ന്യൂദല്‍ഹി : കൃത്യമായ നിരീക്ഷണമില്ലെങ്കില്‍ സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറന്‍സി സൂക്ഷ്മമായ അപകട സാധ്യതകള്‍ സൃഷ്ടിച്ചേക്കാമെന്നത് തള്ളിക്കളയാനാവില്ല. അതിനാല്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ടൈംസ് നെറ്റ്വര്‍ക്കിന്റെ ഇന്ത്യ ഡിജിറ്റല്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകരിച്ച ഉദാരവത്കൃത വിദേശനാണ്യ വിനിമയ, വിതരണ പദ്ധതി (ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം) പ്രകാരം നിയമാനുസൃതമായ ചാനലുകളിലൂടെ ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി വാങ്ങുന്നത് നിയമവിരുദ്ധമല്ല. ക്രിപ്‌റ്റോയില്‍ പണം നഷ്ടപ്പെടുത്തുകയോ പണം സമ്പാദിക്കുകയോ ചെയ്യുക എന്നതെല്ലാം നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. നിങ്ങള്‍ എവിടെ, എന്തില്‍ നിക്ഷേപിക്കുന്നു എന്ന കാര്യങ്ങളില്‍ ഗവണ്മെന്റ് ഇടപെടില്ല. എന്നാല്‍ ക്രിപ്‌റ്റോയുമായി നിങ്ങള്‍ക്ക് രൂപ വിനിമയം ചെയ്യാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ പൗരന്മാരോട് വിശദീകരിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്.
റിസര്‍വ്വ് ബാങ്കിന് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ട്. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗരേഖകള്‍ പിന്തുടരാന്‍ നമുക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കേന്ദ്രീകൃത ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി- സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി) പ്രകാരമുള്ള ക്രിപ്‌റ്റോ ഇടപാടുകള്‍ നിയമാനുസൃതവും സമ്പദ്വ്യവസ്ഥയ്‌ക്ക് അപകടസാധ്യതകളൊന്നും സൃഷ്ടിക്കാതെ ഇടപാടുകള്‍ നടത്തുന്നതിനും പര്യാപ്തമായ മികച്ച മാര്‍ഗ്ഗമാണ്.
അന്താരാഷ്‌ട്ര ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഒട്ടേറെ അവസരങ്ങളുള്ള ഒരു സുപ്രധാന സാന്നിധ്യമാണ് ഇന്ത്യ. ലോകത്ത് വര്‍ദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷന്റെ പ്രവണതകളെ ചുറ്റിപ്പറ്റിയാണ് ഈ അവസരങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ രംഗത്ത് ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കുറച്ച് കാണാനാവില്ല, അദ്ദേഹം വിശദീകരിച്ചു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ഏത് മേഖലയിലും സഹകരിച്ചും ഇടപെട്ടും കൊണ്ട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരങ്ങള്‍ യുവജനങ്ങളടക്കം ഏതൊരിന്ത്യക്കാരനും ഇന്ന് ലഭ്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: