ആര്‍എസ്എസിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത് അത് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനായി പ്രവര്‍ത്തിക്കുന്നു എന്നാണ്. ഹിന്ദുരാഷ്ട്രം എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ഹിന്ദുക്കള്‍ മാത്രമുള്ള ഒരു രാജ്യം എന്നാണ്. ഇവിടത്തെ ന്യൂനപക്ഷങ്ങളെ-പ്രധാനമായും മുസ്ലിങ്ങളെ- ഒഴിവാക്കി ഒരു രാജ്യം ഉണ്ടാക്കുക എന്നതാണ്. മുസ്ലിം രാജ്യങ്ങളിലേതുപോലെ ഇസ്ലാംമതം പിന്തുടരാത്തവരെ ഇസ്ലാമിലേക്ക് മതംമാറ്റുകയോ പീഡനങ്ങള്‍ക്കു വിധേയമാക്കുകയോ രാജ്യത്തുനിന്ന് ഓടിച്ചുകളയുകയോ ചെയ്യുന്നതുപോലെ ആര്‍എസ്എസും ഹിന്ദുക്കളല്ലാത്തവരെ ഇല്ലാതാക്കാന്‍ ശ്രമിക്കും എന്നതാണ് അവര്‍ ഹിന്ദുരാഷ്ട്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രത്തില്‍ മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും രക്ഷയില്ലെന്ന് അവര്‍ പറഞ്ഞുപരത്തുന്നു. എന്നാല്‍ ഇന്ത്യയെ ഒരു ഇസ്ലാമികരാജ്യമാക്കാന്‍ ശ്രമിക്കുന്ന പിഎഫ്ഐ, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുമായി ആഭിമുഖ്യം പുലര്‍ത്തുകയും തെരഞ്ഞെടുപ്പുസഖ്യം ഉണ്ടാക്കുകയും ചെയ്യുന്നവരാണ് ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രത്തെ എതിര്‍ക്കുന്നത് എന്ന കാര്യവും നാം ഓര്‍ക്കണം.
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രം അല്ല എന്നതാണ് വസ്തുത. മാത്രമല്ല ഭാരതം എന്നും ഒരു ബഹുമത രാഷ്ട്രമായിരുന്നു. ഇവിടെ വിവിധ മതങ്ങളെ ഒരേ ഈശ്വരനിലേക്കുള്ള വഴിയായി- വ്യത്യസ്ത മാര്‍ഗ്ഗങ്ങളായി-ആണ് കണ്ടിരുന്നത്. ഭാരതീയ വിശ്വാസമനുസരിച്ച് ലോകത്തിലെ എല്ലാ മതങ്ങളും-ഇന്നുള്ളവയും ഇനി ഉണ്ടാകാന്‍ പോകുന്നവയും അടക്കം-ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗങ്ങളാണ്. അതുകൊണ്ട് ഭാരതത്തില്‍ ശൈവ, വൈഷ്ണവ തുടങ്ങിയ മതങ്ങളെപ്പോലെ ഇസ്ലാമും ക്രിസ്ത്യാനിറ്റിയും നിലനില്ക്കുകതന്നെ ചെയ്യും. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ള എല്ലാ മതങ്ങളും സഹവര്‍ത്തിത്വത്തോടെ ജീവിച്ചിരുന്ന നാടാണ് ഭാരതം. പേര്‍ഷ്യയില്‍ ഉണ്ടായ സൗരാഷ്ട്രമതവും ലോകത്തുനിന്ന് ആട്ടിപ്പായിച്ച യഹൂദ മതവും അഭയം തേടിയത് ഭാരതത്തിലാണ്. ഭാരതം അവര്‍ക്കു അഭയം നല്കി. ഈ പാരമ്പര്യമുള്ള ഭാരതത്തില്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ക്ക് രക്ഷ ഉറപ്പാണ്. ഏതെങ്കിലും ഒരു മതത്തെ നശിപ്പിക്കുക എന്നത് ഹിന്ദുരീതിയല്ല. നാരായണ ഗുരുദേവന് പറഞ്ഞതുപോലെ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളെ ഇവിടെനിന്ന് അടിച്ചുപുറത്താക്കുകയല്ല മറിച്ച് അകത്താക്കുകയാണ് ഹിന്ദുവിന്റെ രീതി. ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മതങ്ങളും ഇന്നും ഭാരതത്തില്‍ ജീവിക്കുന്നു. എപ്പോഴെങ്കിലും ഏതെങ്കിലും മതത്തിന് പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ അവയ്ക്ക് അഭയം നല്കാന് ഭാരതം എന്നും സന്നദ്ധമായിരുന്നു. ഒരര്‍ത്ഥത്തില്‍ ഭാരതം മതങ്ങളുടെ ഒരു മ്യൂസിയമാണ്. ഈ വെളിച്ചത്തില്‍ വേണം ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇസ്ലാമില്ലാത്ത ഇന്ത്യ ഹിന്ദുരാഷ്ട്രമാവില്ല എന്നു പറഞ്ഞത് മനസ്സിലാക്കാന്‍.
ആര്‍എസ്എസിന്റെ ലക്ഷ്യം
ഹിന്ദുരാഷ്ട്രമല്ലെങ്കില്‍ പിന്നെ ആര്‍എസ്എസിന്റെ ലക്ഷ്യം എന്താണ്? ആദ്യമേതന്നെ ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കാം. ആര്‍എസ്എസ് സ്ഥാപകന്‍ ഡോക്ടര്‍ കേശവബലിറാം ഹെഡ്ഗേവാര്‍ പറഞ്ഞത് ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്നാണ്. അതായത് ഭാരതം ഇപ്പോള്‍തന്നെ ഹിന്ദുരാഷ്ട്രമാണ്. ഇന്നലെ അത് ഹിന്ദുരാഷ്ട്രമായിരുന്നു. നാളെ അത് ഹിന്ദുരാഷ്ട്രമാമായിത്തുടരും. ഭാരതത്തെ ആരും ഹിന്ദുരാഷ്ട്രമാക്കേണ്ടതില്ല. ഹിന്ദുരാഷ്ട്രം എന്നത് ഹിന്ദുക്കളുടെ രാഷ്ട്രം അല്ല. ഹിന്ദു എന്ന രാഷ്ട്രമാണ്. ഈ രാഷ്ട്രത്തിന്റെ പേരാണ് ഹിന്ദു. ഇക്കാര്യം കാറല്‍ മാര്‍ക്സ് അടക്കമുള്ളവര്‍ അംഗീകരിക്കുകയും ഭാരതത്തെ ഹിന്ദു എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ട്. ഹജ്ജിന് പോകുന്ന ഇന്ത്യക്കാരായ മുസ്ലിങ്ങളെ ഹിന്ദുക്കള്‍ എന്നാണ് അറബികള്‍ വിളിക്കുന്നത്. അതായത് ഹിന്ദു എന്നത് മതത്തെ അല്ല രാഷ്ട്രത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
വൈവിധ്യത്തിന് പ്രാധാന്യം
ധര്‍മ്മം എന്നത് വൈവിധ്യത്തില്‍ക്കൂടി പ്രകടമാവുന്നു. അതുകൊണ്ട് ഭാരതത്തില്‍ പല മതങ്ങള്‍, പല ഭാഷകള്‍, പല വേഷഭൂഷാദികള്‍, പല ആരാധനാ സമ്പ്രദായങ്ങള്‍ എന്നിവ നിലനില്ക്കുന്നു. ഭാരതം വൈവിധ്യത്തിന് പ്രാധാന്യം നല്കി. സത്യം ഏകമാണ്. പക്ഷെ ഓരോരുത്തരും അവരവരുടെ നിലപാടിനും കാഴ്ചപ്പാടിനും അനുസരിച്ച് അതിനെ കാണുന്നു. വസ്തു ഒന്നാണ്. എന്നാല്‍ കാണുന്ന രീതി പലതും. ഉദാഹരണത്തിന് രാമന് ദശരഥനും കൗസല്യക്കും മകനാണ്, സീതക്ക് ഭര്‍ത്താവ്, ലക്ഷ്മണന് സഹോദരനും, ഹനുമാന് ഇഷ്ടദേവനും രാവണന് ശത്രുവും വിഭീഷണന് അഭയദാതാവുമാണ്. എന്നാല്‍ ഉള്ളത് രാമന് എന്ന വ്യക്തി മാത്രമാണ്. ഇതുപോലെ ഈശ്വരന്റെ ഏത് ഗുണത്തെയാണോ ആരാധിക്കുന്നത് അതിനനുസരിച്ച് ഈശ്വരനും രൂപത്തിനും മാറ്റമുണ്ടാകും. പക്ഷെ ഈശ്വരന് ഒന്നാണ് താനും. അതുകൊണ്ടാണ് നാരായണഗുരു ‘പല മതസാരവും ഏകമാം’ എന്ന് പറഞ്ഞത്. ഈ പശ്ചാത്തലത്തില്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഭാരതത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല മനുഷ്യനെ വിലയിരുത്തുന്നത്. ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലാണ്.
ഹിന്ദുരാഷ്ട്രം ആര്‍ക്കും എതിരല്ല
എതിരാളികള്‍ പ്രചരിപ്പിക്കുന്നതുപോലെ ഹിന്ദുരാഷ്ട്രം ആര്‍ക്കും എതിരായിട്ടുള്ള ഒന്നല്ല. എല്ലാ മതവിശ്വാസങ്ങളെയും മതങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. അത് മതാധിഷ്ഠിത രാജ്യമല്ല. ഹിന്ദുരാഷ്ട്രത്തില്‍ ഭരണം രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചാണ് നടക്കുക. മതശാസനകള്‍ അനുസരിച്ചല്ല. അത് ഇസ്ലാമിക രാജ്യംപോലെയോ കമ്യൂണിസ്റ്റ് രാജ്യംപോലെയോ അല്ല. ഇസ്ലാമിക രാജ്യത്തില്‍ ഇസ്ലാമിനല്ലാതെ മറ്റൊരു മതത്തിനും സ്ഥാനമില്ല. എന്നാല്‍ ഹിന്ദുരാഷ്ട്രത്തില്‍- ഭാരതത്തില്‍- എല്ലാ മതങ്ങള്‍ക്കും സ്ഥാനമുണ്ട്. ഭാരതത്തില്‍ ഹിന്ദുക്കള്‍ മതപീഡനം നടത്തിയിട്ടില്ല.
ഇനിയും മതപീഡനം നടത്തുകയില്ല എന്നതിന്റെ ഉറപ്പാണ് ഹിന്ദുരാഷ്ട്രം. ഇസ്ലാമിനും ക്രിസ്ത്യാനിക്കും ഭാരതത്തില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നു. ഭാരതം ഹിന്ദുരാഷ്ട്രമായിരിക്കുന്നിടത്തോളം കാലം എല്ലാ മതങ്ങളും ഇവിടെ സഹവര്‍ത്തിത്വത്തോടെ ജീവിക്കും. എന്നാല്‍ എന്നെങ്കിലും ഭാരതം ഹിന്ദുരാഷ്ട്രമല്ലാതായാല്‍ മതപീഡനവും ഭീകരവാദവും വളരും. ചുരുക്കത്തില്‍ ആര്‍എസ്എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം എല്ലാ മതങ്ങള്‍ക്കും സുരക്ഷിതത്വത്തിനുള്ള ഉറപ്പാണ്. അതിനെ ന്യൂനപക്ഷങ്ങള്‍ ഭയപ്പെടുകയോ എതിര്‍ക്കുകയോ ചെയ്യേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: