തിരുവനന്തപുരം: മുംബൈയില്‍ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ (എന്‍എംഎസിസി) ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായാണ് സ്പൈഡര്മാന് സിനിമ താരങ്ങളാണ് ടോം ഹോളണ്ടും സെന്‍ഡയയും ഇന്ത്യയിലെത്തിയത്. എന്നാല്‍, ഇവരുടെ ഒരു മോര്‍ഫ് ചെയ്ത ചിത്രം ഔദ്യോഗികമായി ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് കേരള ടൂറിസം വകുപ്പ്. ടോം ഹോളണ്ടും സെന്‍ഡയയും മൂന്നാറില്‍ അവധിക്കാലം ആസ്വാദിക്കുന്നെന്ന തരത്തിലാണ് ടൂറിസം വകുപ്പിന്റെ ട്വീറ്റ്. എന്നാല്‍, ഈ ചിത്രം മൂന്നാറിലെ തേയില തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ മോര്‍ഫ് ചെയ്ത് എടുത്തതാണെന്ന് തെളിഞ്ഞതോടെ ടൂറിസം വകുപ്പിന്റെ ട്വിറ്റര്‍ പേജില്‍ ട്രോള്‍ മഴയാണ്.
രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരും ചിത്രത്തെ ട്രോളി രംഗത്തെത്തി.
പോസ്റ്റിന്റെ പൂര്‍ണരൂപം-
നാണം ഇല്ലാത്തതാണ് അതിശയം!
കേരളാ ടൂറിസം പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. സ്പൈഡര്മാന് താരങ്ങളെ ഞങ്ങള്‍ മൂന്നാറില്‍ കണ്ടു എന്ന മട്ടിലാണ് ക്യാപ്ഷന്‍. സത്യത്തില്‍ ഇത് മാസങ്ങള്‍ക്ക് മുന്‍പുള്ള അവരുടെ ചിത്രമാണ്. അതാണ് രണ്ടാമത്തെ ചിത്രം. അതിനെ ഫോട്ടോഷോപ്പ് ചെയ്ത് ഇങ്ങനെ പ്രചരിപ്പിക്കാന്‍ ചില്ലറ തൊലിക്കട്ടി പോരാ. ഇരുവരും ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടെന്നതിനാല്‍ ഈ ചിത്രം കൂടുതല്‍ തെറ്റിദ്ധാരണാ ജനകമാണ്. ഏപ്രില്‍ ഫൂള്‍ ദിവസം ആണെന്നു കരുതി സര്‍ക്കാരിന്റെ ഔദ്യോഗിക പേജില്‍ നിന്ന് ഇമ്മാതിരി കോമാളിത്തം കാണിക്കാമോ? അവര്‍ മൂന്നാറില്‍ വന്നശേഷം അനുമതിയോടെ പടം ഇട്ടാല്‍ പോരേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: