അഭിജിത് ഗാണപത്യം
അയിത്തത്തെ ആട്ടിപ്പായിച്ച് ആത്മാഭിമാനത്തിന്റെ മുന്നേറ്റത്തിന് തിരികൊളുത്തിയ വൈക്കം സത്യഗ്രഹത്തിന്റെ പോരാട്ട ശോഭയിലാണ് ചെന്നിത്തല ചെറുകോല്‍ വെന്നിയില്‍ കുടുംബം. ചരിത്രത്താളുകളില്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിലും വെന്നിയില്‍ ഗോവിന്ദപ്പണിക്കര്‍ എന്ന കാഞ്ഞിക്കല്‍ ഗോവിന്ദപ്പണിക്കരുടെ ഓര്‍മകള്‍ ഇന്നും നവോത്ഥാന കേരളത്തിന് ആവേശമാണ്. ഭരണവര്‍ഗവും പരിഷ്കരണങ്ങളും പലകുറി മാറിമാറിവന്നെങ്കിലും ഇന്നും അദ്ദേഹത്തിനും ഒപ്പമുണ്ടായിരുന്ന ബാഹുമേയന്, ചാത്തന് കുഞ്ഞപ്പി എന്നിവര്‍ക്കും വേണ്ട സ്ഥാനം കൊടുക്കാന്‍ സാംസ്കാരിക കേരളത്തിന് സാധിച്ചിട്ടില്ല. വൈക്കത്ത് അസമത്വത്തിന്റെ അതിര്‍വരമ്പുകള്‍ തകര്‍ത്ത ചരിത്ര മുന്നേറ്റത്തിന്റെ ആദ്യ ചുവടുവയ്പ്പില്‍ പങ്കെടുത്ത മൂന്നുപേരാണ് ഇവര്‍. അവരില്‍ പ്രധാനിയായിരുന്നു ഗോവിന്ദപ്പണിക്കര്‍.
മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസുകളോടെ കോണ്‍ഗ്രസ് നേതാവ് ടി.കെ. മാധവന് സമര സാരത്ഥ്യം ഏറ്റെടുക്കുമ്പോള്‍ പദ്ധതികളില്‍ പ്രധാനിയായിരുന്നു ഗോവിന്ദപ്പണിക്കര്‍. കെ.പി.കേശവമേനോന്, കെ.കേളപ്പന്, ബാരിസ്റ്റര്‍ എ.കെ.പിള്ള തുടങ്ങിയവര്‍ക്കൊപ്പം പുതു ചരിത്രം രചിക്കാന്‍ നിയോഗം ലഭിച്ചതും അവിചാരിതമായിട്ടായിരുന്നു. 1924 മാര്‍ച്ച് 30നു തുടങ്ങി 1925 നവംബര്‍ 23 വരെ നീണ്ട ഐതിഹാസിക സമരത്തില്‍ ഭാഗമായതിന്റെ ആത്മസംതൃപ്തിയിലായിരുന്നു ഈ മഹാത്മാവ് നാടിനോട് വിടപറഞ്ഞത്.
ചരിത്ര നിയോഗം
1924 മാര്‍ച്ച് മുപ്പത്. വൈക്കം ബോട്ടുജെട്ടിക്കടവിലെ പടിഞ്ഞാറെ റോഡില്‍ സമരകാഹളം മുഴങ്ങിയപ്പോള്‍ അത്മാഭിമാനത്തോടെയാണ് വെന്നിയില്‍ ഗോവിന്ദപ്പണിക്കര്‍ എന്ന യുവാവ് രണ്ട് ഭടന്മാരുമായി കടന്നു ചെല്ലുന്നത്. ആദ്യമുന്നേറ്റത്തില്തന്നെ ഭാഗമായി. അയിത്തത്തിനെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങളെ സര്‍വ്വ സന്നാഹത്തോടെ നേരിടാനായിരുന്നു അധികാരി വര്‍ഗത്തിന്റെ തീരുമാനം. ഇതിനായി സര്‍വസന്നാഹങ്ങളും ഒരുങ്ങിക്കഴിഞ്ഞിരുന്നു. എന്തുതന്നെയായാലും ഉറച്ച നിലപാടുകളില്‍ മാറ്റമില്ലെന്ന തീരുമാനത്തിലായിരുന്നു സമരസമിതി. അങ്ങനെ ആദ്യ ദിനം സത്യഗ്രഹ ഭൂമിയില്‍ നിന്ന് ഗോവിന്ദപ്പണിക്കര്‍, കുഞ്ഞപ്പി, ബാഹുലേയന് എന്നീ മൂന്ന് ഭടന്മാര് കൈപിടിച്ച് നടന്നു നീങ്ങി. ആയുധ സജ്ജരായ വലിയൊരു പോലീസ് സംഘം തലേന്നു മുതല്‍ സ്ഥലത്തുണ്ടായിരുന്നു. ക്ഷേത്രത്തിനു നൂറു വാര അകലെ റോഡില്‍ ‘അയിത്തജാതിക്കാര്‍ ഇതിനപ്പുറം പ്രവേശിക്കാന്‍ പാടില്ല’ എന്ന ബോര്‍ഡിന്റെ അടുത്തെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. സവര്‍ണ്ണ വിഭാഗത്തില്‍ നിന്നുള്ള ഗോവിന്ദപ്പണിക്കരെ മാത്രമെ കടത്തിവിടൂ എന്നാണ് പോലീസ് അറിയിച്ചത്. ബാക്കി രണ്ടു പേരുമില്ലാതെ പോകില്ല എന്നു ഗോവിന്ദപ്പണിക്കര്‍ പ്രഖ്യാപിച്ചു. പോലീസ് സമീപനം മറ്റൊരു നിലയിലേക്ക് പോകുന്നുവെന്ന സൂചന വന്നതോടെ മൂവരും കരങ്ങള്‍ പരസ്പരം നെഞ്ചോട് ചേര്‍ത്തു. ആദര്‍ശാധിഷ്ഠിത സമരമുഖത്തിന് തന്നെ വഴികാട്ടിയായിരുന്നു ഈ മുന്നേറ്റം. പ്രവര്‍ത്തകര്‍ നിലപാടില്‍ ഉറച്ച് നിന്നതോടെ പോലീസ് ബലപ്രയോഗത്തിലൂടെ മൂവരെയും അറസ്റ്റ് ചെയ്തുനീക്കി. തുടര്‍ന്ന് 6 മാസം തടവ്.
വെന്നിയിലെ കനല്
രാജ്യത്തിന് ദിശാബോധം പകര്‍ന്ന ദേശീയ മുന്നേറ്റത്തിന് നാട് സാക്ഷിയായപ്പോള്‍ ഗോവിന്ദപ്പണിക്കര്‍ അടക്കമുള്ള ചെറുപ്പക്കാരില്‍ ഐക്യബോധത്തിന്റെ വീര്യം ഉദിക്കുകയായിരുന്നു. അന്ന് മഹാത്മാഗാന്ധിജിയുടെ രാഷ്ട്രസങ്കല്പമാണ് ഗോവിന്ദപ്പണിക്കര്‍ എന്ന വ്യക്തിയിലേക്ക് ആഴ്ന്നിറങ്ങിയത്. ചെറുപ്പം മുതല്‍ അതിര്‍വരമ്പുകളെ ഭേദിച്ചായിരുന്നു അദ്ദേഹം വളര്‍ന്നത്. കാലഘട്ടത്തിന്റെ അസമത്വങ്ങളോട് അന്നു മുതല്‍ പോരാടിയാണ് വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രഭൂമിവരെ അദ്ദേഹം എത്തുന്നത്. ബന്ധുക്കളും സ്നേഹിതരും അടക്കം പലകുറി പിന്മാറാന് ആവശ്യപ്പെട്ടിരുന്നെങ്കിലും തന്റെ നിലപാടുകളില്‍ കലര്‍പ്പ് ചേര്‍ക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നില്ല. പരന്ന വായനയും ദേശീയ കാഴ്ചപ്പാടും ചുവടുവെയ്പ്പുകളില്‍ കരുത്തായി. മികച്ച സംഘാടക പാടവവും പ്രസംഗ മികവും അക്കാലം തന്നെ ഏറെ ശ്രദ്ധേയമായിരുന്നു. ഉറ്റവരുടെ എതിര്‍പ്പിനെ അവഗണിച്ചു അധഃസ്ഥിതരുമായി ചങ്ങാത്തമുണ്ടാക്കി. അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റടുത്തു. ഒടുവില്‍ ഐതിഹാസിക സമരത്തില്‍ അവരെയും ഒപ്പംകൂട്ടി.
ദേശീയതയുടെ ദിശാബോധം
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ അയിത്തോച്ചാടന പ്രസ്ഥാനം പ്രധാന വഴിത്തിരിവായി. കേരളത്തിലും അതിന്റെ അലകള്‍ ഉയര്‍ന്ന കാലത്താണ് വൈക്കം പ്രധാന ചര്‍ച്ചയാകുന്നത്. കര്‍മബദ്ധരായി തീര്‍ന്ന സമരഭടന്മാരുടെ നേതൃത്വം കേരളത്തില്‍ കെ.കേളപ്പന് ഏറ്റെടുത്തു. മുന്‍നിരക്കാരായി ടി.കെ.മാധവനും കെ.പി.കേശവമേനോന്, കെ.കേളപ്പന്, ബാരിസ്റ്റര്‍ എ.കെ.പിള്ള, എന്നിവരും എത്തിയതോടെ മറ്റൊന്നും ആലോചിക്കാന്‍ ഈ ഇരുപത്തിയഞ്ചുകാരന് സാധിച്ചില്ല. പ്രതിബന്ധങ്ങള്‍ പലതുണ്ടായി. ബന്ധുക്കള്‍, സ്നേഹിതര്‍, സമുദായം. അങ്ങിനെ പലഘടകങ്ങളും ലക്ഷ്യത്തില്‍ നിന്ന് പിന്മാറാന് പലകുറി ആവശ്യപ്പെട്ടു. കൊടുമ്പിരിക്കൊണ്ട സമരമുഖം അത്രത്തോളം കലുഷിതമായിരുന്നു. എന്നാല്‍ സമത്വം പൂത്തുലയുന്ന പുതുലോകം സ്വപ്നം കണ്ടുനടന്ന ചെറുപ്പക്കാരന് അവയൊന്നും വിഘ്നങ്ങള്‍ ആയിരുന്നില്ല. ചെങ്ങന്നൂര്‍ സമരനായകനും ഡയനാമിറ്റു കേസിലെ മുഖ്യ പ്രതിയുമായിരുന്ന കെ.വി.പണിക്കരുടെ ജ്യേഷ്ഠ സഹോദരനായിരുന്നു ഗോവിന്ദപ്പണിക്കര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, ഡിസിസി അംഗം എന്നീ നിലകളില്‍ തന്റെ കര്‍മ്മ മണ്ഡലം നിറച്ചു. ചെന്നിത്തല മഹാത്മാ ഹൈസ്കൂള്‍ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ് പണിക്കര്‍. 1972 ല്‍ മരിക്കുമ്പോള്‍ 78 വയസായിരുന്നു. മാവേലിക്കര ചെറുകോല്‍ വെന്നിയില്‍ പരേതയായ ലക്ഷ്മിക്കുട്ടി അമ്മയാണ് ഭാര്യ.
ചരിത്ര നിയോഗത്തിന്റെ മൂവര്‍ സംഘം
ഗോവിന്ദപ്പണിക്കര്ക്കൊപ്പം ചരിത്ര മുന്നേറ്റത്തിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ട് പേരും മാന്നാര്‍ സ്വദേശികളായിരുന്നു. വ്യത്യസ്ത സമുദായങ്ങളില്‍ നിന്നു വന്ന ബാഹുലേയന്(ഈഴവ), ചാത്തന് കുഞ്ഞപ്പി(പുലയ)എന്നിവര്‍ ആവേശോജ്വലമായാണ് നിയോഗം ഏറ്റെടുത്തത്. മാന്നാര്‍ ഇരമത്തൂര്‍ സ്വദേശികളാണ് ഇവര്‍. മൂവരും യുവാക്കളായിരുന്നു. ഗോവിന്ദപ്പണിക്കരുമായുണ്ടായിരുന്ന ചങ്ങാത്തമായിരുന്നു ഇവരെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിച്ചത്. സേനാനികളുടെ കുട്ടത്തില്‍ മധ്യ തിരുവതാംകൂര്‍ സംഭാവന ചെയ്ത ഈ വ്യക്തിത്വങ്ങള്‍ക്ക് വേണ്ട പരിഗണന കൊടുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: