തിരുവനന്തപുരം : ഏലത്തൂര്‍ ട്രെയിന്‍ തീവെയ്‌പ്പ് കേസില്‍ അറസ്റ്റിലായ പ്രതി ഷഹറൂഖ് സെയ്ഫിക്ക് തീവ്വവാദ ബന്ധമുള്ളതായി നിഗമനം. മഹാരാഷ്‌ട്ര എടിഎസിന്റെ പിടിയിലായ പ്രതിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് ഇത് സംബന്ധിച്ചുള്ള സൂചന ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് ഇയാള്‍ പിടിയിലായത്.
ദല്‍ഹി ഷഹീന്‍ബാഗ് സ്വദേശിയാണ് ഇയാള്‍. ഷഹറൂഖ് ഒറ്റയ്‌ക്കാണ് ട്രെയിനിന് തീവെച്ചത്. ഇയാള്‍ക്കൊപ്പം രണ്ട് പേര്‍ കൂടി ട്രെയിനിന് തീവെച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് ഷഹറൂഖിന് ആരെങ്കിലും സഹായം നല്‍കിയിരുന്നോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. എന്തുകൊണ്ട് ആക്രമണത്തിനായി കേരളവും കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസും തെരഞ്ഞെടുത്തു എന്നത് സംബന്ധിച്ചും അന്വേഷിക്കും.
അതിനിടെ പിടിയിലായത് മകന്‍ തന്നെയെന്ന് ഷഹറൂഖിന്റെ അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് ദിവസമായി ഇയാളെ കാണാനില്ലെന്നും അവര്‍ പറഞ്ഞു. അന്വേഷണ സംഘം നടത്തിയ തെരച്ചിലില്‍ ഷഹറൂഖിന്റെ ഫോണും ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ അക്രമി ഷഹറൂഖ് സെയ്ഫിയുടെ അറസ്റ്റിലായതായി ഡിജിപി അനില്‍കാന്തും സ്ഥിരീകരിച്ചു. ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കും. ഇതിനായുള്ള നടപടികള്‍ മഹാരാഷ്‌ട്ര ഡിജിപിയുമായി ചേര്‍ന്ന് കൈക്കൊണ്ടിട്ടുണ്ട്. പ്രതിയെ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങള്‍ അക്രമിയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമെ വ്യക്തമാകൂ. വിശദമായ ചോദ്യം ചെയ്തശേഷം ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും അനില്‍കാന്ത് കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച രാത്രി ഒന്‍പതോടെയാണാ ആലപ്പുഴയില്‍നിന്നു കണ്ണൂരിലേക്കുള്ള എക്‌സിക്യുട്ടീവ് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിട്ടത്. തീപടര്‍ന്നതിനെ തുടര്‍ന്ന് ട്രെയിനില്‍നിന്നു പരിഭ്രാന്തരായി ചാടിയെന്നു കരുതുന്ന മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷഹറൂഖ് കുടുങ്ങിയത്. മഹാരാഷ്‌ട്ര രത്നഗിരിയിലെ ഒരു ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിയപ്പോഴാണ് പിടിയിലായത്. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളും തലയ്‌ക്ക് പരിക്കുമുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായത്തോടെയാണ് മഹാരാഷ്‌ട്ര എടിഎസ് ഇയാളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: