ന്യൂദല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് പ്രതിപക്ഷ ഐക്യം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് കാശ്മീരില്‍ നിന്നുളള കോണ്‍ഗ്രസ് മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി നേതാവുമായ ഗുലാം നബി ആസാദ്. തുല്യര്‍ തമ്മിലാണ് സഖ്യമുണ്ടാക്കുക. തുല്യത ഇല്ലാത്ത രണ്ട് കൂട്ടര് തമ്മില്‍ സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്ക് മറ്റൊരു പാര്‍ട്ടിയെ സഹായിക്കാന്‍ കഴിയുമെങ്കിലേ സഖ്യമുണ്ടാകൂ. എന്നാല്‍ ഇവിടെ സ്ഥിതി മറിച്ചാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ കോണ്‍ഗ്രസിനാകുമോ? ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ സഹായിക്കാനാകുമോ? ഇവിടങ്ങളിലൊന്നും കോണ്‍ഗ്രസിന് ശക്തിയില്ല. രാജസ്ഥാന്, മധ്യപ്രദേശ് , ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ശക്തിയില്ല. അവയ്ക്ക് കോണ്‍്ഗ്രസിന് സഹായം നല്‍കാനാകില്ല ഗുലാം നബി ആസാദ് പറഞ്ഞു.
തന്നെ പ്രതിപക്ഷ കക്ഷികളൊന്നും സമീപിച്ചിട്ടില്ലെന്നും ഗുലാം നബി ആസാദ് വെളിപ്പെടുത്തി. തന്റേത് പുതിയ പാര്‍ട്ടിയാണ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി ജമ്മുകാശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കും. സഖ്യമുണ്ടാക്കിയാല്‍ പാര്‍ട്ടി വളരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: