ഡോ. ടി.പി.ശങ്കരന്‍കുട്ടി നായര്‍
(കൊച്ചി പൈതൃക പഠനകേന്ദ്രത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറലാണ് ലേഖകന്‍)
1924 മാര്‍ച്ച് മുപ്പതിനായിരുന്നു വൈക്കം സത്യഗ്രഹം ആരംഭിച്ചത്. ഇപ്പോള്‍ ഒരു നൂറ്റാണ്ട് പിന്നിടുന്ന പ്രസ്തുത സമരം അവശവിഭാഗങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം വരച്ചിരിക്കുന്നു. 1923 ഡിസംബര്‍ അവസാനം കാക്കിനടയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ സമ്മേളനത്തില്‍ ഗാന്ധിജിയെക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ചില മലയാളികള്‍ ശ്രമിച്ചു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.പി. കേശവമേനോന്, ദേശാഭിമാനി ടി.കെ.മാധവന്, ചരിത്രകാരനായ സര്‍ദാര്‍ കെ.എം.പണിക്കര്‍ എന്നിവര്‍. ഇവര്‍ മൂന്നുപേരും ഡയസില്‍ കയറി ഗാന്ധിജിയെക്കണ്ട് കേരളത്തിലും വിശിഷ്യാ തിരുവിതാംകൂറിലും നടന്നുവരുന്ന അനാചാരങ്ങള്‍ വിശദീകരിച്ചുകൊടുത്തു. ഹിന്ദുക്കളുടെ അവശതകളാണവര്‍ അടിവരയിട്ട് പറഞ്ഞത്.
പല ക്ഷേത്രങ്ങളുടേയും സമീപ വഴികളിലൂടെ ക്രിസ്ത്യാനികള്‍ക്കും മുസ്ലീമിനും പോകാം. എന്നാല്‍ ഈഴവര്‍, പറയര്, പുലയര്‍, ഇത്യാദി അവശസമുദായാംഗങ്ങള്ക്ക് പോയ്ക്കൂടാ. ഉദാഹരണത്തിന് ഒരു പറയന് മതപരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യാനിയായാല്‍ വൈക്കം റോഡില്‍ സ്ഥാപിച്ചിട്ടുള്ള അന്ധകാരതോടിന് സമീപമുള്ള ചൂണ്ടുപലക കടന്ന് ക്ഷേത്ര റോഡില്‍ പ്രവേശിക്കാം. എന്നാല്‍ അവശ സമുദായങ്ങള്ക്കതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ അനാചാര ദൂരീകരണത്തിനാണവര് ഗാന്ധിജിയുടെ ഉപദേശം തേടിയത്. ഹരിപ്പാട് ക്ഷേത്രത്തിന് മുമ്പില്‍ സത്യഗ്രഹം നടത്താമെന്ന് ദേശാഭിമാനി മാധവന് പറഞ്ഞപ്പോള്‍ അഖിലേന്ത്യാ പ്രശസ്തിയുള്ള വൈക്കം ക്ഷേത്രത്തിന് മുന്നില്തന്നെയാവുന്നതാണ് നല്ലതെന്ന് ഗാന്ധിജി. അങ്ങിനെ മാര്‍ച്ച് 30ന് 1924 വൈക്കം ക്ഷേത്രത്തിന്റെ അന്ധകാരത്തോടിന് മുമ്പില്‍ സമരം തുടങ്ങാനും അതിന് നേതൃത്വം നല്കാന് ദേശാഭിമാനി ടി.കെ.മാധവനെ ചുമതല നല്കിയുമാണായോഗം അവസാനിച്ചത്.
1925 നവംബര്‍ 23ന് സമരം പിന്‍വലിക്കുമ്പോള്‍ അത് 603 ദിവസം പിന്നിട്ടിരുന്നു. ഇത്രയും ഐതിഹാസികമായൊരു സമരം കേരളത്തിലോ ദക്ഷിണേന്ത്യയില്‍ തന്നെയോ നടന്നിട്ടില്ല. മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും ഈ.വി.രാമസ്വാമിനായ്ക്കരും അകാലികളും സ്വാമി ശ്രദ്ധാനന്ദനുമൊക്കെ നേരിട്ട് ഹാജരായ വലിയൊരു സമരമായിരുന്നു വൈക്കത്താരംഭിച്ചത്. 1918-19 കാലത്തുതന്നെ ടി.കെ.മാധവന് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും നേടാനുള്ള ആവശ്യം തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയില്‍ ഉന്നയിച്ചിരുന്നു. സവര്‍ണ ക്ഷേത്രങ്ങള്‍ വര്‍ജിക്കുന്നതും മാധവന്റെ സമരമുറകളില്‍ പെട്ടിരുന്നു.
ഒരു ഹരിജന്‍, ഒരു ഈഴവന്, ഒരു സവര്‍ണനോ മുസ്ലീമോ ക്രിസ്ത്യാനിയോ അന്ധകാരത്തോട് ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സവര്‍ണനും മുസ്ലീമിനും ക്രിസ്ത്യാനിക്കും പോകാം. പറയനോ പുലയനോ ഈഴവനോ പൊയ്ക്കൂടാ. ഇതെന്ത് ന്യായമെന്നായിരുന്നു അവശസമുദായക്കാരും എസ്എന്‍ഡിപി യോഗവും ഒരുവിഭാഗം സവര്‍ണരും ചോദിച്ചിരുന്നത്? ചങ്ങനാശ്ശേരി പരമേശ്വരന് പിള്ളയുടെ നേതൃത്വത്തിലുള്ള ഹരിജന്‍ സേവക് സംഘം, മന്നത്ത് പത്മനാഭന്റെ കീഴിലുള്ള നായര്‍ സര്‍വ്വീസ് സൊസൈറ്റിയും വൈക്കം സത്യഗ്രഹത്തിന് സമ്പൂര്‍ണ്ണ പിന്തുണ നല്കി. പാലക്കാട് ശബരി ആശ്രമത്തില്‍ നിന്ന് ടി.ആര്.കൃഷ്ണസ്വാമി അയ്യങ്കാര്‍, ബാരിസ്റ്റര്‍ ജോര്‍ജ്ജോസഫ് എന്നിവരും സമരമുഖത്തെത്തി. ഹിന്ദുക്കളുടെ കാര്യം അവര്‍ തന്നെ പരിഹരിക്കട്ടേയെന്ന് പറഞ്ഞ് ജോര്ജ്ജോസഫിനെ ഗാന്ധിജി തിരിച്ച് വിളിച്ച് യങ് ഇന്ത്യയുടെ എഡിറ്ററാക്കി. സനാതന ധര്‍മ്മം പറഞ്ഞിരുന്ന ഇണ്ടന്‍ തുരുത്തി മഠത്തിലെ നമ്പൂതിരിമാര്‍ ശങ്കരാചാര്യ സ്വാമികളുടെ സനാതനധര്‍മ്മം ദുര്‍വ്യാഖ്യാനം ചെയ്ത് അവര്‍ണര്‍ ക്ഷേത്രപ്രവേശനത്തിനും ആരാധനക്കും അര്‍ഹരല്ല എന്നുകൂടി പ്രഖ്യാപിച്ചു. ആദിശങ്കരന് അങ്ങിനെ ഒരു അവര്‍ണ വിദ്വേഷിയായിരുന്നുവെന്ന് ഒരു ഗ്രന്ഥത്തിലും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇണ്ടന്‍ തുരുത്തിയുടെ വാദഗതികള്‍ ഒരു ദുര്‍വ്യാഖ്യാനം സമൂഹത്തില്‍ ഉണ്ടാക്കി. അതായത് സവര്‍ണര്‍-അവര്‍ണരുടെ ക്ഷേത്ര പ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും എതിരാണ് എന്ന്. ഈ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടിയായിരുന്നു നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശ്രമം.
ആഗസ്റ്റില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് നാടുനീങ്ങിയപ്പോള്‍ വൈക്കം സത്യഗ്രഹം നിര്‍ത്തിവക്കാന്‍ ഗാന്ധിജി ആഹ്വാനം ചെയ്തു. അധികാരികള്‍ ദു:ഖത്തിലാഴ്ന്നിരിക്കുമ്പോള് സമരമാര്‍ഗ്ഗം പാടില്ല എന്നായിരുന്നു ഗാന്ധിജിയുടെ അഭിപ്രായം. ഇതനുസരിച്ച് സമരം നിര്‍ത്താന്‍ ആലോചിച്ചപ്പോഴാണ് തലസ്ഥാനത്തേക്ക് ഒരു സവര്‍ണജാഥ സമരം നടത്തി നിര്‍ത്തിവയ്ക്കാമെന്ന് മന്നത്ത് പത്മനാഭപിള്ള പറഞ്ഞത്. അത് കോണ്‍ഗ്രസ് സെക്രട്ടറി കെ.പി.കേശവമേനോനും ടി.കെ.മാധവനും കെ.കേളപ്പനുമൊക്കെ സമ്മതിച്ച പശ്ചാത്തലത്തിലായിരുന്നു മന്നത്തിന്റെ വൈക്കത്തുനിന്നുള്ള തിരുവനന്തപുരത്തേക്കുള്ള സവര്‍ണ ജാഥ. സമരനിധിയിലേക്ക് നാരായണ ഗുരുസ്വാമി ആയിരം രൂപ സംഭാവന നല്കിയതും സമരപന്തലില്‍ താമസിച്ചതും ഒക്കെ സമരത്തെ വളരെയധികം ശക്തിപ്പെടുത്തി. പോലീസും യാഥാസ്ഥിതികരുടെ ഗുണ്ടകളും ചേര്‍ന്ന് നടത്തിയ കൊടിയ മര്‍ദനമുറ സമരത്തെ അടിച്ചമര്‍ത്തുകയല്ല ശക്തിപ്പെടുത്തുകയാണ് ചെയ്തത്. അയിത്തത്തിനെതിരായ സമരം നടത്തിയതിന്റെ പേരില്‍ ചിറ്റേടത്ത് ശങ്കുപിള്ളയെ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പോലീസ് ഇഞ്ചപോലെ ചതച്ചരച്ചു എന്ന് പറയേണ്ടിവരും.
ചിറ്റേടത്ത് ശങ്കുപിള്ള രക്തസാക്ഷി
1887 ഏപ്രില്‍ പത്തിന് പത്തനംതിട്ട മല്ലപ്പുഴശ്ശേരിയില്‍ ജനിച്ച ശങ്കുപിള്ള കോഴഞ്ചേരിയിലും മാന്നാറിലുമാണ് വിദ്യാഭ്യാസം നടത്തിയത്. ഖാദി, ഹിന്ദി, അയിത്തോച്ചാടനം എന്നീ മൂന്നു കാര്യങ്ങളില്‍ ചിറ്റേടന് കാണിച്ച ആത്മാര്‍ത്ഥതയും താല്പര്യവും പറഞ്ഞാല്‍ തീരുകയില്ല. ബാരിസ്റ്റര്‍ എ.കെ.പിള്ള തിരുവിതാംകൂര്‍ ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പദം ഒഴിഞ്ഞപ്പോള്‍ ചിറ്റേടനേയാണാപദവിയിലേക്ക് സ്റ്റേറ്റ് കോണ്‍ഗ്രസ് നിയോഗിച്ചത്.
1992ലെ ഗയ കോണ്‍ഗ്രസിലും 1923 കാക്കിനഡ കോണ്‍ഗ്രസിലും ശങ്കുപിള്ള ഒരു സാധാരണ കോണ്‍ഗ്രസ്സുകാരനായി പങ്കെടുത്തു. ചെങ്ങന്നൂരില്‍ അയിത്തോച്ചാടന പ്രസംഗം ചെയ്തതിന്റെ പേരില്‍ 1924 ഏപ്രിലില്‍ തടവിലാക്കപ്പെട്ടു ഒരു മാസത്തേക്ക്. ജാതിമത്സരം പലപ്പോഴുമദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. റീജന്റിന് (1924-31) ഇരുപതിനായിരം പേര് ഒപ്പിട്ട മെമ്മോറാണ്ടം ചങ്ങനാശ്ശേരി പരമേശ്വരന് പിള്ളയും മന്നവും ചേര്‍ന്ന് നല്കിയ 1924 നവംബര്‍ 13 ന് ശേഷവും ചിറ്റേടന്റെ ആരോഗ്യനില വഷളായി. ഡിസംബര്‍ പതിനൊന്നിനദ്ദേഹം (1924) പോലീസിന്റേയും ജാതിക്കോമരങ്ങളുടേയും മര്‍ദനംമൂലം ഇഹലോകം വിട്ടു. 603 ദിവസത്തെ വൈക്കം സത്യഗ്രഹത്തില്‍ മര്‍ദനംമൂലം കൊലചെയ്യപ്പെട്ട ഏക രക്തസാക്ഷിയായിരുന്നു ചിറ്റേടത്ത് ശങ്കുപിള്ള എന്ന അപൂര്‍വ്വ നേതാവ്. മന്നം നടത്തിയ സവര്‍ണജാഥ വൈക്കത്തുനിന്നും തുടങ്ങി തലസ്ഥാനപ്പട്ടണത്ത് എത്തുന്നതുവരെയുള്ളകാലത്ത് എത്രയെത്ര പീഡനങ്ങളാണദ്ദേഹം സഹിച്ചത് എന്നതിന് കയ്യും കണക്കുമില്ല. പല നേതാക്കളും ആഹ്വാനങ്ങള്‍ നടത്തിയെങ്കിലും രംഗത്ത് പ്രവര്‍ത്തിച്ച് മര്‍ദനം ഏറ്റുവാങ്ങിയ അസാമാന്യ ധൈര്യശാലിയായിരുന്നു ചിറ്റേടത്ത് ശങ്കുപിള്ള.
സത്യഗ്രഹികളോട് അനുഭാവം പ്രകടിപ്പിച്ച മൂവ്വാറ്റുപുഴക്കാരന് രാമന് ഇളയതിന്റെ കണ്ണില്‍ ചുണ്ണാമ്പെഴുതി. അതുമൂലം മരണംവരെ കാഴ്ചയില്ലാത്തവനായി ഇളയത്. നാരായണന് നായര്‍ എന്ന സത്യഗ്രഹിയെ മുക്കാലിയില്‍ കെട്ടി അടിച്ചു. ചോതി എന്ന സമരനേതാവിനെ സമരക്കാര്‍ തല്ലിച്ചതച്ച് കെട്ടിതൂക്കി. കായലോര യോഗങ്ങളില്‍ പ്രസ്താവനകളും വിളംബരങ്ങളും നടത്തിയ മുത്തുസ്വാമിയെ മര്‍ദിച്ചതിന് യാതൊരു കണക്കുമില്ല. മുത്തുസ്വാമി ചെണ്ടകെട്ടി നടത്തിയ വിളംബരം സഹിക്കാതെ അത് തല്ലിപ്പൊളിച്ചപ്പോള്‍ മണ്ണെണ്ണപ്പാട്ട കഴുത്തില്‍ തൂക്കി വിളംബരം കൊട്ടിയറിയിച്ചു ജനങ്ങളെ. കേരളകൗമുദി, മലയാള മനോരമ, സ്വരാജ്യ, സമദര്‍ശി, മലയാളി, മിതവാദി എന്നീ പത്രങ്ങളിലെ അക്കാലത്തെ വാര്‍ത്തകള്‍ വൈക്കം സത്യാഗ്രഹക്തെക്കുറിച്ചൊരു സമഗ്രവിവരണം നല്‍കുന്നുണ്ട്. മാത്രമല്ല സാധു എം.പി.നായര്‍ എന്ന കായംകുളത്തുകാരന് സത്യാഗ്രഹി സമരപ്പന്തലില്‍ താമസിച്ച് സമരത്തിന്റെ ദുക്സാക്ഷി വിവരണം തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അതിന്റെ പുനര്‍പ്രസിദ്ധീകരണം ഈ ലേഖകന്‍ പൈതൃകപഠനകേന്ദ്രം ഡയറക്ടര്‍ ജനറലിനായിരുന്നപ്പോള് നടത്തിയിട്ടുള്ളതും വൈക്കം സത്യഗ്രഹത്തെക്കുറിച്ചുള്ള വസ്തുതാപരമായ സ്മരണകള്‍ നിലനിര്‍ത്തും.
മന്നത്തുപത്മനാഭന്റെ നേതൃത്വത്തില്‍ നടത്തിയ സവര്‍ണജാഥ ഇല്ലായിരുന്നുവെങ്കില്‍ വൈക്കം സത്യഗ്രഹത്തിന് ഇണ്ടന്തുരുത്തിയും, നായര്‍ സര്‍വ്വീസ് സൊസൈറ്റിയും ഇതര സവര്‍ണ സംഘടനകളും എതിരായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നതിന് തല്പര കക്ഷികള്‍ തുനിയുമായിരുന്നു. അത്തരം ആരോപണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ വേണ്ടിയായിരുന്നു മന്നത്ത് പത്മനാഭന്റെ പുറപ്പാട്. അതിന് പൂര്‍ണ്ണമായ ഫലം കാണാനും സാധിച്ചു. കിഴക്കേ കവാടം ഒഴിച്ചുള്ളവ വൈക്കം സത്യഗ്രഹം അവസാനിച്ചപ്പോഴും ബാക്കി 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം ചിത്തിരതിരുനാള്‍ പ്രഖ്യാപിച്ചപ്പോഴും അവശര്‍ക്കായി നല്കപ്പെട്ടു.
ഗാന്ധിജി ക്ഷേത്രപ്രവേശനം നല്കാത്തതെന്ത് എന്ന് റീജന്റ് റാണിയോട് വര്‍ക്കല വച്ച് ആരാഞ്ഞപ്പോള്‍ അതിനുള്ള അധികാരം രാജാവിനു മാത്രമാണെന്നവര്‍ അറിയിച്ചു. ബാലനായ ചിത്തിരതിരുനാളിനോട് അതേ ചോദ്യം ഗാന്ധിജി ചോദിച്ചപ്പോള്‍ ‘നല്‍കാം’ എന്ന് ചിത്തിര പറഞ്ഞതിനാലാണ് 1931 ല്‍ അധികാരമേറ്റശേഷം ക്ഷേത്ര പ്രവേശന കമ്മിറ്റിയുണ്ടാക്കിയതും എല്ലാ ഹിന്ദുമത വിശ്വാസികള്‍ക്കും ചിത്തിരതിരുനാള്‍ ക്ഷേത്രപ്രവേശനം അനുവദിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: