നിശ്ചയമായും ആദ്യ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയിലാണ് ആ ഓര്‍മ്മകളുടെ തുടക്കം. മലയാള പത്രപ്രവര്‍ത്തനത്തിലെ അടയാളമാണ് അദ്ദേഹം. ‘പത്രാധിപര്‍’ എന്നാല്‍ പി.വി.കെ. നെടുങ്ങാടി എന്നായിരുന്നു ഒരുകാലത്ത് കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍. കേരളത്തില്‍ സംഘപ്രവര്‍ത്തനമാരംഭിച്ച കാലത്ത് കൊച്ചിയില്‍ ‘പ്രതാപ്’ മാസിക അദ്ദേഹം നടത്തിയിരുന്നു. ‘ആര്‍എസ്എസ് എന്ത്?എന്തിന്?’ എന്ന പേരില്‍ അദ്ദേഹമെഴുതിയ ലഘുപുസ്തകമായിരിക്കും ഒരു പക്ഷേ, സംഘത്തെപ്പറ്റിയുള്ള മലയാളത്തിലെ ആദ്യ പ്രസിദ്ധീകരണം. ‘രാമസിംഹന് മുതല്‍ ശബരിമലവരെ’ എന്ന അദ്ദേഹത്തിന്റെ പുസ്തകവും ശ്രദ്ധേയമായിരുന്നു. കണ്ണൂരില്‍ നിന്ന് പ്രസിദ്ധം ചെയ്ത ‘സാരഗ്രാഹി’, ‘ദേശമിത്രം’ എന്നീ പത്രങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ‘ദേശമിത്രം’ വാരികയിലൂടെയാണ് ഉത്തരകേരളത്തിലെ നൂറുകണക്കിന് യുവസാഹിത്യകാരന്മാരുടെ ആദ്യ രചനകള്‍ പ്രസിദ്ധീകരിച്ചത്. ‘സുദര്‍ശനം’ എന്ന പേരില്‍ കണ്ണൂരില്‍ അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലിറങ്ങിയ സായാഹ്ന പത്രം പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പ്രധാന നാഴികക്കല്ലാണ്. ദേശീയതയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ നിഷ്ഠയും സായാഹ്നപത്രം നടത്തി കൈവരിച്ച തഴക്കവുമാണ് സര്‍വഥാ യോഗ്യനായ നെടുങ്ങാടിയെ ജന്മഭൂമിയുടെ ആദ്യപത്രാധിപരായി നിയോഗിക്കാന്‍ ഇടയാക്കിയത്.
അടിയന്തരാവസ്ഥയില്‍ മറ്റു പത്രങ്ങള്‍ക്ക് നല്കിയതുപോലെ, സര്‍ക്കാരിന്റെ പക്ഷത്തുനിന്ന് ഔദ്യോഗികമായ വിലക്കുകളും നിയന്ത്രണങ്ങളും സംബന്ധിച്ച ഒരു നിര്‍ദ്ദേശവും ജന്മഭൂമിക്ക് നല്‍കിയിരുന്നില്ല. സ്വാഭാവികമായും സര്‍ക്കാരുകളുടെ ഒരു ആനുകൂല്യവും നല്‍കാത്ത പത്രത്തെ വിലക്കാന്‍ അവര്‍ക്ക് മടികാണുമല്ലോ. അതുകൊണ്ടുതന്നെ സെന്‍സര്‍ഷിപ്പിനെ വകവെക്കാതെ പത്രം അടിയന്തരാവസ്ഥയെ നഖശിഖാന്തം, പല്ലും നഖവും കൊണ്ടുതന്നെ എതിര്‍ത്തു. പ്രതികാരം തീര്‍ത്തത് പത്രത്തോടും പത്രാധിപരോടുമായിരുന്നു. വയോധികനായ, കട്ടിക്കണ്ണടയില്ലെങ്കില് ഒന്നും കാണാനാവാത്ത ‘പത്രാധിപ’രെ, സഹായിയായി ഒപ്പമുണ്ടായിരുന്ന ജന്മഭൂമി മാനേജര്‍ പി. നാരായണനെ (നാരായണ്‍ജി) ഉറക്കത്തില്‍നിന്ന് ഉടുതുണി മാറ്റി മറുതുണിയുടുക്കാന് അനുവദിക്കാതെ, കണ്ണടയെടുക്കാന്‍ സമ്മതിക്കാതെ കണ്ണുകെട്ടി, പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. അടിയന്തരാവസ്ഥയുടെ ചരിത്രവും അനുഭവവും പറയുന്ന പ്രമുഖര്‍ ആരുംതന്നെ മാധ്യമപ്രവര്‍ത്തനത്തിലെ ഈ ഭീകര സംഭവം പറഞ്ഞുകാണാറില്ല. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ട ഇന്ത്യയിലെ ഏക പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയായിരുന്നു. പക്ഷേ ആ മഹാ മനുഷ്യന്റെ പോരാട്ടത്തെ അതൊന്നും തളര്‍ത്തിയിരുന്നില്ല. 1975 ലും പിന്നീട് 1978 ലും നെടുങ്ങാടി പത്രാധിപരായിരുന്നു.
പാലക്കാട് ജില്ലയിലെ നെല്ലായസ്വദേശിയായ അദ്ദേഹത്തിന്റെ മുഴുവന്‍ പേര് പുത്തന്‍ വലിയതൊടിയില്‍ കുഞ്ഞുകുട്ടന് നെടുങ്ങാടി എന്നായിരുന്നു. 1907 സപ്തംബര്‍ 29ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്ത നെല്ലായ ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛന്: വടക്കേതില്‍ രേവുണ്ണി നെടുങ്ങാടി, അമ്മ: ശിന്നക്കോവിലമ്മ; ഭാര്യ: എ.പി. ദേവകി കോല്പ്പാട്, മക്കളില്ലായിരുന്നു. ചെറുപ്പത്തില്‍ അച്ഛനും, 1952ല്‍ അമ്മയും 1978ല്‍ ഭാര്യയും മരിച്ചു. യാതനാ പൂര്‍ണമായിരുന്നു ആദ്യകാല ജീവിതം. അന്നത്തെ ബോംബെയിലും മദിരാശിയിലും ഹോട്ടല്‍ ജോലി പോലും ചെയ്താണ് ജീവിച്ചത്. പകല്‍ തൊഴിലും രാത്രി പഠനവും നടത്തി. നാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ എ.വി. വാസവന് എന്നയാള്‍ നടത്തിയിരുന്ന ‘ജനശക്തി’ പത്രത്തിന്റെ പ്രതാധിപരായിട്ടാണ് പത്രപ്രവര്‍ത്തനത്തില്‍ തുടക്കം. 1950ല്‍ കണ്ണൂരിലെ പ്രമുഖ വ്യവസായി എ.കെ. നായരുടെ ഉടമസ്ഥതയിലുള്ള ‘ദേശമിത്രം’ വാരികയുടെയുടെ പത്രാധിപരായി. കുറച്ചുകാലം ‘സാരഗ്രാഹി’ എന്ന മാസികയിലും പിന്നീട് ‘സുദര്‍ശനം’ സായാഹ്ന പ്രതത്തിന്റെയും പ്രതാധിപരായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 1975 ല്‍ ജന്മഭൂമി പത്രാധിപരായി.
സംസ്ഥാനസ്വയംഭരണം, ഇന്ത്യന്‍ ഫെഡറേഷന്, ലോകമഹാ യുദ്ധചരിത്രം, ഇന്ത്യന്‍ നാട്ടുരാജ്യങ്ങള്‍, റഷ്യയുടെ മറുവശം, മലബാര്‍ ലഹള, മാപ്പിള ലഹളയോ? വാഗ്ഭടാനന്ദന്റെ പേരില്‍ ഒരു ജാരസന്തതി, എന്നീ പുസ്തകങ്ങളും ബാബുരാജേന്ദ്ര പ്രസാദ്, സുഭാഷ് ചന്ദ്രബോസ്, മിതവാദി സി. കൃഷ്ണന് വക്കീല്‍, എ.കെ. നായര്‍ എന്നിവരുടെ ജീവചരിത്ര ഗ്രന്ഥങ്ങളും വിവിധ വിഷയങ്ങളില്‍ 80 ലേറെ ലഘുലേഖകളും പ്രസിദ്ധീകരിച്ചു. ലഘു ലേഖകള്‍ പലതും സംഘപ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ളവയായിരുന്നു. അതിലൊന്നാണ് ആര്‍എസ്എസ് എന്ത്? എന്തിന്?
1980 ല്‍ ബിജെപി രൂപീകരിച്ചപ്പോള്‍ അദ്ദേഹം രണ്ടു വര്‍ഷത്തോളം കണ്ണൂര്‍ ജില്ലാകമ്മിറ്റി അംഗമായിരുന്നു. 1993 ല്‍ കണ്ണൂരിനോട് വിട പറഞ്ഞ് ജന്മദേശമായ നെല്ലായയിലേക്ക് മടങ്ങി. അവിടെ വിശ്രമ ജീവിതം നയിക്കവെ 1996 ഫെബ്രുവരി 20 ന് ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള നെല്ലായയിലെ തറവാട്ടില്‍ 89-ാം വയസ്സില്‍ അന്തരിച്ചു.
കോണ്‍ഗ്രസിന് ബദലായി വളര്‍ന്ന കമ്യൂണിസവും വലിയൊരു കളവും വഞ്ചനയുമാണെന്ന പക്ഷക്കാരനായിരുന്നു നെടുങ്ങാടി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ചരിത്രരാഷ്ട്രീയ വ്യാഖ്യാനങ്ങളെ അടിമുടി എതിര്‍ത്തു, തുറന്നുകാട്ടി. അന്ന് അതിന് ധൈര്യവും രാഷ്ട്രീയ ചരിത്രബോധവും ഉള്ളവര്‍ കുറവായിരുന്നു. കമ്യൂണിസത്തോടുള്ള ഈ എതിര്‍പ്പ് വ്യക്തിയെന്ന നിലയിലും പത്രപ്രവര്‍ത്തകനെന്ന നിലയിലും കേരളത്തില്‍ അദ്ദേഹം തമസ്കരിക്കാന്‍ ഇടയാക്കി. പക്ഷേ, ചരിത്രത്തോടും സത്യത്തോടും മാത്രമായിരുന്നു നെടുങ്ങാടിയുടെ കടപ്പാടും ചാര്‍ച്ചയും. മാപ്പിളക്കലാപം കാര്‍ഷിക വിപ്ലവമാണെന്ന ഇഎംഎസ് വാദത്തെ ഖണ്ഡിച്ച് നെടുങ്ങാടി എഴുതിയ ‘മലബാര്‍ കലാപം: മാപ്പിളലഹളയോ സ്വാതന്ത്ര്യസമരമോ?’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എഴുതിയത് വായിച്ചാല്‍ അദ്ദേഹത്തെ മനസ്സിലാകും: ”ഒരു കാര്യം ഒന്നുകൂടി ഊന്നിപ്പറയട്ടെ. മുന്‍പറഞ്ഞ പുത്തന്‍ പ്രചാരണക്കാര്‍ക്കുള്ള ഒരു മറുപടിയും വിശദീകരണവു മെന്നതില്‍ കവിഞ്ഞ് മുസ്ലിം സമൂഹത്തിനൊ ഇസ്ലാം മതത്തിനൊ ഇതിലെ ഒരു വരിപോലും എതിരല്ല. ഇസ്ലാംമതത്തെ സംബന്ധിച്ച് സാമാന്യ പരിജ്ഞാനം നേടാന്‍ കഴിഞ്ഞിട്ടുള്ള ഒരാളാണ് ഇതെഴുന്നത്. എന്റെ ഒരു മാന്യസുഹൃത്തായ ആരോഗ്യബന്ധു പത്രാധിപര്‍ ഡോ. എം.വി. മുഹമ്മദ്, കണ്ണൂര്‍ പ്രസ്സ്ക്ലബ് പ്രസിഡന്റും പത്രപ്രവര്‍ത്തനരംഗത്ത് സുദീര്‍ഘ പാരമ്പര്യവുമുള്ള എന്‍. അബ്ദുറഹീം മുതലായവരില്‍ നിന്നും, വിവിധ ഇസ്ലാമിക പുസ്തകങ്ങള്‍ വഴിയും ആ പരിജ്ഞാനം കുറെയൊക്കെ വര്‍ദ്ധിപ്പിക്കാനും എനിക്കും സാധിച്ചിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ മുഴുവന്‍ വായിച്ചിട്ടുണ്ട്. ജമാ അത്തെ ഇസ്ലാമിയുടെയും, അഹമ്മദീയ മുസ്ലിം വിഭാഗത്തിന്റെയും സമ്മേളനങ്ങളില്‍ എന്നെ ക്ഷണിക്കുകയും ഞാന്‍ പ്രസംഗിക്കുകയുമുണ്ടായിട്ടുണ്ട്. ഈ പുസ്തകത്തില്‍ത്തന്നെ സന്ദര്‍ഭാനുസരണം ഖുര്‍ആനില്‍ നിന്നും മുഹമ്മദ് നബി (സ.അ.)യുടെ വചനങ്ങളില്‍ നിന്നും മറ്റുമുള്ള വരികള്‍ എടുത്തു ചേര്‍ത്തതു കാണാവുന്നതാണ്. അക്രമ സംഭവങ്ങളെപ്പറ്റി ഇതില്‍ പറഞ്ഞതെല്ലാം അന്ന് അക്രമങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാത്രമെ ബാധകമാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: